ഇറാനെ തെറ്റിദ്ധരിപ്പിക്കാൻ പറന്ന ആ ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബറുകൾ എവിടെ? ദുരൂഹത പടരുന്നു

B-2 BOMBER
B-2 BOMBER

ന്യൂയോർക്ക്: ഇറാന്റെ ആണവകേന്ദ്രങ്ങളിൽ വൻനാശം വിതച്ച ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബറുകളെ ചൊല്ലി വൻവിവാദം. ഇറാനെ തെറ്റിദ്ധരിപ്പിക്കാനായി എതിർദിശയിലേക്കു പറന്ന ബോംബറുകളിൽ ചിലത് യുഎസ് വ്യോമതാവളത്തിൽ തിരിച്ചെത്തിയില്ലെന്നാണ് റിപ്പോർട്ട്. ബി-2 ബോംബറുകൾക്ക് എന്തുപറ്റിയെന്ന് തല പുകയ്ക്കുകയാണ് യുദ്ധനിരീക്ഷകർ. 

ജൂൺ 21-ന് മിസ്സോറിയിലെ വൈറ്റ്മാൻ എയർഫോഴ്‌സ് ബേസിൽനിന്ന് യുഎസ് ബി-2 ബോംബറുകളുടെ രണ്ട് സംഘങ്ങളെയാണ് വിന്യസിച്ചത്. ഒരു വിഭാഗം പടിഞ്ഞാറ് പസഫിക്കിന് മുകളിലൂടെ പറന്നു- ഇറാനിയൻ പ്രതിരോധത്തെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്. രണ്ടാമത്തെ വിഭാഗം ബി-2ബോംബറുകൾ ടെഹ്‌റാനിലെ ഫൊർദോ അടക്കമുള്ള ഭൂഗർഭ ആണവകേന്ദ്രങ്ങളെ ആക്രമിക്കാൻ കിഴക്കോട്ട് പോയി.

ഈ സംഘം ദൗത്യം പൂർത്തിയാക്കി 37 മണിക്കൂർ നിർത്താതെ പറന്നശേഷം താവളത്തിൽ തിരിച്ചെത്തി. എന്നാൽ പസഫിക്കിലേക്ക് പറന്ന സംഘത്തെക്കുറിച്ച് അധികം വിവരങ്ങൾ ലഭ്യമല്ല. ആ സംഘത്തിലെ ഒരു വിമാനമെങ്കിലും ഹവായിയിൽ അടിയന്തരമായി ഇറങ്ങാൻ നിർബന്ധിതമായി എന്നാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഈ സ്റ്റെൽത്ത് ബോംബർ ഹൊനോലുലുവിലെ ഹിക്കം എയർഫോഴ്‌സ് ബേസുമായി റൺവേ പങ്കിടുന്ന ഡാനിയൽ കെ. ഇനോയെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയതായാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച ഒരു വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഇതാണ് ദുരൂഹത വർദ്ധിപ്പിക്കുന്നത്. എന്നാൽ, ഇതിന്റെ  വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ബി-2 ബോംബറുകൾ മുമ്പും ഹവായിയിൽ ഇറങ്ങിയിട്ടുണ്ട്. 2023 ഏപ്രിലിൽ, സമാനമായ അടിയന്തര ലാൻഡിങ് ഹിക്കാമിൽ നടന്നു. എന്നാൽ ഏറ്റവും ഗുരുതരമായ ബി-2 അപകടം സംഭവിച്ചത് 2008-ലാണ്. അന്ന് 'സ്പിരിറ്റ് ഓഫ് കാൻസസ്' ഗുവാമിലെ ആൻഡേഴ്‌സൺ എയർഫോഴ്‌സ് ബേസിൽനിന്ന് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ തകർന്നു. വിമാനം പൂർണ്ണമായും നശിച്ചു. രണ്ട് ജീവനക്കാരും സുരക്ഷിതമായി പുറത്തേക്ക് തെറിച്ചു രക്ഷപ്പെട്ടു.

ബി-2 സ്പിരിറ്റ് ബോംബറുകൾ, യുഎസ് ആണവ പ്രതിരോധ തന്ത്രത്തിലെ പ്രധാന ഭാഗമാണ്. അവയുടെ അത്യാധുനിക സ്റ്റെൽത്ത് സാങ്കേതികവിദ്യ ദൗത്യശേഷിക്കും പേരുകേട്ടതാണ്.

Content Highlights: where is Northrop B-2 Spirit , stealth bomber b2, US B-2 Bomber Goes Missing After Iran Operation?