ഓമനിച്ചു വളര്‍ത്തിയ കംഗാരു 77-കാരനെ കൊന്നു; 86 വര്‍ഷത്തിനിടെ ഇതാദ്യം

പ്രതീകാത്മക ചിത്രം |ഫോട്ടോ:AP
പ്രതീകാത്മക ചിത്രം |ഫോട്ടോ:AP

സിഡ്‌നി: ഓമനിച്ചു വളര്‍ത്തിയ കംഗാരുവിന്റെ ആക്രമണത്തെ തുടര്‍ന്ന് ഓസ്ട്രലിയയില്‍ 77-കാരന്‍ മരിച്ചു. ഓസ്‌ട്രേലിയന്‍ പോലീസാണ് ഇക്കാര്യം അറയിച്ചത്. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പെര്‍ത്തില്‍ നിന്ന് 400 കി.മീറ്റര്‍ അകലെ റെയ്മണ്ടിലെ വീട്ടില്‍ 77-കാരനെ ഗുരുതരമായ പരിക്കുകളോടെ ബന്ധുവാണ് വീണു കിടക്കുന്ന നിലയില്‍ കണ്ടത്.

തുടര്‍ന്ന് മെഡിക്കല്‍ സംഘത്തെ വിളിച്ചുവരുത്തി. എന്നാല്‍ ഇയാളുടെ അടുത്തേക്കെത്തി ചികിത്സ നല്‍കാന്‍ മെഡിക്കല്‍ സംഘത്തെ കംഗാരു അനുവദിച്ചില്ല. തുടര്‍ന്ന് തങ്ങള്‍ കംഗാരുവിനെ വെടിവെച്ച് കൊല്ലാന്‍ നിര്‍ബന്ധിതരായെന്ന്‌ പോലീസ് അറിയിച്ചു. എന്നാല്‍ 77-കാരന്‍ അപ്പോഴേക്കും മരിച്ചിരുന്നു.

ഓസ്ട്രേലിയയില്‍ ഏകദേശം 50 ദശലക്ഷം കംഗാരുക്കളുണ്ടെന്നാണ് കണക്കുകള്‍. അവയ്ക്ക് 90 കിലോഗ്രാം വരെ ഭാരവും രണ്ടു മീറ്റര്‍ വരെ ഉയരവുമാണ് പരമാവധി ഉണ്ടാകുക. മൂര്‍ച്ചയുള്ള പല്ലുകളും നഖങ്ങളും ഉള്ള ജീവിയാണെങ്കിലും  ഇവ ഇത്തരത്തില്‍ ഗുരുതരമായ രീതിയില്‍ ആക്രമിക്കുക അപൂര്‍വ്വമാണ്. 1936-ന് ശേഷം ഓസ്‌ട്രേലിയയില്‍ ഇതാദ്യമായിട്ടാണ് കംഗാരു ഒരാളെ അക്രമിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

രക്ഷാമാര്‍ഗങ്ങളില്ലാതെ ഏതെങ്കിലും തരത്തില്‍ അകപ്പെടുകയോ മറ്റു തരത്തില്‍ ദുരിതത്തിലാകുകയോ ചെയ്യുമ്പോള്‍ കംഗാരുക്കള്‍ അപകടകാരികളാകുമെന്ന് വിദഗ്ദ്ധരെ ഉദ്ധരിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ജൂലായില്‍ ക്വീന്‍സ്ലന്‍ഡില്‍ നടന്ന ഒരു പരിപാടിക്കിടെ കംഗാരുവിന്റെ അക്രമത്തില്‍ 67-കാരിയുടെ കാല് ഒടിഞ്ഞ് പരിക്കേറ്റിരുന്നു


 

Content Highlights: Australian man killed by kangaroo he kept as pet