ഹൂതിക്കളെ തുടച്ചുനീക്കുമെന്ന് അമേരിക്ക, വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

ആക്രമണത്തിന് തയ്യാറായി ടേക്ക് ഓഫ് ചെയ്യുന്ന അമേരിക്കൻ ഫെെറ്റർ ജെറ്റ്| Photo: Forbes Breaking News/ ScreenGrab
ആക്രമണത്തിന് തയ്യാറായി ടേക്ക് ഓഫ് ചെയ്യുന്ന അമേരിക്കൻ ഫെെറ്റർ ജെറ്റ്| Photo: Forbes Breaking News/ ScreenGrab

സന: യെമനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 15 ഹൂതികള്‍ കൊല്ലപ്പെട്ടു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള അസറുള്ള മീഡിയയാണ് ആക്രമണത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. 

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ ട്രംപ് ചുമതലയേറ്റതിന് ശേഷം ജനുവരിമുതല്‍ ഹൂതികള്‍ക്കെതിരേയുള്ള നടപടി ആരംഭിച്ചിരുന്നു. ഇസ്രയേലിനെതിരേ ഹൂതികള്‍ വീണ്ടും ആക്രമണം തുടങ്ങി വച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അമേരിക്ക തിരിച്ചടിക്കാന്‍ തീരുമാനിച്ചത്. 

ചെങ്കടല്‍ വഴിയുള്ള കപ്പല്‍ഗതാഗതത്തിന് ഹൂതികള്‍ ഭീഷണി സൃഷ്ടിക്കുകയാണെന്നും അവരെ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ലോകത്തിലെ ജലപാതകളിലൂടെ സഞ്ചരിക്കുന്ന അമേരിക്കന്‍ വാണിജ്യ കപ്പലുകളെ തടയാന്‍ ഒരു തീവ്രവാദ ശക്തിയ്ക്കും കഴിയില്ലെന്നും ഇറാന്‍ ഇവരെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 

ചെങ്കടലിലൂടെയുള്ള ചരക്ക് നീക്കത്തിന് ഹൂതികള്‍ കടുത്ത ഭീഷണിയാണുയര്‍ത്തുന്നത്. 2023 ഒക്ടോബര്‍ മുതല്‍ 2024 മാര്‍ച്ച് വരെ 60 കപ്പലുകളെയാണ് ഇവർ ആക്രമിച്ചത്. 

യു.എസ് നടത്തിയ വ്യോമാക്രമണത്തിന് തീര്‍ച്ചയായും മറുപടി നല്‍കുമെന്ന് അല്‍ മസിറ ചാനലിലൂടെ ഹൂതികള്‍ പ്രഖ്യാപിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും പതാകയേന്തിയ കപ്പലുകളെ ലക്ഷ്യമിടുമെന്നും ഹൂതികളുടെ നേതാവായ അബ്ദുല്‍ മാലിക് അല്‍ ഹൂതി കൂട്ടിച്ചേര്‍ത്തു. 

​ഗാസയിലേക്ക് അവശ്യവസ്തുക്കള്‍ കടത്തിവിടുന്നത് തടഞ്ഞ ഇസ്രയേലിന്റെ കപ്പലുകളെ  ആക്രമിക്കുമെന്ന് ഹൂതികള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഇസ്രയേലി കപ്പലുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി. ​ഗാസയിലേക്ക് അവശ്യവസ്തുക്കള്‍ കടത്തിവിട്ടില്ലെങ്കില്‍ സൈനികനടപടി സ്വീകരിക്കുമെന്ന് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

Content Highlights: Donald Trump orders military action against Houthi rebels in Yemen, Kills 15