തീവ്രവാദിയുടെ മേലേ ചാടിവീണ് അമൻദീപ്; അഹമ്മദിനു പിന്നാലെ ബോണ്ടി ബീച്ച് ഹീറോയായി ഇന്ത്യൻ വംശജൻ

സിഡ്‌നി: ബോണ്ടി ബീച്ചിൽ 15 പേരെ വെടിവെച്ചുകൊന്ന തീവ്രവാദികളിൽ ഒരാളെ കീഴ്‌പ്പെടുത്തി ദേശീയ ഹീറോ ആയി മാറിയ അഹമ്മദ് അൽ അഹമ്മദിനു പിന്നാലെ, മറ്റൊരു തീവ്രവാദിയെ കീഴടക്കിയ ഇന്ത്യൻ വംശജനും വാർത്തകളിൽ നിറഞ്ഞു. ന്യൂസിലാൻഡിൽ ജനിച്ച ഇന്ത്യൻ വംശജൻ അമൻദീപ് സിങ് ബോലയാണ് ആളുകൾക്കുനേരെ നിർദയം വെടിവെച്ച സാജിദ് അക്രമിനെ കീഴ്‌പ്പെടുത്താൻ പോലീസിനെ സഹായിച്ചത്.
ബോണ്ടി ബീച്ചിൽ കെബാബ് കഴിച്ചിരിക്കുമ്പോഴാണ് തീവ്രവാദികൾ വെടിവെക്കുന്ന ശബ്ദം അമൻദീപ് കേട്ടത്. ആളുകൾ പ്രാണരക്ഷാർത്ഥം ഓടുന്നതും കണ്ടു. ബീച്ചിൽനിന്നു പുറത്തു കടക്കുന്നതിനു പകരം അമൻദീപ് തീവ്രവാദികൾ വെടിവെക്കുന്ന സ്ഥലത്തേക്കാണ് പാഞ്ഞത്.
നടപ്പാലത്തിൽനിന്ന് ബീച്ചിലെ ആളുകൾക്കു നേരെ വെടിവെക്കുകയായിരുന്നു ഈ സമയത്ത് സാജിദ് അക്രം. പിന്നിലൂടെ ഓടിയെത്തിയ അമൻദീപ് ഇയാളുടെ മേലേക്കു ചാടിവീഴുകയായിരുന്നു. ഓടിയെത്തിയ പോലീസ് ഉദ്യോഗസ്ഥൻ അയാളെ വിടരുതെന്ന് അമൻദീപിനോടു പറഞ്ഞു. ഇതിനിടയിൽ സാജിദിനുനേരെ പോലീസ് വെടിയുതിർത്തിരുന്നു. തറയിൽ വീഴ്ത്തി കീഴ്‌പ്പെടുത്തുന്നതിനിടയിൽ ഇയാൾ അന്ത്യശ്വാസം വലിച്ചതായി അമൻദീപ് എസ്ബിഎസ് ന്യൂസിനോടു പറഞ്ഞു.
'ഞാൻ മസാല സോസോടെ ഒരു കബാബ് കഴിച്ചയുടനെയാണ് ഓടുന്നത്. ഓടിയതിന്റെ ക്ഷീണം കൊണ്ടും അക്രമിയെ കീഴ്‌പ്പെടുത്തിയതുകൊണ്ടും ഞാൻ അവശനായി. കുറച്ചു നേരം അവിടെത്തന്നെ കിടന്നു. അക്രമത്തിനു ശേഷം നന്നായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. അവരെ ഉടൻ തന്നെ പിടികൂടിയതിലും കൂടുതൽ ആളുകൾക്ക് മരണം സംഭവിക്കാത്തതിലും ഞാൻ സന്തോഷവാനാണ്.' അമൻദീപ് പറഞ്ഞു.
ഡിസംബർ 14-ന് ബീച്ചിൽ നടന്ന ജൂത ഉത്സവത്തിൽ ഇരച്ചുകയറിയ ഇന്ത്യൻ വംശജൻ സാജിദ് അക്രമും നവീദ് അക്രമും ആളുകൾക്കിടയിലേക്ക് വെടിവെക്കുകയായിരുന്നു. സംഭവത്തിൽ 15 പേർ കൊല്ലപ്പെട്ടു. മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ 40 പേർക്ക് പരിക്കേറ്റു. സാജിദ് പോലീസിന്റെ വെടിയേറ്റു മരിച്ചെങ്കിലും നവീദ് പോലീസിന്റെ പിടിയിലായി. ഹൈദരാബാദിൽ നിന്നുള്ള സാജിദ് അക്രം 27 വർഷം മുൻപാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. നവീദ് അക്രം ഓസ്ട്രേലിയൻ പൗരനാണ്.
Content Highlights: Amandeep Singh, of Indian origin, hailed as a hero for helping subdue a terrorist at Sydney`s Bondi Beach, following a similar act by Ahmed Al-Ahmed. Learn more about his bravery.