അലക്‌സി നവാല്‍നി ഏതുനിമിഷവും മരണത്തെ അഭിമുഖീകരിക്കാമെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷനേതാവ് അലക്‌സി നവാല്‍നിയുടെ ആരോഗ്യനില കൂടുതല്‍ മോശമായ നിലയിലാണെന്നും ഏതു നിമിഷവും ഒരു ഹൃദയസ്തംഭനത്തിലൂടെ അദ്ദേഹത്തിന്റെ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാമെന്നും ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഏറ്റവും വലിയ ആഭ്യന്തരവിമര്‍ശകനെന്ന് വിശേഷിപ്പിക്കപ്പെടുന്ന നവാല്‍നി മാര്‍ച്ച് 31 മുതല്‍ നിരാഹാരം അനുഷ്ഠിച്ച് വരികയാണ്.
ഫെബ്രുവരിയില്‍ തടവിലാക്കപ്പെട്ട നാല്‍പത്തിനാലുകാരനായ നവാല്‍നി വിദഗ്ധചികിത്സ ആവശ്യപ്പെട്ടാണ് നിരാഹാര സമരം ആരംഭിച്ചത്. നവാല്‍നിയുടെ ചികിത്സകനായ അനാസ്താഷ്യ വസില്‍യേവയും ഹൃദ്രോഗവിദഗ്ധനായ യാരോസ്ലേവ് അഷിഖിമിനും മറ്റ രണ്ട് ഡോക്ടര്‍മാരും അടങ്ങിയ സംഘം അദ്ദേഹത്തിന്റെ ചികിത്സക്കായി തങ്ങള്‍ക്ക് അടിയന്തരഅനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. ഏതു നിമിഷവും നവാല്‍നി മരണത്തെ അഭിമുഖീകരിച്ചേക്കാമെന്ന് ഡോക്ടര്‍ അഷിഖിമിന്‍ ഫെയ്‌സ്ബുക്കിലൂടെ ശനിയാഴ്ച അറിയിച്ചു.
ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വളരെ ഉയര്‍ന്ന നിലയിലാണെന്നും എത്രയും പെട്ടെന്ന് നവാല്‍നിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലായ നവാല്‍നി അതിന്റെ രൂക്ഷഫലങ്ങള്‍ അതിജീവിച്ച് അധികകാലമായിട്ടില്ലാത്തതിനാല്‍ നിരാഹാരം തുടരുന്നത് ആരോഗ്യനിലയെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നവാല്‍നിയുടെ ശരീരഭാരം കുറഞ്ഞതായി അദ്ദേഹത്തെ സന്ദര്‍ശിച്ച ശേഷം ഭാര്യ യൂലിയ അറിയിക്കുകയും ചെയ്തു.
പുടിനെതിരെ രൂക്ഷവിമര്‍ശനങ്ങളുയര്‍ത്തിയ നവാല്‍നിക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. എന്നാല്‍ അതെല്ലാം കെട്ടിച്ചമച്ചതാണെന്ന് നവാല്‍നി പ്രതികരിച്ചിരുന്നു. നവാല്‍നിയുടെ മോചനമാവശ്യപ്പെട്ട് റഷ്യയില്‍ പ്രതിഷേധസമരങ്ങള്‍ നടന്നിരുന്നു. ലോകത്തിലെ വിവിധ ഭാഗങ്ങളിലെ നിരവധി സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ നവാല്‍നിയുടെ അടിയന്തര വിദഗ്ധ ചികിത്സ ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. നവാല്‍നിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ബൃഹത്തായ ഒരു റാലിയ്ക്കുള്ള തയ്യാറെടുപ്പുകള്‍ റഷ്യയില്‍ നടന്നു വരുന്നതായാണ് റിപ്പോര്‍ട്ട്.
Content Highlights: Alexie Navalny On Hunger Strike Could Die Any Minute Warn Doctors
Content Highlights: