സിംഹങ്ങൾ നിറഞ്ഞ കാട്ടിൽ എട്ടുവയസ്സുകാരൻ കഴിഞ്ഞത് 5ദിവസം, കാട്ടുപഴങ്ങൾ കഴിച്ച് അതിജീവനം

കാണാതായ കുട്ടി, Photo: x.com/@mutsamu
കാണാതായ കുട്ടി, Photo: x.com/@mutsamu

സിംബാബ്‌വെയിലെ മഴക്കാടുകളില്‍ കാണാതായ എട്ടു വയസുകാരനെ അഞ്ചുദിവസങ്ങൾക്കുശേഷം കണ്ടെത്തി. വടക്കന്‍ സിംബാബ്‌വേയിലെ ഒരു റിസര്‍വ് വനത്തിലാണ് സംഭവം. വന്യജീവികള്‍ തിങ്ങിനിറഞ്ഞ വനത്തില്‍ പഴങ്ങള്‍ ഭക്ഷിച്ചും നദീതീരങ്ങളില്‍ നിന്ന് വെള്ളം ശേഖരിച്ചുമാണ് കുട്ടി അത്ഭുതകരമായി അതിജീവിച്ചത്.

ദി മെട്രോയുടെ റിപ്പോര്‍ട്ട് പ്രകാരം ടിനോടെന്‍ഡ പുഡു എന്ന എട്ടുവയസുകാരനെ ഡിസംബര്‍ 27 നാണ് കാണാതാകുന്നത്. വഴിതെറ്റിയലഞ്ഞാണ് വനത്തിലെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ അഞ്ചുദിവസത്തിന് ശേഷം അമ്പത് കിലോമീറ്റര്‍ ദൂരെയുള്ള മതുസദോന നാഷണല്‍ പാര്‍ക്കിലാണ് കുട്ടിയെ കണ്ടെത്തുന്നത്. 

കുട്ടിയെ കണ്ടെത്തുമ്പോൾ ശാരീരികമായി തളര്‍ന്ന നിലയിലായിരുന്നുവെന്ന് രാജ്യത്തെ എം.പിയായ മുത്സ മുറോംബെഡ്‌സി പറഞ്ഞു. കാട്ടിലെ പഴ വര്‍ഗങ്ങള്‍ ഭക്ഷിച്ചാണ് കുട്ടി അതിജീവിച്ചത്. ഭയാനകമായ സാഹചര്യത്തിലൂടെയാണ് കുട്ടി കടന്നുപോയത്.  ആനയും സിംഹവുമടക്കം വന്യജീവികളുള്ള കാട്ടില്‍ പാറയില്‍ കിടന്നുറങ്ങേണ്ടി വരികയെന്നത് ഒരു എട്ടുവയസുകാരനെ സംബന്ധിച്ച് ചിന്തിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

തിരച്ചിലില്‍ പങ്കാളികളായവര്‍ക്കെല്ലാം അദ്ദേഹം നന്ദി പറഞ്ഞു. ആഫ്രിക്കന്‍ പാര്‍ക്കിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 40-ഓളം സിംഹങ്ങളാണ് മതുസദോന പാര്‍ക്കിലുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സിംഹങ്ങളുണ്ടായിരുന്ന ഇടമാണത്. 

Content Highlights: 8 Year Old Boy Survived For 5 Days In Zimbabwes reserve forest