12 ഇന്ത്യക്കാര്‍ ജോര്‍ജിയയില്‍ മരിച്ച നിലയില്‍, മരണം വിഷവാതകം ശ്വസിച്ചെന്ന് സംശയം

തബ്‌ലിസി: ജോര്‍ജിയയില്‍ വിഷവാതകം ശ്വസിച്ച് 12 ഇന്ത്യന്‍ പൗരന്മാര്‍ മരിച്ചു. കാര്‍ബണ്‍ മോണോക്‌സൈഡ് ഉള്ളില്‍ ചെന്നാണ് എല്ലാവരും മരിച്ചിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരം. ജോര്‍ജിയയിലെ മൗണ്ടന്‍ റിസോര്‍ട്ടായ ഗുഡൗരിയിലാണ് സംഭവം. തബ്ലിസിയിലെ ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ് പ്രകാരം മരിച്ചവരെല്ലാം ഇന്ത്യന്‍ റസ്‌റ്റോറന്റിലെ ജീവനക്കാരാണ്.
അതേസമയം, മരിച്ച 12 പേരില്‍ ഒരാള്‍ ജോര്‍ജിയന്‍ പൗരനാണെന്ന് ജോര്‍ജിയന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. റസ്റ്റോറന്റിലെ രണ്ടാംനിലയിലുള്ള കിടപ്പുമുറികളിലാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന ജനറേറ്ററില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ചതാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
എന്നിരുന്നാലും കൊലപാതകം ആണോ എന്നതടക്കം അന്വേഷണ പരിധിയില്‍ ഉണ്ടെന്ന് ജോര്‍ജിയ പോലീസ് പറഞ്ഞു. മൃതശരീരങ്ങളില്‍ മുറിപ്പാടുകളോ ബലപ്രയോഗം നടന്നതിന്റെ പാടുകളോ ഇല്ലെന്നും ജോര്‍ജിയ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
Content Highlights: 12 indians died found dead at georgia