ഭരണത്തിന്റെ കടിഞ്ഞാണിന് മലയാളി കരുത്ത്; ലഖ്‌നൗവിൻ്റെ സ്വന്തം കളക്ടർ വിശാഖ് ജി. അയ്യർ

ലഖ്നൗ: വാക്കുകളിൽ എളിമ. ഭരണനിർവഹണത്തിൽ നിശ്ചയദാർഢ്യവും കരുത്തും. ഏവർക്കും പ്രിയപ്പെട്ട ഉദ്യോഗസ്ഥൻ, അല്ലെങ്കിൽ ഭരണാധികാരി.. ഇതൊക്കെച്ചേർന്നാൽ വിശാഖ് ജി. അയ്യരായി. ഉത്തർപ്രദേശിന്റെ തലസ്ഥാന ജില്ല ലഖ്‌നൗവിന്റെ ഭരണം നിയന്ത്രിക്കുന്നത് തൊടുപുഴക്കാരൻ വിശാഖ് ജി. അയ്യർ എന്ന കളക്ടറാണ്. ഭരണമിടുക്കിൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സാധാരണക്കാരുടെയും വിശ്വസ്തനും പ്രിയപ്പെട്ടവനുമായിമാറിയിരിക്കുന്നു ഈ മലയാളി.
'നവാബുകളുടെ നഗരം' എന്നറിയപ്പെടുന്ന ലഖ്നൗ ചരിത്രപ്രാധാന്യവും സമ്പന്നമായ ഉർദു-അവാധ് സംസ്‌കാരവും ചേർന്ന നഗരമാണ്. ഇവിടുത്തെ വികസനക്കുതിപ്പിന്റെ ഓരോചുവടിലും ഇപ്പോൾ വിശാഖിന്റെ വൈഗദഗ്ധ്യമുണ്ട്. അമ്പതുലക്ഷത്തിലേറെ ജനസംഖ്യയുള്ള ജില്ലയിൽ സർക്കാരിന്റെ പരാതിപരിഹാര സംവിധാനച്ചുമതലയിലും വിശാഖിന്റെ പ്രത്യേക ശ്രദ്ധയുണ്ട്. അതുകൊണ്ടുതന്നെയാണ് എല്ലാവിഭാഗം ജനങ്ങളുടേയും പ്രിയപ്പെട്ട കളക്ടറും ജില്ലാ മജിസ്‌ട്രേറ്റുമായി ഈ ഉദ്യോഗസ്ഥൻ മാറിയത്. സുതാര്യവും പരാതിപരിഹാര കേന്ദ്രീകൃതവുമായ പ്രവർത്തനശൈലിയാണ് ഈ മുപ്പത്തിയെട്ടുകാരനെ ജനപ്രിയനാക്കിയത്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായശേഷം ഗുണ്ടാ ആക്ടും ഗ്യാങ്‌സേറ്റേഴ്‌സ് ആക്ടും നടപ്പാക്കുന്നതിന്റെ അന്തിമാധികാരം കലക്ടർമാർക്കാണ്. ഇതോടെ വികസനത്തിന്റെയും ക്രമസമാധാനത്തിന്റെയും നിർവഹണചുമതലയുള്ള വിശാഖ് ഉത്തർപ്രദേശിന്റെ തലസ്ഥാനത്ത് കരുത്തനാണ്.
ഐ.പി.എസിൽനിന്ന് ഐ.എ.എസിലേക്ക്
2010-ൽ ഐ.പി.എസ്-തമിഴ്‌നാട് കേഡറിൽ. അടുത്തവർഷം ഐ.എ.എസ്, യു.പി. കേഡറിൽ നിയമനം. മലയാളമാണ് ഐച്ഛികവിഷയമാക്കിയത്. തൊടുപുഴയിലെ സർക്കാർ സ്‌കൂളിൽ പഠിച്ച് തൊടുപുഴ എൻജിനിയറിങ് കോളേജിൽനിന്ന് ഇലക്ട്രോണിക്‌സിൽ ബി.ടെക്കിനുശേഷം ഒക്‌സ്ഫഡിൽനിന്ന് പബ്ലിക് പോളിസിയിൽ മാസ്‌റ്റേഴ്‌സ് ബിരുദവും നേടി. കാൺപൂർ നഗർ, അലിഗഡ്, ചിത്രകൂട്, ഭദോഹി തുടങ്ങിയ ജില്ലകളിൽ കളക്ടറും 2022 മുതൽ മൂന്നുവർഷം മുഖ്യമന്ത്രിയുടെ പ്രത്യേക സെക്രട്ടറിയുമായി. സിവിൽ ഏവിയേഷൻ ഡയറക്ടറായും പ്രവർത്തിച്ചു. 2025 ജനുവരി മുതൽ ലഖ്നൗ ജില്ലാ മജിസ്ട്രേറ്റും കളക്ടറും.
മലയാളം കൈവിടാതെ
മാതൃഭാഷയെപ്പോലെ വിശാഖ് ഹിന്ദി സംസാരിക്കുന്നു. എന്നാൽ, മലയാളത്തെ ഒട്ടും കൈവിട്ടതുമില്ല. മലയാളികളായ സിവിൽ സർവീസ് ഉദ്യോഗസ്ഥരിൽ നല്ലൊരുഭാഗവും കേരളത്തിൽ മാതൃഭാഷയിൽ സംസാരിക്കാൻ വിമുഖത കാട്ടുന്നുണ്ട്. പക്ഷേ, വിശാഖ് മറുനാട്ടിലെത്തിയിട്ടും മാതൃഭാഷയെ ചേർത്തുനിർത്തുന്നു. 'ഉത്തർപ്രദേശിലെത്തി ഒന്നരവർഷംകൊണ്ട് ഹിന്ദി വശത്താക്കി. ഇപ്പോൾ ഒരുപ്രയാസവുമില്ല', കേരളത്തിൽനിന്നെത്തിയ മാധ്യമപ്രവർത്തകരോട് വിശാഖ് പറഞ്ഞു. ഡൽഹി സ്വദേശിയും 2013 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയുമായ അപൂർവ ദുബെയാണ് വിശാഖിന്റെ ഭാര്യ. അപൂർവ ഇപ്പോൾ കേന്ദ്ര ഡെപ്യൂട്ടേഷനിൽ ജലവിഭവ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയാണ്. ഭാര്യയേയും വിശാഖ് മലയാളം പഠിപ്പിച്ചു. വീട്ടിലെ സംസാരമൊക്കെ കഴിവതും മലയാളത്തിൽ. ഒന്നരയാഴ്ചമുമ്പെയാണ് മകൻ ജനിച്ചത്. കുഞ്ഞിന്റെ പേരിലും മലയാളി ടച്ചുണ്ടാകും.
വികസനക്കുതിപ്പിൽ ലഖ്‌നൗ
ഉത്തർപ്രദേശിൽ വലിയവികസനമാണ് നടക്കുന്നത്. അതിന്റെ തുടർച്ചയായി തലസ്ഥാനത്തുമുണ്ട് ഒട്ടേറെ വികസനപ്രവർത്തനങ്ങൾ. ഉത്തർപ്രദേശ് വികസന അതോറിറ്റിയുമായി ചേർന്ന് നടപ്പാക്കുന്ന വികസനപദ്ധതികളിൽ ഹരിത ഇടനാഴി, 150 കിലോമീറ്റർ ഔട്ടർ റിങ് റോഡ്, ലഖ്‌നൗ-കാൻപൂർ എക്‌സ്പ്രസ് വേ, പൈതൃക സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുനരുദ്ധാരണം, സമഗ്രമായ ജലവിതരണ പദ്ധതികൾ തുടങ്ങിയവ ചിലതുമാത്രം. ഇവ നടപ്പാക്കുന്നതിന്റെ ചുമതലയും വിശാഖിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർക്കാണ്.
‘കേൾക്കുന്നതെല്ലാം ശരിയല്ല’
ഉത്തർപ്രദേശിനെപ്പെറ്റി കേരളത്തിലടക്കം മിക്കപ്പോഴും മോശപ്പെട്ട പരാമർശം കേൾക്കാറുണ്ടല്ലോയെന്നു ഉദാഹരണസഹിതം മാധ്യപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ വിശാഖ് ആദ്യം ചിരിച്ചു. തുടർന്നുപറഞ്ഞു- 'കേൾക്കുന്നതൊക്കെ ശരിയല്ല. സമൂഹമാധ്യമങ്ങളിൽ പലതും വരുന്നുണ്ട്. അതൊന്നും സത്യവുമല്ല.' അവയൊക്കെ വാട്‌സാപ്പ് യൂണിവേഴ്‌സിറ്റികളുടെ സൃഷ്ടിയാണെന്ന് അദ്ദേഹം കളിയാക്കുകയും ചെയ്തു. നാട്ടിലെ വിവരങ്ങളറിയാൻ വാർത്തകൾ ശ്രദ്ധിക്കാറുണ്ടെങ്കിലും പത്രവായന പലപ്പോഴും നടക്കുന്നില്ലെന്ന് കളക്ടർ വിശദീകരിച്ചു.
തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്താണ് വീട്. ഇപ്പോൾ താമസമാക്കിയിരിക്കുന്നത് തൃശ്ശൂർ പൂങ്കുന്നത്തും. അങ്കമാലി ടെൽക് ഫിനാൻസ് വിഭാഗം ജനറൽ മാനേജരായിരുന്ന എസ്.വി. ഗണപതി അയ്യരുടേയും രാജിയുടേയും മകനാണ് വിശാഖ്.
Content Highlights: Visakh G. Iyer is an IAS officer from Thodupuzha serving as the District Magistrate and Collector of Lucknow since January 2025., He has earned the trust of Chief Minister Yogi Adityanath through his transparent and efficient administrative style., He successfully manages massive urban development projects, grievance redressal, and law enforcement in Lucknow., Despite living in North India, he remains deeply connected to his Malayalam roots, speaking Malayalam at home with his wife Apoorva Dubey.