അമേരിക്ക@250, ചരിത്രം ഇവിടെ ഭദ്രം

#ജി.ജ്യോതിലാല്‍
ഫെസ്റ്റസ് മനോജ്, അലക്‌സ് ക്രിസ്റ്റഫർ എന്നിവർ കൗതുക ശേഖരങ്ങളുമായി
ഫെസ്റ്റസ് മനോജ്, അലക്‌സ് ക്രിസ്റ്റഫർ എന്നിവർ കൗതുക ശേഖരങ്ങളുമായി

കൊല്ലം: ബ്രിട്ടീഷ് കോളനിയായിരുന്ന അമേരിക്ക സ്വതന്ത്രമാവുകയും 13 കോളനികൾ ചേർന്ന് യുനൈറ്റഡ് നാഷൻസ് ഓഫ് അമേരിക്ക രൂപവത്കരിക്കുകയും ചെയ്തതിന്റെ 250-ാം വാർഷികമാണ് ശനിയാഴ്ച. 50 സംസ്ഥാനങ്ങളും ആറ് ടെറിട്ടറികളുമടങ്ങിയ ലോകത്തിലെ തന്നെ വലിയ സാമ്പത്തിക ശക്തിയായി വളർന്ന ആ രാജ്യം അത് കൊണ്ടാടുമ്പോൾ ആ ചരിത്രമുഹൂർത്തങ്ങളുടെ ഓർമ്മകളുടെ വലിയൊരു ശേഖരം ഇവിടെ ഭദ്രമായി സൂക്ഷിക്കുന്നൊരാളുണ്ട്. കുണ്ടറ ഇളംപള്ളൂർ മനോരേഷ്മയിൽ ഫെസ്റ്റസ് മനോജും അലക്‌സ് ക്രിസ്റ്റഫറുമാണീ കൗതുക ശേഖരങ്ങളുടെ കാവൽക്കാർ.
''ഇതാ ഇതുകണ്ടോ അമേരിക്ക കണ്ടുപിടിച്ച ക്രിസ്റ്റഫർ കൊളംബസിന്റെ ഓർമ്മയ്ക്കായി ഇറക്കിയ സ്റ്റാമ്പും മിനിയേച്ചർ ഷീറ്റുകളുമാണ്. അതിന്റെ 500-ാം വാർഷികത്തിൽ 1992 ൽ കൂക്ക് ഐലന്റ് പുറത്തിറക്കിയ ഫസ്റ്റ് ഡേ കോയിൻ കവർ വരെ ഇവിടെയുണ്ട്.'' ഫെസ്റ്റസ് പറഞ്ഞു.
1776 ജൂലായ് നാലിനാണ് അമേരിക്ക സ്വതന്ത്രമാവുന്നത്, 50 സംസ്ഥനങ്ങളുടെയും ചരിത്രം അടങ്ങുന്ന പുസ്തകം, ആദ്യ സംസ്ഥാനം ഡെലാവെയർ ആണ്. അവസാനം രൂപവത്കരിച്ചത് ഹവായും. ഓരോ സംസ്ഥാനത്തിന്റെയും ഔദ്യോഗിക പക്ഷി, പുഷ്പം എന്നിവയുടെ സ്റ്റാമ്പും കവറുകളും, രാജ്യത്തെ എല്ലാ നാഷണൽ പാർക്കുകളുടെയും സ്മരണകൾ, വന്യജീവിസമ്പത്തുകൾ...കൗതുകത്തിൽ തുടങ്ങി അമേരിക്ക എന്ന തീമായി വളർന്നപ്പോൾ ഏതാണ്ട് എല്ലാ ചരിത്രമുഹൂർത്തങ്ങളും ഈ ശേഖരത്തിലെത്തി. ജോർജ് വാഷിങ്ടൺ മുതൽ ഡൊളാൾഡ് ട്രംപ് വരെ 47 പ്രസിഡണ്ടുമാരാണ് അമേരിക്ക ഭരിച്ചത്. അവരിൽ മരണമടഞ്ഞവരുടെയെല്ലാം ചിത്രം ആലേഖനം ചെയ്ത നാണയം ഇവിടെയുണ്ട്. മരിച്ച് നാലുവർഷം കഴിഞ്ഞാലേ ഇത്തരം നാണയം ഇറക്കൂ. അതിനാൽ 40 പേരുടെതാണ് ശേഖരത്തിലുള്ളത്. സംസ്ഥാനങ്ങളുടെ അതിരുകളടക്കം ആലേഖനം ചെയ്ത വലിയൊരു ഭൂപടവും ഫ്‌ളാഗും കാണാം.
ലോകം മുഴുവൻ ഡോളറിന്റെ വിലയോർത്ത് കഴിയുന്ന കാലത്ത് ഡോളർ എങ്ങിനെയാണ് ്അച്ചടിക്കുന്നത്, അതിലെ ഓരോ അടയാളവും എന്തിനെയല്ലാം കുറിക്കുന്നു തുടങ്ങിയ വിവരങ്ങൾ അടങ്ങിയ പുസ്തകവും ഫെസ്റ്റസ് കാണിച്ചു.

1965ലെ ഡോളറും വിവിധ മൂല്യങ്ങളുള്ള ഡോളറും വിവിധ സീരിസിലുള്ള ഡോളറുകളും കണ്ടു. ഇന്ത്യ സന്ദർശിച്ച ആദ്യ യു.എസ്. പ്രസിഡണ്ട് ഐസനോവർ. അദ്ദേഹത്തെ ഇന്ത്യ സ്വീകരിച്ചപ്പോൾ ജനം തിങ്ങിനിറഞ്ഞിടത്ത് വഴിയൊരുക്കാൻ നേരിട്ടിറങ്ങിയ ജവഹർലാൽ നെഹ്‌റു. അമേരിക്ക എന്ന പേരിൽ ഒരു രാജ്യമില്ല. അതൊരു ഭൂഖണ്ഡത്തിന്റെ പേരാണ്. രാജ്യം അമേരിക്കൻ ഐക്യനാടുകൾ എന്നാണറിയപ്പെടുന്നത്. ന്യുയോർക്ക് ടൈംസ് പത്രം. ഒരു ദിവസത്തെ സപ്‌ളിമെന്റ് അടക്കം അരക്കിലോയെങ്കിലും ഭാരം കാണും. നമ്മുടെ ഇവിടുത്തെ പോലെ ചരമക്കോളം അതിലുമുണ്ട്. കുടിയേറിയെത്തിയവരാണ് അമേരിക്കയെ പടുത്തുയർത്തിയത്. 1492ൽ സ്പാനിഷ് സർക്കാരിന്റെ നാവികനായി വടക്കേ അമേരിക്കയിൽ എത്തിയ കൊളംബസ് അത് ഇന്ത്യയെന്നാണ് കരുതിയത്. ഇവിടുത്തെ ജനങ്ങളെ അദ്ദേഹം റെഡ് ഇന്ത്യൻസ് എന്നും വിളിച്ചു. തദ്ദേശീയരായ റെഡ് ഇന്ത്യൻസിന്റെയും നാറ്റീവ്അമേരിക്കൻസിനേയും ഇല്ലാതാക്കി കൊണ്ടുള്ള സംസ്‌കാരമാണുണ്ടായത്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വലിയൊരുവിഭാഗത്തിന്റെ സംസ്‌കാരവും അവിടെ പടർന്നു കഴിഞ്ഞു. അങ്ങിനെ ശേഖരത്തിലെ കൗതുക വർത്തമാനങ്ങൾ ഏറെ. ഇപ്പോൾ 250 വാർഷികത്തിന്റെ ഭാഗമായി ഇറക്കിയ സുവനീർ വരെ ഫെസ്റ്റസ് ശേഖരിച്ചുകഴിഞ്ഞു എന്നിടത്താണ് ഈ ചരിത്രപ്രേമിയുടെ കൗതുകങ്ങൾ അടങ്ങുന്നില്ലെന്നറിയുക.

Content Highlights: Celebration of the 250th anniversary of the United States., Showcase of a rare collection of US stamps, currency, and historical memorabilia by Manoj Festus., Insights into US presidential history, geography, and cultural evolution., Rare archival materials including 1965 dollar bills and commemorative coins.