ഒപെക്കിൽ വൻ വിള്ളൽ, എണ്ണ ഉത്പാദനത്തിൽ പുതിയ പോരാട്ടം! യുഎഇ എന്തുകൊണ്ട് കൂട്ടായ്മ വിടുന്നു?

ആഗോള എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കുമായുള്ള 59 വർഷം നീണ്ട ബന്ധം അവസാനിപ്പിച്ച് യു.എ.ഇ. മേയ് ഒന്നിന് ഒപെക്, ഒപെക് പ്ലസ് എന്നിവയിൽനിന്ന് പിന്മാറുമെന്നാണ് യു.എ.ഇയുടെ പ്രഖ്യാപനം. രാജ്യത്തിന്റെ താത്പര്യങ്ങൾ മുൻനിർത്തിയാണ് പിന്മാറ്റമെന്നാണ് വിശദീകരണം. വിപണിയിൽ എണ്ണവില നിയന്ത്രിക്കുന്നതിനും സ്ഥിരത നിലനിർത്തുന്നതിനുമായി അംഗരാജ്യങ്ങളുടെ എണ്ണ ഉത്പാദനത്തിന് പരിധി നിശ്ചയിക്കുന്ന ഒപെക് നയത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി യു.എ.ഇ. അതൃപ്തി പ്രകടിപ്പിച്ചുവരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സംഘടന വിടാനുള്ള നിർണായക നീക്കം. യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധത്തെത്തുടർന്ന് ലോകം കടുത്ത ഊർജപ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലുമാണ് യു.എ.ഇ കടുത്ത തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
1960-ൽ സ്ഥാപിതമായ ഒപെകിൽ 12 അംഗങ്ങളാണ് ഉണ്ടായിരുന്നത്. എണ്ണയുത്പാദകരായ 10 രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി 2016-ൽ വിപുലീകരിച്ചതാണ് ഒപെക് പ്ളസ്. പശ്ചിമേഷ്യാസംഘർഷം ആരംഭിക്കുംമുൻപ് 22 അംഗ ഒപെക് പ്ലസ് കൂട്ടായ്മയിൽ സൗദി അറേബ്യ, റഷ്യ, ഇറാഖ് എന്നിവയ്ക്ക് പിന്നിൽ നാലാമത്തെ വലിയ എണ്ണ ഉത്പാദകരായിരുന്നു യു.എ.ഇ. യു.എ.ഇയുടെ അപ്രതീക്ഷിതമായ ഈ പിന്മാറ്റം ഒപെക്കിന്റെ ദീർഘകാല ഐക്യത്തെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നു. 2019-ൽ ഖത്തർ ഒപെകിൽനിന്ന് പിന്മാറിയിരുന്നു. പ്രാദേശിക യുദ്ധങ്ങളും നയതന്ത്ര പ്രതിസന്ധികളും മൂലം ഇതിനകം തന്നെ സമ്മർദത്തിലായ ഈ സാമ്പത്തിക സഖ്യത്തിന് യു.എ.ഇയുടെ നീക്കം വലിയൊരു രാഷ്ട്രീയപ്രഹരമായി മാറിയിരിക്കുകയാണ്. എന്നിരുന്നാലും, ഈ മാറ്റം ആഗോള വിപണിയിലോ സംഘടനയുടെ ഭാവിയിലോ എത്രത്തോളം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വരുംദിവസങ്ങളിൽ മാത്രമേ വ്യക്തമാകൂ.