ബുൾഡോസറും കോൺഗ്രസും | ഉള്ളതുപറഞ്ഞാൽ

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വില്യം പിറ്റിന്റെ വചനം അടിവരയിട്ട് ആവർത്തിച്ചുകൊണ്ടാണ് 2024 നവംബർ 13-ന് ചിഫ് ജസ്റ്റിസ് ബി ആർ ഗവായിയും ജസ്റ്റിസ് കെ വി വിശ്വനാഥനും അടങ്ങുന്ന സുപ്രീംകോടതി ബഞ്ച് ബുൾഡോസർ രാജിനെതിരെ വിധി പ്രഖ്യാപിച്ചത്. ഏറ്റവും ദരിദ്രനായ മനുഷ്യന്റെ കുടിലിലും നിയമം ലംഘിച്ച് രാജാവിന് കടക്കാനാവില്ലെന്നാണ് 1763 ൽ വില്യം പിറ്റ് പറഞ്ഞത്. നിയമ വാഴ്ച സുപ്രധാനമാണ്. നിയമങ്ങൾ കാറ്റിൽ പറത്തിയാൽ ദുർബ്ബലമാവുന്നത് രാഷ്ട്രം തന്നെയാണ്. ഭരണകൂടം തന്നെ ജ്ഡജിയും പ്രോസിക്യൂട്ടറുമാവുന്ന പരിപാടിയാണ് ബുൾഡോസർ രാജിൽ നടക്കുന്നതെന്നും ഭരണഘടനയുടെ നഗ്നമായ ലംഘനമാണിതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നിയമത്തിന് മുന്നിലുള്ള തുല്ല്യത, ജീവനും സ്വത്തിനുമുള്ള പരിരക്ഷ , തലചായ്ക്കാനുള്ള ഇടത്തിന്റെ അനിവാര്യത എന്നിവ ഊന്നിപ്പറയുന്ന ഇന്ത്യൻ ഭരണഘടനയുടെ 14, 21, 300എ അനുച്ഛേദങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള വിധിയിൽ ബുൾഡോസർ കൊണ്ട് ഭരണകൂടങ്ങൾ നടപ്പാക്കുന്നത് നീതിയല്ല അനീതി തന്നെയാണെന്ന് ഒരു തരത്തിലുമുള്ള സംശയത്തിനും ഇട നൽകാതെയാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. യുപിയിലും മദ്ധ്യപ്രദേശിലും ഹരിയാനയിലും ഗുജറാത്തിലുമൊക്കെ ബിജെപി സർക്കാരുകൾക്ക് കീഴിൽ ബുൾഡോസറുകൾ നിയമം കൈയ്യിലെടുക്കുന്നതിനെതിരെയുള്ള അതിശക്തമായ പ്രതികരണമായിരുന്നു സുപ്രീംകോടതിയുടെ വിധി.
ഈ വിധിയോട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചത് ഇങ്ങനെയാണ്: ''ബുൾഡോസറിന് കീഴിൽ മാനവികതയും നീതിയും ഞെരിച്ചുതകർത്ത ബിജെപിയുടെ ഭരണഘടനാ വിരുദ്ധ മുഖം രാജ്യത്തിന് മുന്നിൽ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു.'' ബുൾഡോസർ ഒരു യന്ത്രം മാത്രമല്ലെന്നും അതൊരു പ്രതീകമാണെന്നും അനീതി മുഖമുദ്രയായുള്ള രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഒരു കൊല്ലത്തിനിപ്പുറം ഇക്കഴിഞ്ഞ ഡിസംബർ 20ന് ബെംഗളുരുവിലെ യെലഹങ്കയിൽ മുന്നൂറോളം വീടുകൾ ബുൾഡോസറുകൾ ഇടിച്ചുനിരത്തിയപ്പോൾ ആ അനീതിക്ക് കുടപിടിച്ചത് ഒരു കോൺഗ്രസ് സർക്കാരാണെന്നത് അധികാരം കൈയ്യാളുന്നവരുടെ കാഴ്ചപ്പാടുകൾ എങ്ങിനെയാണ് രാജ്യത്തെ ദരിദ്രർക്കും നിരാലംബർക്കുമെതിരെ ഒരേ ദിശയിൽ സഞ്ചരിക്കുന്നത് എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാകുന്നു.
തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നവർ
യെലഹങ്കയിലെ ഫക്കീർ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിലെ പാർപ്പിടങ്ങളാണ് കർണ്ണാടക സർക്കാരിന് കീഴിലുള്ള ബെംഗളുരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡി (ബിഎസ്ഡബ്ളിയുഎംഎൽ)ന്റെ നിർദ്ദേശത്തെ തുടർന്ന് പുലർച്ചെ നാലു മണിയോടെ നീക്കം ചെയ്തത്. മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലമാണിതെന്നും ഇവിടം താമസയോഗ്യമല്ലെന്നും ഇവിടെയുള്ള വീടുകൾ അനധികൃതമാണെന്നുമാണ് കർണ്ണാടക സർക്കാർ പറയുന്നത്. അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റേണ്ടത് സർക്കാരിന്റെ കടമയാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ചൂണ്ടിക്കാട്ടുന്നു. എന്നാൽ കഴിഞ്ഞ 25 കൊല്ലമായി ഇവിടെയാണ് ജീവിച്ചതെന്നും ആധാർ കാർഡുകളും വോട്ടർ തിരിച്ചറിയൽ കാർഡുകളും ഉള്ളവരാണ് തങ്ങളെന്നും ഇവിടെ താമസിച്ചിരുന്നവർ പറയുന്നു.
കർണ്ണാടക സർക്കാർ അവകാശപ്പെടുന്നതുപോലെ ഈ കോളനികളിലെ കെട്ടിടങ്ങൾ അനധികൃതമായി നിർമ്മിക്കപ്പെട്ടവയായിരിക്കാം. അവ നീക്കം ചെയ്യേണ്ടത് സർക്കാരിന്റെ ചുമതലയുമാവാം. പക്ഷേ, ജനാധിപത്യ വ്യവസ്ഥിതിയിൽ എല്ലാത്തിനും വ്യക്തമായ മാർഗ്ഗങ്ങളുണ്ട്. അനധികൃതമായ കെട്ടിടം പൊളിച്ചുമാറ്റാനും നിയമത്തിന്റെ വഴിയിലൂടെ നീങ്ങണമെന്ന് സുപ്രീംകോടതി അനുശാസിക്കുന്നത് അതുകൊണ്ടാണ്. പൊളിച്ചുമാറ്റുന്നതിന് 15 ദിവസം മുമ്പ് നോട്ടീസ് നൽകിയിരിക്കണം, പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ ഉടമകൾക്ക് പറയാനുള്ളത് കേൾക്കണം എന്നീ നിർദ്ദേശങ്ങൾ 2024 നവംബർ 13ലെ സുപ്രീംകോടതിയിലുണ്ട്. ഇതൊന്നുമില്ലാതെയാണ് തങ്ങളുടെ വീടുകൾ കർണ്ണാടക സർക്കാർ തകർത്തെറിഞ്ഞതെന്നാണ് യെലഹങ്കയിലെ സാധാരണക്കാരായ മനുഷ്യർ പറയുന്നത്. രാത്രിക്ക് രാത്രി കടപ്പാടങ്ങൾ നഷ്ടപ്പെട്ടതോടെ ആയിരത്തോളം പേരാണ് താൽക്കാലികമായി കെട്ടിയയുയർത്തിയ ടെന്റിലും മറ്റുമായി ഇപ്പോൾ കഴിഞ്ഞുകൂടുന്നത്.
കടുത്ത ശൈത്യമാണ് ഇപ്പോൾ ബെംഗളുരുവിൽ. ഈ പ്രതികൂല കാലാവസ്ഥയിലാണ് നിസ്സഹായരായ മനുഷ്യരെ( ഇവരിൽ ഏറിയ പങ്കും മുസ്ലിങ്ങളും ദളിതരുമാണ്) ഒരു ഭരണകൂടം തെരുവിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നത്. ഇത്രയും ആളുകൾ പതിറ്റാണ്ടുകളായി ഇതുപോലൊരു സ്ഥലത്ത് താമസിക്കാൻ നിർബ്ബന്ധിതരായതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കർണ്ണാടക ഇതുവരെ ഭരിച്ച ഭരണകൂടങ്ങൾക്ക് ഒഴിഞ്ഞുമാറാനാവില്ല. കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ഈ പ്രശ്നത്തിൽ പ്രതികരിച്ചില്ലായിരുന്നുവെങ്കിൽ യെലഹങ്കയിലെ സാധാരണ മനുഷ്യരെക്കുറിച്ച് എന്തങ്കിലും പുനർവിചിന്തനം സിദ്ധരാമയ്യ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമായിരുന്നോ?
പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ആശ്വാസ നടപടികൾ എടുക്കുമെന്ന് കർണ്ണാടക സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. കുടിയൊഴിപ്പിക്കപ്പെട്ടവരെ സംസ്ഥാന ഭവന ബോർഡ് നിർമ്മിച്ച ഫ്ളാറ്റുകളിലേക്ക് മാറ്റാനുള്ള തീരുമാനം സ്വാഗതാർഹമാണ്. ഈ പുനരധിവാസം നേരത്തെ ആസൂത്രണം ചെയ്തിരുന്നെങ്കിൽ കോൺഗ്രസിന് ഈ പ്രതിച്ഛായാ പ്രതിസന്ധി നേരിടേണ്ടി വരുമായിരുന്നില്ല.
അനീതിയും അതിർത്തിയും
യുപിയിൽ യോഗി ആദിത്യനാഥ് നേതൃത്വം നൽകുന്ന ഭരണകൂടം ബുൾഡോസർ രാജ് നടപ്പിലാക്കിയപ്പോൾ അതിനിശിതമായി വിമർശിച്ചവരാണ് കോൺഗ്രസ് നേതൃത്വം എന്ന് മറക്കരുത്. അടിയന്തരാവസ്ഥയുടെ മറവിൽ ഡെൽഹിയിലെ തുർക്ക്മാൻ ഗേറ്റിൽ സാധാരണമനുഷ്യരുടെ വീടുകൾ ഇന്ദിരാ ഗാന്ധി സർക്കാർ ഇടിച്ചു നിരത്തിയത് കോൺഗ്രസിന്റെ ചരിത്രത്തിലെ എക്കാലത്തേയും കളങ്കമാർന്ന ഏടാണ്. ഈ ഭൂതകാലത്തിൽ നിന്നും കുതറിമാറാനുള്ള കഠിന യത്നത്തിനാണ് ഭാരത് ജോഡൊ യാത്രയിലൂടെ രാഹുൽ ഗാന്ധി തുടക്കമിട്ടത്. ബിജെപി ഭരണകൂടങ്ങൾ നടത്തുന്ന ബുൾഡോസർ രാജിനെതിരെ രാജ്യത്തുയർന്ന ഏറ്റവും സുപ്രധാന ശബ്ദങ്ങളിലൊന്ന് രാഹുലിന്റേതയിരുന്നു എന്നും മറക്കാനാവില്ല.
സുപ്രീംകോടതി അസന്നിഗ്ദമായി നിലപാട് വ്യക്തമക്കിയിട്ടും ഈ വിഷയത്തിൽ ഭരണഘടന വീണ്ടും വീണ്ടും ലംഘിക്കപ്പെടുന്നതും കടുത്ത ആശങ്ക ഉയർത്തുന്നു. ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കപ്പെടാതിരിക്കണമെങ്കിൽ അതിന് മുതിരുന്നവർ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. കോടതി അലക്ഷ്യത്തിന് കർശന നടപടിയുണ്ടായാൽ മാത്രമേ ഈ നിയമ ലംഘകർ പാഠങ്ങൾ പഠിക്കുകയുള്ളു.
കർണ്ണാടകത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ കേരള മുഖ്യമന്ത്രി തലയിടണ്ട എന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ വാക്കുകൾ മാനവികതയുടെ പതാക ഉയർത്തിപ്പിടിക്കുന്ന ഒരു പ്രസ്ഥാനത്തിനും അനുയോജ്യമല്ല. അതിർത്തികൾ നോക്കിയല്ല ഗാന്ധിജിയെപ്പോലുള്ളവർ അനിതിക്കെതിരെ ശബ്ദിച്ചതും പോരാടിയതും. ''എങ്ങു മനുഷ്യനുചങ്ങല കൈകളിലങ്ങെൻ കൈകൾ നൊന്തീടുകയാണെങ്ങോ മർദനമവിടെ പ്രഹരം വീഴുവതെന്റെ പുറത്താകുന്നു,'' എന്ന് മലയാളത്തിന്റെ പ്രിയകവിയും മാതൃഭൂമി മുൻ പത്രാധിപരുമായ എൻ വി കൃഷ്ണവാര്യർ എഴുതിയത് ഗാന്ധിയൻ ദർശനത്തിന്റെ പൊരുൾ തിരിച്ചറിഞ്ഞുകൊണ്ടാണ്.
Content Highlights: Supreme Court rules bulldozer demolitions illegal, violating fundamental rights. Critiques of BJP`s `bulldozer raj` contrast with Congress`s actions in Bengaluru. ullathuparanjal