വാർത്തകൾ വായിക്കുന്നത് സത്യേന്ദ്രൻ...

വെറുമൊരു വ്യക്തിയായിരുന്നില്ല ഫോണിനപ്പുറത്ത് ; കാലമായിരുന്നു. ഓർമ്മകളിൽ നിന്ന് ഒരിക്കലും അടർത്തിമാറ്റാനാവാത്ത കാലം.
നന്ദി സത്യേന്ദ്രൻ, ആ കാലം വീണ്ടെടുത്തു തന്നതിന്.
ഐതിഹാസിക പോരാട്ടത്തിൽ പാകിസ്ഥാനെ കീഴടക്കി അജിത്പാൽ സിംഗിന്റെ ഇന്ത്യ ആദ്യമായും അവസാനമായും ഹോക്കി ലോകകപ്പ് നേടിയ ദിവസം ഓർമ്മയിലുണ്ട്. 'ആകാശവാണി, വാർത്തകൾ വായിക്കുന്നത് സത്യേന്ദ്രൻ' എന്ന ആമുഖത്തിന് പിറകെ ഹോക്കിയിലെ ലോക കിരീടം ഇന്ത്യയ്ക്ക് എന്ന പ്രഖ്യാപനം കേട്ട് കോരിത്തരിച്ച ദിവസം. അര നൂറ്റാണ്ടിനിപ്പുറവും ഓർത്തെടുക്കാനാകും ആ നിമിഷങ്ങൾ.
അങ്ങനെ എത്രയെത്ര ചരിത്ര മുഹൂർത്തങ്ങളിലൂടെയാവണം ഈ ശബ്ദം എന്റെ തലമുറയെ സ്നേഹപൂർവ്വം കൈപിടിച്ചു കൊണ്ടുപോയിരിക്കുക.
തൊണ്ണൂറ്റിയാറ് പിന്നിട്ട ഒരു വയോധികന്റെ ഫോൺ നമ്പർ തപ്പിയെടുത്ത് വിളിക്കാൻ പ്രചോദനമെന്ത് എന്ന ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം നിശ്ശബ്ദനാകുന്നു ഞാൻ. 'കുട്ടിക്കാലം മുതലേ കേട്ട് മനസ്സിൽ പതിഞ്ഞ ശബ്ദത്തിന്റെ ഉടമയെ എന്നെങ്കിലും കാണണമെന്നുണ്ടായിരുന്നു. അവസരം ഒത്തുവന്നില്ല. എങ്കിൽ ആ ശബ്ദവുമായി ഒന്ന് സംസാരിക്കാമെന്ന് കരുതി. അത്രമാത്രം....'
എന്റെ മറുപടി അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയിരിക്കുമോ? സാധ്യതയില്ല. ടെലിവിഷനും ഇന്റർനെറ്റും മൊബൈൽ ഫോണുമൊന്നും വിദൂരസ്വപ്നങ്ങളിൽ പോലുമില്ലാതിരുന്ന കാലത്ത് ആകാശവാണിയിലെ വാർത്താവതാരകന്റെ ഗ്ലാമർ സിനിമാതാരങ്ങൾക്ക് ഒട്ടും പിന്നിലായിരുന്നില്ലല്ലോ. 1980 കളുടെ തുടക്കത്തിൽ ജേർണലിസം കാലത്ത് പഠനയാത്രയുടെ ഭാഗമായി ഡൽഹി ആകാശവാണിയിൽ ചെന്നപ്പോൾ കണ്ണുകൾ ആദ്യം തിരഞ്ഞത് വാർത്താ വായനക്കാരെയാണ്. ഗോപനേയും, മാവേലിക്കര രാമചന്ദ്രനേയും, സുശീൽ ജബേരിയെയും മറ്റു പലരേയും കണ്ടെങ്കിലും സത്യേന്ദ്രനെ മാത്രം കണ്ടില്ല. അന്നദ്ദേഹം അവധിയിലായിരുന്നു.
ശങ്കരനാരായണൻ, ഗോപൻ, റാണി... എല്ലാവരും ഓർമ്മ. മാവേലിക്കര രാമചന്ദ്രൻ സമൂഹമധ്യത്തിൽ നിന്ന് അപ്രത്യക്ഷനായിട്ട് വർഷങ്ങൾ ഏറെയാകുന്നു. കേട്ടുവളർന്ന ആ ശബ്ദങ്ങളിൽ ഇന്നും നമുക്കിടയിലുള്ളത് ഒരേയൊരു സത്യേന്ദ്രൻ മാത്രം. പ്രായത്തിന്റെ ചില്ലറ ഓർമ്മപ്പിശകുകളുമായി ഡൽഹി ദ്വാരകയിലെ ഫ്ളാറ്റിലുണ്ട് സത്യേന്ദ്രൻ.
വെറുമൊരു വാർത്താവതാരകൻ മാത്രമായിരുന്നില്ല സത്യേന്ദ്രൻ. നാടകകൃത്ത്, സംവിധായകൻ, വിവർത്തകൻ, കമന്റേറ്റർ, അധ്യാപകൻ അങ്ങനെ വൈവിധ്യമാർന്ന ഒരുപാട് വേഷങ്ങൾ. ലോവർ ഡിവിഷൻ ഗുമസ്തനായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. പിന്നെ സ്കൂൾ അധ്യാപകനും ഹെഡ് മാസ്റ്ററുമായി. 1964 ലാണ് ആകാശവാണിയിൽ ന്യൂസ് റീഡറായി കാഷ്വൽ വ്യവസ്ഥയിൽ നിയമനം. 1990 ൽ വിരമിച്ചെങ്കിലും പിന്നേയും പതിനഞ്ചു വർഷം കൂടി വാർത്തകൾ വായിച്ചു സത്യേന്ദ്രൻ.
ആദ്യം വായിച്ച ഏറ്റവും പ്രധാനപ്പെട്ട വാർത്ത സത്യേന്ദ്രന്റെ ഓർമ്മയിലുണ്ട്: ലാൽ ബഹാദൂർ ശാസ്ത്രിയുടെ അകാലമരണം. താഷ്ക്കന്റിൽ വെച്ച് ദുരുഹസാഹചര്യത്തിൽ മരണമടയുകയായിരുന്നു അന്നത്തെ പ്രധാനമന്ത്രി ശാസ്ത്രിജി. പിന്നേയും എത്രയോ ചരിത്ര നിമിഷങ്ങൾ ശ്രോതാക്കളിൽ എത്തിച്ചു സത്യേന്ദ്രൻ. നാടിനെ വേദനയിലാഴ്ത്തിയ വിയോഗങ്ങൾ, തിരഞ്ഞെടുപ്പിലെ അട്ടിമറി വിജയങ്ങൾ, പരാജയങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, ആവേശമുണർത്തുന്ന കിരീടവിജയങ്ങൾ.... 'വാർത്തകൾ സത്യസന്ധമായി ജനങ്ങളിൽ എത്തിക്കുക എന്നതായിരുന്നു ഒരേയൊരു ലക്ഷ്യം. നമ്മളെ കേൾക്കാൻ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ശ്രോതാക്കൾ ഉണ്ടെന്ന അറിവ് ആ ഉത്തരവാദിത്വത്തിന് കൂടുതൽ ഗൗരവമേകി...'
പ്രക്ഷേപകനായി പേരെടുക്കും മുൻപ് സ്വന്തം നാട്ടിലെ നാടകപ്രവർത്തനങ്ങളിൽ സജീവമായിരുന്നു തിരുവനന്തപുരത്തെ മണക്കാട് സ്വദേശി സത്യേന്ദ്രൻ. ഡൽഹിയിൽ എത്തിയശേഷം നാടകബന്ധം കൂടുതൽ ദൃഢമായി. ഭാര്യ രാധാദേവിയുമുണ്ടായിരുന്നു സാംസ്കാരിക പ്രവർത്തനങ്ങളിൽ എന്നും ഒപ്പം. ഈ രംഗത്തെ കനപ്പെട്ട സംഭാവനകൾക്ക് 2016 ലെ സഫ്ദർ ഹാഷ്മി പുരസ്കാരം സത്യേന്ദ്രൻ ഏറ്റുവാങ്ങിയത് അന്നത്തെ സാംസ്കാരികമന്ത്രി എം എ ബേബിയിൽ നിന്ന്. ബാദൽ സർക്കാരിന്റേതുൾപ്പെടെ നിരവധി പ്രശസ്ത അന്യഭാഷാ രചനകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക മാത്രമല്ല അവയിൽ ചിലത് സംവിധാനം ചെയ്ത് വേദിയിൽ അവതരിപ്പിക്കുക കൂടി ചെയ്തു അദ്ദേഹം. കണിയാപുരം രാമചന്ദ്രന്റെ ഭഗവാൻ കാലുമാറുന്നു എന്ന നാടകം ജനസംസ്കൃതിക്ക് വേണ്ടി സംവിധാനം ചെയ്ത് അവതരിപ്പിച്ചതും സത്യേന്ദ്രൻ തന്നെ. 1955 ലായിരുന്നു രാധാദേവിയുമായുള്ള വിവാഹം. സത്യേന്ദ്രൻ-രാധാദേവി ദമ്പതികൾക്ക് നാല് മക്കൾ.
വിടപറഞ്ഞു ഫോൺ വെച്ച ശേഷവും സത്യേന്ദ്രന്റെ ശബ്ദം മുഴങ്ങുന്നു കാതുകളിൽ. ഒരിക്കലും തിരികെ വരാത്ത ഒരു കാലമുണ്ടല്ലോ ആ ശബ്ദതരംഗങ്ങളിൽ.