മനിലയിൽ ക്വാഡ് കഴിഞ്ഞ് ട്രംപിന് ചൈനയിൽ ത്രികക്ഷി ഉച്ചകോടി; ഇന്ത്യക്കു മുന്നിലെ വെല്ലുവിളികളും അവസരങ്ങളും

രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ക്വാഡ് (ചതുർരാഷ്ട്ര സഖ്യം) നേതാക്കൾ ഒരുമിച്ചിരുന്നു. നവംബർ 17-ന് വൈകുന്നേരം മനിലയിൽ ചേർന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദി, ആന്റണി അൽബനീസ് (ഓസ്ട്രേലിയ), സനെയെ തകായിച്ചി (ജപ്പാൻ) എന്നിവർക്കൊപ്പം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചേർന്നു. ഇതാദ്യമാണ് ക്വാഡ് കൂട്ടായ്മയ്ക്ക് പുറത്തുള്ള ഒരു രാജ്യത്ത് ഈ നേതാക്കൾ യോഗം ചേരുന്നത്്. 2025ൽ ന്യൂഡൽഹിയായിരുന്നു ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാൽ, രണ്ടാം ട്രംപ് ഭരണകൂടത്തിന്റെ പ്രക്ഷുബ്ധമായ തുടക്കത്തിൽ വാർഷിക ഉച്ചകോടി വഴിമുട്ടുകയായിരുന്നു. ആ നിലയ്ക്ക് വേദിയുടെ തിരഞ്ഞെടുപ്പ് നിശബ്ദമായ ഒരു നയതന്ത്ര കുറ്റസമ്മതമായി കാണാം.
മനില സംയുക്തപ്രസ്താവന പുറത്തുവന്ന് മണിക്കൂറുകൾക്കകം ആഗോളശ്രദ്ധ ചൈനയിലെ ഷെൻഷെനിലേക്ക് തിരിഞ്ഞു. ചൈന ആതിഥേയത്വം വഹിക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഫോറത്തിന്റെ (APEC) ഉച്ചകോടിയോടനുബന്ധിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ, ട്രംപ് എന്നിവർ ഉൾപ്പെടുന്ന ത്രികക്ഷി കൂടിക്കാഴ്ച വ്യാഴാഴ്ച നടക്കും. അതിനു മുന്നോടിയായി നവംബർ 18-ന് ഷിയും പുടിനും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടന്നു. ചൈനയെ പ്രതിരോധിക്കാൻ രൂപീകരിച്ച ക്വാഡ് സഖ്യത്തിനൊപ്പം തലകാണിച്ച ശേഷം, റഷ്യൻ പ്രസിഡന്റിനൊപ്പം ചൈനയുടെ മേശയ്ക്ക് ചുറ്റുമിരിക്കാൻ യുഎസ് പ്രസിഡന്റ് പോയിരിക്കുന്നു! ക്വാഡിന് ഇനി എന്താണ് പ്രസക്തി എന്ന ചോദ്യത്തിന് ശക്തി കൂടുകയാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, നയതന്ത്രപരമായി തിരക്കുപിടിച്ച ഈ ആഴ്ച തന്ത്രപരമായ ആശങ്കകൾക്ക് വഴി വെക്കുന്നതാണ്. ഐക്യരാഷ്ട്ര സഭയിൽ വീറ്റോ അധികാരമുള്ള പ്രബലമായ മൂന്ന് സൈനികശക്തികൾ മാറുന്ന ആഗോളക്രമത്തെ കുറിച്ച് നേരിട്ട് ചർച്ച ചെയ്യുമ്പോൾ, ഉയർന്നുവരുന്ന വൻശക്തിയെന്ന് സ്വയം കരുതുന്ന, ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥകളിലൊന്നായ രാജ്യം അവഗണിക്കപ്പെടുകയാണ് എന്ന തോന്നൽ സ്വാഭാവികമാണ്. ഇൻഡോ പസിഫിക്കിൽ ചൈനയെ നിലയ്ക്കുനിർത്താൻ തങ്ങൾതന്നെ സൃഷ്ടിച്ച ക്വാഡിനെ വാഷിംഗ്ടൺ പല സാധ്യതകളിൽ ഒന്നായി മാത്രം കാണുമ്പോൾ നഷ്ടം ഇന്ത്യക്കാണെന്നു വിലയിരുത്തുന്നവരുമുണ്ട്.
അതേസമയം, മൂന്നാംരാജ്യങ്ങൾ വഴി അത്യാധുനിക ചിപ്പുകൾ ചൈനയിലേക്ക് കടത്തുന്നത് തടയാൻ അമേരിക്ക കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഷെൻഷെൻ ഉച്ചകോടിയുടെ സമവാക്യങ്ങളെ കാര്യമായി മാറ്റിയേക്കാം. നിയന്ത്രിതരാജ്യങ്ങളുടെ പട്ടികയിൽനിന്ന് ഇന്ത്യയെ ഒഴിവാക്കിയത് രാജ്യത്തിന് അവസരമായേക്കും.
അടിത്തറ ദുർബലമാവുന്ന ക്വാഡ്
മനിലയിലെ ക്വാഡ് യോഗത്തെ 'വളരെ അർത്ഥവത്തായതും ഭാവിയിലേക്ക് ഉറ്റുനോക്കുന്നതുമായ യോഗം' എന്നാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിശേഷിപ്പിച്ചത്. നേട്ടങ്ങളായി ഇന്ത്യൻ നയതന്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നത് ഇവയാണ്: ഇന്തോ പസഫിക് സമുദ്രനിരീക്ഷണ സഹകരണ സംരംഭം, 2027-ൽ നാല് രാജ്യങ്ങളുടെയും പട്രോൾ വിമാനങ്ങൾ പങ്കെടുക്കുന്ന ആദ്യ സംയുക്ത സമുദ്രാഭ്യാസം, നിർണായക ധാതുക്കൾ സംബന്ധിച്ച കരാറുകൾ, ക്വാഡ് എഐ ആക്സിലറേറ്റർ, സൈബർ സുരക്ഷാ സഹകരണം, സമുദ്രത്തിനടിയിലെ കേബിൾ സഹകരണം. 2027-ൽ ക്വാഡ് ബിസിനസ് ലീഡേഴ്സ് ഫോറത്തിന്റെ പ്രഥമയോഗത്തിന് മുംബൈ ആതിഥേയത്വം വഹിക്കുമെന്നും മോദി പ്രഖ്യാപിച്ചു.
എങ്കിലും, 2024-ലെ വിൽമിംഗ്ടൺ പ്രഖ്യാപനവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉച്ചകോടിയുടെ ഫലം അത്രയ്ക്ക് തൃപ്തികരമല്ല. വിൽമിംഗ്ടണിലെ സംയുക്ത പ്രസ്താവന ദക്ഷിണ ചൈനാ കടലിലെ 2016-ലെ ആർബിട്രൽ വിധിയെ വ്യക്തമായി അംഗീകരിക്കുകയും, തർക്കപ്രദേശങ്ങളിലെ സൈനികവൽക്കരണത്തെയും കോസ്റ്റ് ഗാർഡ്, മിലിഷ്യ കപ്പലുകളുടെ അപകടകരമായ ഉപയോഗത്തെയും അപലപിക്കുകയും ചെയ്തിരുന്നു. ആ തർക്കത്തിന്റെ മുൻനിരയിലുള്ള ഫിലിപ്പീൻസിലാണ് ഉച്ചകോടി നടന്നതെങ്കിലും മനില പ്രസ്താവനയിൽ അവ ഒഴിവാക്കപ്പെട്ടു. ബലപ്രയോഗത്തിലൂടെയോ നിർബന്ധത്തിലൂടെയോ തൽസ്ഥിതി മാറ്റാൻ ശ്രമിക്കുന്ന ഏകപക്ഷീയ നടപടികളെ എതിർക്കുന്ന പതിവ് വാചകങ്ങൾ നിലനിർത്തുകയും സ്വേച്ഛാപരമായ കയറ്റുമതി നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള സാമ്പത്തിക സമ്മർദ്ദത്തിൽ 'ഗുരുതരമായ ആശങ്ക' രേഖപ്പെടുത്തുകയും ചെയ്തെങ്കിലും, പ്രസ്താവന ചൈനയുടെ പേര് പരാമർശിച്ചില്ല.
കൂട്ടായ്മയെ തുടക്കത്തിൽ ഒന്നിപ്പിച്ചു നിർത്തിയിരുന്ന ആശയപരമായ പാരസ്പര്യം കുറഞ്ഞതാണ് ന്യൂഡൽഹിയെ കൂടുതൽ അലട്ടുന്നത്. സംയുക്തപ്രസ്താവനയിൽ 'പൊതുവായ മൂല്യങ്ങളെ'ക്കുറിച്ചോ നിയമവാഴ്ചയെക്കുറിച്ചോ പരാമർശമില്ല; നാല് രാജ്യങ്ങളും ജനാധിപത്യ രാഷ്ട്രങ്ങളാണെന്ന് ട്രംപ് ആമുഖപ്രസംഗത്തിൽ പറഞ്ഞുമില്ല. 2024-ൽ അംഗരാജ്യങ്ങൾക്ക് പൊതുവായുള്ള ജനാധിപത്യ മൂല്യങ്ങളെയും നിയമാധിഷ്ഠിത ക്രമത്തെയും പറഞ്ഞ മോദി മനിലയിൽ ക്വാഡിനെ വിശേഷിപ്പിച്ചത് 'ക്രിയാത്മകവും വിശ്വസനീയവുമായ പങ്കാളിത്തം' എന്നാണ്.
ഫോട്ടോ സെഷനിലും ഈ അസ്വാരസ്യം നിഴലിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെല്ലാം ട്രംപിനോടായിരുന്നു, ചൈനയെക്കുറിച്ചും എൻവിഡിയ വിവാദത്തെക്കുറിച്ചും ഷെൻഷെനിലെ ത്രികക്ഷി ഉച്ചകോടിയെക്കുറിച്ചുമൊക്കെ. മോദിയും അൽബനീസും തകായിച്ചിയും നിശബ്ദരായി കേട്ടുനിന്നു. മാധ്യമപ്രവർത്തകരുമായുള്ള ട്രംപിന്റെ അപ്രതീക്ഷിത സംഭാഷണം മോദിക്ക് രസിച്ചില്ലെന്നത് വ്യക്തം. മോദി കടുപ്പക്കാരനാണെന്നും മികച്ച സുഹൃത്താണെന്നും ട്രംപ് ആവർത്തിച്ചെങ്കിലും ഇന്ത്യൻ പ്രധാനമന്ത്രിയുടെ മുഖത്ത് അതിഗൗരവമാണ് കണ്ടത്. പരസ്യമായ പുകഴ്ത്തലുകൾക്ക് അടിയിൽ ആഴത്തിൽ ഉലഞ്ഞ ഉഭയകക്ഷി ബന്ധങ്ങളാണ്. ഇടക്കാല തിരഞ്ഞടുപ്പിലെ കനത്ത തിരിച്ചടി നയങ്ങൾ പുനരാലോചിക്കാൻ ട്രംപിനെ പ്രേരിപ്പിക്കുമോ എന്ന് കണ്ടറിയണം.
പിഴത്തീരുവ തർക്കങ്ങളുടെയും റഷ്യൻ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുന്നതിനെച്ചൊല്ലിയുള്ള രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു അഞ്ചുമാസം മുൻപ് ഫ്രാൻസിലെ എവിയാനിൽ നടന്ന ജി ഏഴ് ഉച്ചകോടിയിൽ ഇരുനേതാക്കളും അവസാനമായി തമ്മിൽ കണ്ടത്. വ്യാപാരക്കരാർ, ഗൾഫ് മേഖലയിലെ സംഘർഷം, ഇന്ത്യൻ നാവികരുടെ സുരക്ഷ എന്നിവയായിരുന്നു അന്നത്തെ വിഷയങ്ങൾ.
വ്യാപാരക്കരാർ ഇന്നും തീരുമാനമായിട്ടില്ല.
ജൂലൈ 24 മുതൽ, സെക്ഷൻ 301 പ്രകാരം ചുമത്തിയ പത്തു ശതമാനമാണ് നിലവിലെ യുഎസ് നികുതി. ഇത് വ്യാപാര കമ്മിയുടെയും റഷ്യൻ എണ്ണയുടെയും പേരിൽ 2025-ൽ മുമ്പ് ഇന്ത്യ നേരിട്ട 50 ശതമാനം പിഴത്തീരുവയേക്കാൾ ഭേദമാണെങ്കിലും എതിരാളികളെക്കാൾ വ്യക്തമായ മുൻതൂക്കം എന്ന വാഗ്ദാനം ഇനിയും ഉറപ്പായിട്ടില്ല. മുൻഗണനാപരമായ വിപണി പ്രവേശനം ഇന്ത്യയ്ക്ക് ലഭിക്കുമെന്ന് നേതാക്കൾ തമ്മിൽ ഇതിനകം ധാരണയായതാണെന്ന് നവംബർ 15-ന് വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ആവർത്തിച്ചു. ആ ധാരണ വ്യാപാരക്കരാറിന്റെ ആദ്യഘട്ടത്തിൽ എങ്ങനെ പ്രതിഫലിക്കുമെന്നാണ് ഇനി അറിയേണ്ടത്. എച്ച്1ബി വിസ പോലുള്ള തലവേദനകൾ വേറെയുമുണ്ട്.
ആസിയാനും ഇന്ത്യയും
അമേരിക്കയുടെ ഈ ചാഞ്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ക്വാഡ് ഉച്ചകോടിക്ക് ഏതാനും മണിക്കൂറുകൾക്ക് മുൻപ് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ മോദി നടത്തിയ പരാമർശങ്ങൾക്ക് പ്രത്യേക പ്രാധാന്യം കൈവരുന്നു. 'സ്വതന്ത്രവും തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതും നിയമാധിഷ്ഠിതവുമായ ഒരു ഇന്തോ പസഫിക്കിന്' വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് പ്രഖ്യാപിച്ച മോദി, മേഖലയുടെ ഭാവി നിലകൊള്ളുന്നത് 'മത്സരത്തിലല്ല, സഹകരണത്തിലാണ്' എന്ന് ഊന്നിപ്പറഞ്ഞു.
ആസിയാന്റെ നിർണായക സ്ഥാനത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ച അദ്ദേഹം, ഇന്ത്യയും ആസിയാനും ചേർന്നാൽ ലോകജനസംഖ്യയുടെ നാലിലൊന്നോളം വരുമെന്നും ചൂണ്ടിക്കാട്ടി. 'ഇന്നത്തെ ലോകത്തിന് ഏറ്റവും വേണ്ടത് സമാധാനവും സ്ഥിരതയും പ്രവചനീയതയുമാണ്' എന്നും മോദി പറഞ്ഞു.
ഇവിടെയും അദ്ദേഹം ഒരു രാജ്യത്തിന്റെയും പേര് പറഞ്ഞില്ല. 'മത്സരമല്ല, സഹകരണം' എന്ന പ്രയോഗം ചൈന പലപ്പോഴും ഉപയോഗിക്കുന്ന വാക്കുകളോട് സാമ്യമുള്ളതാണ്; അതേസമയം ആസിയാന്റെ പ്രാമുഖ്യത്തിന് ഊന്നൽ നൽകുന്നത് ഏതെങ്കിലും ഒരു പക്ഷം ചേരാൻ നിർബന്ധിതരാകുമോ എന്ന് ആശങ്കപ്പെടുന്ന തെക്കുകിഴക്കൻ ഏഷ്യൻ തലസ്ഥാനങ്ങളെ നേരിട്ടു അഭിസംബോധന ചെയ്യുന്നതാണ്. മോദിയുടെ പ്രസംഗം ഒരേസമയം മൂന്ന് വിഭാഗങ്ങളെയാണ് ലക്ഷ്യം വെച്ചത്.
1. ക്വാഡിലെ പങ്കാളിത്തം പ്രാദേശിക സ്ഥാപനങ്ങളെ അപ്രസക്തമാക്കില്ലെന്ന് ഇന്ത്യ ആസിയാൻ രാജ്യങ്ങൾക്ക് ഉറപ്പുനൽകി. 2. ന്യൂഡൽഹിയുടെ ചൈന നയം അമേരിക്കയുടെ നേതൃത്വത്തിലുള്ള വളഞ്ഞിട്ട് പിടിക്കൽ തന്ത്രത്തിലല്ല, മറിച്ച് സ്ഥിരതയിലാണ് അധിഷ്ഠിതമായിരിക്കുന്നതെന്ന് ബെയ്ജിംഗിന് സൂചന നൽകി.
3. അതിലുപരി, ഇന്ത്യയുടെ ഇന്തോ പസഫിക് കാഴ്ചപ്പാട് അമേരിക്കയുടെ ഒരു ഉപകരാറല്ലെന്ന് വാഷിംഗ്ടണിനെ ഓർമ്മിപ്പിച്ചു.
മനിലയിലെ യോഗങ്ങളിൽ മോദി മുന്നോട്ടുവെച്ച പ്രധാന സന്ദേശത്തെ വിദേശസെക്രട്ടറി മിസ്രി മൂന്ന് വാക്കുകളിൽ ചുരുക്കി: ലോകത്തിന് വേണ്ടത് 'സമാധാനവും സ്ഥിരതയും പ്രവചനീയതയുമാണ്.' അവസാന വാക്ക് യുഎസിനെ മാത്രം ലക്ഷ്യം വെച്ചുള്ളതാവണം!
ഷെൻഷെനും ത്രികക്ഷി യോഗവും
വ്യാഴാഴ്ച ഷെൻഷെനിൽ നടക്കുന്ന ട്രംപ്- ഷി- പുടിൻ ത്രിരാഷ്ട്ര ഉച്ചകോടി ന്യൂഡൽഹി സ്വന്തം ആഗോളപദവിയെ എങ്ങനെ കാണുന്നു എന്നതും വൻശക്തികൾ യഥാർത്ഥത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതും തമ്മിലുള്ള അന്തരത്തിന്റെ ഓർമ്മപ്പെടുത്തലാണ്. വളർന്നുവരുന്ന ഒരു ബഹുധ്രുവ ലോകത്തിലെ അനിവാര്യമായ ഒരു ധ്രുവമായാണ് ഇന്ത്യ സ്വയം കാണുന്നത്. എന്നാൽ, ഏറ്റവും നിർണ്ണായകമായ വിഷയങ്ങളിൽ ചർച്ചകൾ നടക്കുന്നത് അഞ്ചോ ആറോ ധ്രുവങ്ങൾക്കിടയിലല്ല, മറിച്ച് മൂന്ന് ധ്രുവങ്ങൾക്കിടയിൽ മാത്രമാണെന്നാണ് ഈ ഉച്ചകോടി സൂചിപ്പിക്കുന്നത്.
2025 സെപ്റ്റംബറിൽ ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ (എസ് സി ഒ) ഉച്ചകോടിയിൽ ഷിയും പുടിനും മോദിയും ഒരുമിച്ച് നിൽക്കുന്ന ചിത്രം, വാഷിംഗ്ടണുമായുള്ള തീരുവത്തർക്കം മൂർച്ഛിച്ചുനിന്ന സമയത്ത് ഇന്ത്യയ്ക്ക് മറ്റ് തന്ത്രപരമായ വഴികളുണ്ടെന്ന് വൈറ്റ് ഹൗസിനെ ഓർമ്മിപ്പിച്ചിരുന്നു. ഒരുവർഷം കഴിയുമ്പോൾ ഇന്ത്യ ആ ഫ്രെയിമിന് പുറത്താണ്; ഷിക്കും പുടിനും ഒപ്പം നിൽക്കുന്നത് ട്രംപാണ്. ഡിസംബറിൽ അമേരിക്കയിലെ മയാമിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ നടക്കുന്ന ട്രംപ്-ഷി കൂടിക്കാഴ്ചയ്ക്കുള്ള ഒരു ആമുഖം മാത്രമാണിതെന്ന് സിഎസ്ഐഎസ് വിശകലന വിദഗ്ധൻ വിക്ടർ ചാ വിലയിരുത്തുന്നു.
ഇറാൻ യുദ്ധവും ആണവായുധ നിയന്ത്രണവും താൻ ഉന്നയിക്കുമെന്ന് ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം, യുക്രൈൻ യുദ്ധത്തിന് ചർച്ചയിലൂടെയുള്ള പരിഹാരവും സംഭാഷണത്തിൽ ഉൾപ്പെടുമെന്ന് റഷ്യൻ പ്രസിഡന്റിന്റെ സഹായി യൂറി ഉഷാക്കോവ് പറയുന്നു. ബുധനാഴ്ച ഷിക്കൊപ്പം സംസാരിക്കവെ, ത്രികക്ഷി ചർച്ചയിൽനിന്ന് 'വലിയ നേട്ടങ്ങൾ' ഉണ്ടാകുമെന്ന് പുടിൻ പ്രവചിച്ചു. ഷിക്കും ട്രംപിനുമൊപ്പം തുല്യനിലയിൽ പങ്കെടുക്കുന്നതുതന്നെ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വൻവിജയമാണ്.
ഈ വിഷയങ്ങളിൽ നേരിട്ട് കക്ഷിയല്ലാത്തതിനാൽ ഇന്ത്യയെ ഇതിലേക്ക് ക്ഷണിക്കേണ്ട സാഹചര്യമില്ല എന്നതാണ് വസ്തുത. എങ്കിലും ഇന്ത്യയുടെ അസാന്നിധ്യത്തിൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾ രാജ്യത്തെ നേരിട്ട് ബാധിക്കും എന്നതാണ് പ്രധാന ആശങ്ക. യുക്രൈൻ ഉപരോധങ്ങൾ, എണ്ണവിതരണം, യുഎസ്-ചൈന വ്യാപാര നികുതികൾ എന്നീ കാര്യങ്ങളിൽ ഈ മൂന്ന് രാജ്യങ്ങൾ തമ്മിലുണ്ടാകുന്ന ഏതൊരു ധാരണയും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെയും റഷ്യയുമായുള്ള പ്രതിരോധ ബന്ധങ്ങളെയും ബാധിക്കും.
അതേസമയം, പുറമേ കാണുന്നത്ര ഭംഗിയല്ല ചൈനയുടെ അവസ്ഥ. ട്രംപ് ചൈനയിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പാണ് ചൈനയിലേക്ക് ഉയർന്ന നിലവാരമുള്ള എഐ ചിപ്പുകൾ കൈമാറുന്നതിന് അമേരിക്കൻ വാണിജ്യവകുപ്പ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ചൈന, മക്കാവു, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ആസ്ഥാനമുള്ള കമ്പനികൾക്ക് വിദേശ ഡേറ്റാ സെന്ററുകൾ വഴി അത്യാധുനിക എഐ കംപ്യൂട്ടിംഗ് ശേഷി ലഭിക്കുന്നത് തടയുന്നതാണ് ഈ നിയമം. സിംഗപ്പൂർ, മലേഷ്യ, തായ്ലൻഡ്, ഇന്തോനേഷ്യ, ബ്രസീൽ എന്നിവിടങ്ങളിലേക്കുള്ള നൂതന ചിപ്പ് കയറ്റുമതിക്ക് ലൈസൻസും നിർബന്ധമാക്കി. ഇത് ട്രംപിന് പുതിയ വിലപേശൽ ആയുധമാണ്. ചൈന ഇതിനെ 'സാമ്പത്തിക സമ്മർദ്ദം' എന്നാണ് വിശേഷിപ്പിച്ചത്.
എൻവിഡിയ ചിപ്പുകൾ സിംഗപ്പൂർ വഴി ചൈനയിലേക്ക് കടത്തിയെന്ന വിവാദത്തിന് പിന്നാലെ, ചൈനയോട് മൃദുസമീപനം സ്വീകരിക്കുന്നു എന്ന ആഭ്യന്തര വിമർശനം നേരിടുകയായിരുന്നു ട്രംപ് ഭരണകൂടം. പുതിയ നിയന്ത്രണം അതിനുള്ള മറുപടി കൂടിയാണ്. നിയന്ത്രണം ബാധകമായ അഞ്ച് രാജ്യങ്ങളിൽ നാലും പ്രമുഖ ആസിയാൻ സമ്പദ് വ്യവസ്ഥകളാണ്.
ഈ പട്ടികയിൽ ഇന്ത്യയില്ല എന്നത് ശുഭസൂചനയാണ്. ഷെൻഷെനിൽ ട്രംപും ഷിയും തമ്മിൽ പെട്ടെന്നൊരു വ്യാപാര ഒത്തുതീർപ്പുണ്ടായാൽ വിതരണശൃംഖലയിലെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമോ എന്നതായിരുന്നു ഇന്ത്യയുടെ പ്രധാന ആശങ്ക. വാഷിംഗ്ടണുമായി ഉഭയകക്ഷി വ്യാപാരക്കരാർ ഉറപ്പിക്കാനായാൽ, വിശ്വസനീയമായ എഐ, ഡേറ്റാ സെന്റർ സെമികണ്ടക്ടർ ഹബ്ബായി മാറാൻ ഇന്ത്യയ്ക്ക് വാതിലുകൾ തുറന്നേക്കാം. എന്നാൽ, പട്ടികയിൽ മറ്റു രാജ്യങ്ങളെ ചേർക്കാൻ വാണിജ്യ വകുപ്പിന് അധികാരമുണ്ടെന്നതിനാൽ ഈ അനുകൂല സ്ഥിതി സ്ഥിരമാണെന്ന് കരുതാനാവില്ല.
ഷെൻഷെൻ ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഇന്ത്യ നേരിടുന്ന നയതന്ത്ര വെല്ലുവിളികൾ ചെറുതല്ല: മൂന്ന് വൻശക്തികളുമായുള്ള ബന്ധം സന്തുലിതമാക്കുക, ചൈനയുടെ വർധിക്കുന്ന ആഗോള സ്വാധീനത്തെ നേരിടുക, വർഷങ്ങളായി രാജ്യം ഉദ്ഘോഷിക്കുന്ന ബഹുധ്രുവ ലോകക്രമത്തിന്റെ പ്രസക്തി നിലനിർത്തുക എന്നിവയാണ് അവയിൽ പ്രധാനം. ഉച്ചകോടിയിലുണ്ടാവുന്ന തീർപ്പുകൾ- വെടിനിർത്തലായാലും പ്രതിരോധ, വ്യാപാരക്കരാറുകളായാലും- ഇന്ത്യയുടെ മുന്നോട്ടുള്ള പോക്കിനെ സ്വാധീനിക്കും.
Content Highlights: Quad leaders met in Manila after a two-year hiatus, discussing maritime security and AI cooperation., US, China, and Russia held a trilateral meeting in Shenzhen, shifting global focus away from India., India balances its multilateral stance through ASEAN engagement and strategic autonomy amidst US-China trade shifts.