തകർന്നുവീഴുന്ന NH 66; നമ്മുടെ ഹൈവേയിൽ സംഭവിച്ചതെന്ത്?

കേരളം ഉറ്റുനോക്കുന്ന പദ്ധതിയാണ് കാസർകോടുമുതൽ കന്യാകുമാരിവരെയുള്ള എൻഎച്ച് 66. കേരളത്തിലെ ഏതുപദ്ധതിയും ഇവിടത്തെ ഭൗമപ്രത്യേകതകൾക്കും പരിസ്ഥിതിക്കും യോജിച്ചതായിരിക്കണം. ഇതിൽ വേണ്ടത്ര ജാഗ്രതയില്ലാതെ പോയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്. കേരളത്തിലെ ശരാശരി മഴ ദേശീയ ശരാശരിയുടെ രണ്ടിരട്ടിയിൽ കൂടുതലാണെന്ന കാര്യവും രൂപകല്പനയിൽ കണക്കിലെടുത്തില്ല. ഇത് വളരെ ഗൗരവമേറിയ ജാഗ്രതക്കുറവാണ്. വലിയ വിലകൊടുക്കേണ്ടിവരുന്ന വീഴ്ച. പാത കടന്നുപോകുന്ന ഇടനാടിന്റെയും തീരമേഖലയുടെയും ഭൗമപ്രത്യേകതകൾ ഉൾക്കൊണ്ടുള്ള രൂപകല്പനയ്ക്ക് ബന്ധപ്പെട്ടവർക്ക് ഒട്ടും കഴിഞ്ഞതുമില്ല.
ഭൂപ്രകൃതി മനസ്സിലാക്കിയില്ല
ഹൈവേയുടെ ആറുവരിയും അനുബന്ധ സർവീസ് റോഡുകളും ഉൾപ്പെട്ട എൻഎച്ച്-66 ഇടനാടിന്റെ താഴ്വാരത്തും അതിനുപടിഞ്ഞാറുള്ള തീരദേശത്തുംകൂടിയാണ് കടന്നുപോകുന്നത്. ഈ പ്രദേശത്തെ ഭൗമരൂപങ്ങളുടെയും ശിലാസമൂഹങ്ങളുടെയും പ്രത്യേകത രൂപകല്പനയെ എങ്ങനെ ബാധിക്കും എന്നുനോക്കാം. ഈ പാത കടന്നുപോകുന്ന ഭാഗത്തുള്ള കുന്നുകൾ, മുറിച്ച് കമിഴ്ത്തിെവച്ച ഓറഞ്ചിന്റെ ആകൃതിയിലാണ്. കുന്നുകളിൽ മിക്കവാറുമെല്ലാംതന്നെ വെട്ടുകല്ലാണ്. പരന്ന മുകൾപ്പരപ്പുള്ള ഈ കുന്നുകൾക്കിടയിൽ നിരപ്പുള്ളതും ചേറുനിറഞ്ഞതുമായ വയലുകളാണുള്ളത്. ഈ മേഖലയിലെ എല്ലാകുന്നും ചെറുതോടുകളുടെ പ്രഭവസ്ഥാനവുമാണ്. കുന്നുകൾക്കിടയിലെ പരന്ന അടിത്തട്ടുള്ള താഴ്വാരങ്ങൾ ചെറിയ ചരലുകളും വെട്ടുകല്ലും ഉൾക്കൊള്ളുന്ന പരുക്കൻ മണലും ചേറും അടിഞ്ഞുള്ളതാണ്. ഇതിനുമുകളിൽ മണലും ചെളിയുമുണ്ട്. ഉപരിതലത്തിലെ ചെളി വളരെ ഒട്ടിപ്പിടിക്കുന്ന തരത്തിലുള്ളതാണ്. സാധാരണയായി താഴ്വാരത്തിൽക്കൂടി മഴക്കാലത്ത് നല്ല ഒഴുക്കുണ്ടാകും. ഇതിൽ നല്ലൊരുഭാഗം ജലം അടിത്തട്ടിലൂടെ ബേസ് ഫ്ലോ ആയി തീരത്തേക്കും നീങ്ങും. ഈ ഒഴുക്ക് വേനൽക്കാലത്തും തുടരും. ഇവിടത്തെ ചേറിനും മണലിനും എൻ വാല്യൂ കുറവായതിനാൽ മുകളിൽ ഭാരം കയറ്റുന്നത് അപകടകരമാണ്; അത് നിർമിതികൾക്ക് നാശംസംഭവിക്കാൻ കാരണമാകും.
ഇടിച്ചിൽ എന്തുകൊണ്ട്
ഉഷ്ണമേഖലാകാലാവസ്ഥയിൽ അപചയംസംഭവിച്ച അടിസ്ഥാനശിലയുടെ അവശിഷ്ടം അവസ്ഥാന്തരം പ്രാപിച്ച് ഉണ്ടായ ശിലകളാണ് ലാറ്ററൈറ്റ് അഥവാ വെട്ടുകല്ല്. ശരിയായ പരിണാമത്തിന് വിധേയമായ വെട്ടുകല്ലിൽ നാല് പ്രധാന അടുക്കുകൾ കാണാം. ഉപരിതലത്തിൽ കടുപ്പംകൂടിയ ശിലാതലം, ഇതിനുതാഴെ സുഷിരങ്ങളുള്ള ചുവപ്പും വെള്ളയും നിറംഇടകലർന്ന ഉറപ്പുള്ള പാളി, ഇതിനുതാഴെ വെള്ളയും മഞ്ഞയും ഇടകലർന്ന ക്ലേയുടെ ഭാഗം, അതിനും താഴേക്ക് ക്ലേയുടെ അംശം ക്രമേണ കൂടിവരുകയുംചെയ്യും. സാധാരണ ശിലകളിൽ താഴേക്കുപോകുന്തോറും ശിലയുടെ കാഠിന്യവും ഭാരംവഹിക്കാനുള്ള ശേഷിയും കൂടുകയാണ് ചെയ്യുന്നത്. എന്നാൽ, വെട്ടുകല്ലിൽ ഏറ്റവും കാഠിന്യവും ഭാരവാഹകശേഷിയുമുള്ളത് ഉപരിതലത്തിനും അതിനിടയിലെ പാളിക്കുമാണ്. അതിനും താഴെയുള്ള ഭാഗം ഉറപ്പുള്ളതല്ല. ഈ ഭാഗത്ത് നിർമിതിയുടെ ഭാരംമൂലമുള്ള മർദമുണ്ടായാൽ ക്ലേ കൂടുതലുള്ള പാളി ക്രമേണ വശത്തേക്കോ മുകളിലേക്കോ പൊന്തിവരുകയും നിർമിതിക്ക് സ്ഥാനഭ്രംശം സംഭവിക്കുകയും ചെയ്യും. ഹൈവേയുടെ വശങ്ങളിൽ അശാസ്ത്രീയമായി കുത്തനെ മണ്ണെടുത്ത ഭാഗങ്ങളിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ടാകാം. റീട്ടെയിനിങ് മതിലുകൾ നിർമിച്ചാലും ഈ ഇടിച്ചിൽ തടയാൻ കഴിയില്ല.
ഓവർ ഹാങ് അപകടമുണ്ടാക്കും
റോഡിന്റെ വശങ്ങളിലെ മണ്ണെടുത്ത ഭാഗങ്ങളുടെ മുകൾഭാഗം ഒരിക്കലും റോഡിലേക്ക് ചെരിഞ്ഞുനിൽക്കുന്ന വിധത്തിലാകരുത്. ഇതിനെ ഓവർ ഹാങ് എന്നാണ് പറയുന്നത്. അടിയിൽ താങ്ങില്ലാത്തതിനാൽ ഈ ഭാഗം ഏതുസമയത്തും അടർന്നുവീഴും. ഇത്തരം ഓവർ ഹാങ് ഹൈവേയിൽ ധാരാളംഭാഗങ്ങളിൽ കാണാനാകും. ഒരു സാധാരണക്കാരനുപോലും മനസ്സിലാകുന്ന കാര്യം അശ്രദ്ധയ്ക്ക് നല്ല ഉദാഹരണമാണ്. വെട്ടുകല്ലുകുന്നുകൾ എല്ലാംതന്നെ ഒരു ചെറുതോടിന്റെയെങ്കിലും പ്രഭവ സ്ഥാനമായിരിക്കും. ഇതിൽക്കൂടി മഴക്കാലത്ത് ഒഴുകുന്ന വെള്ളം വെട്ടുകല്ലിൽ ജലപൂരിതാവസ്ഥ സൃഷ്ടിക്കും. അങ്ങനെ സംഭവിക്കുമ്പോൾ ജലം താഴേക്കും വശങ്ങളിലേക്കും ഒഴുകും. അങ്ങനെ കുഴമ്പുപരുവത്തിലാകും. ഇതുകാരണം താങ്ങ് നഷ്ടപ്പെടുന്ന കട്ടിങ്ങിന്റെ മുകൾഭാഗം ഇടിഞ്ഞുവീഴുന്നു.
ജലമാനേജ്മെന്റ് ഇല്ല
ഹൈവേ കടന്നുപോകുന്ന മറ്റൊരു ഭാഗമാണ് ഇടനാടിന് തൊട്ടുപടിഞ്ഞാറ് കാണുന്ന തീരദേശം. ഈ പ്രദേശത്ത് വെട്ടുകല്ലിന്റെ മുകളിലാണ് മണ്ണിന്റെയും ചേറിന്റെയും സ്തരങ്ങൾ കാണപ്പെടുന്നത്. നെടുെകയും കുറുെകയുമുള്ള വീതികുറഞ്ഞ ചാനലുകൾ ഈ പ്രദേശത്ത് കാണാം. വർഷകാലത്ത് ജലപൂരിതമായതിനാൽ ഉപരിതലത്തിൽത്തന്നെ വെള്ളം കെട്ടിക്കിടക്കാറുണ്ട്. ഈ ഭാഗത്ത് നല്ല വിധത്തിലുള്ള ജലമാനേജ്മെന്റ് ഇല്ലാതെ നിർമിതികൾ സുസ്ഥിരമാകില്ല എന്നതും റോഡ് നിർമിച്ചവർ ശ്രദ്ധിക്കേണ്ടിയിരുന്നു.
എൻഎച്ച് 66, അതിന്റെ അനുബന്ധ നിർമിതികൾ എന്നിവ കടന്നുവേണം പശ്ചിമഘട്ടനിരകൾ എന്ന ബൃഹത്തായ നീർത്തടത്തിൽ വീഴുന്ന ഓരോ തുള്ളി മഴയും അറബിക്കടലിലെത്താൻ. ഈ കാര്യം മറക്കാതെ വേണ്ടിയിരുന്നു റോഡ്നിർമിതി. കേരളത്തിൽ മലയിടിച്ചിലും ഉരുൾപൊട്ടലും നടക്കുന്നത് അടിസ്ഥാനശിലയിലല്ല. ഈ ശിലകളുടെ മുകളിലുള്ള അവശിഷ്ട അവസാദശിലകളാണ് പ്രശ്നമുണ്ടാക്കുന്നത്. ദേശീയപാത കടന്നുപോകുന്ന പ്രദേശങ്ങളിലെല്ലാംതന്നെ ഇത്തരത്തിലുള്ള ബലംകുറഞ്ഞ ശിലകളാണുള്ളത്. സുശക്തമായ ജലമാനേജ്മെന്റിലൂടെമാത്രമേ ഇവിടത്തെ നിർമിതികൾ സുസ്ഥിരമായി നിൽക്കൂ. ഈ കാര്യം പൂർണമായി അവഗണിക്കപ്പെട്ടതാണ് പ്രധാന പിഴവ് എന്ന് നിസ്സംശയം പറയാം.
ദേശീയപാതാ നിർമാണത്തിന്റെ ആസൂത്രണത്തിലും രൂപകല്പനയിലും നിർമാണഘട്ടത്തിലും ഭൗമഘടന അല്ലെങ്കിൽ ഭൗമശാസ്ത്രപരമായ വിവരങ്ങൾ ഏതാണ്ട് പൂർണമായും അവഗണിക്കപ്പെട്ടു. ശരിയായ ജല-ഡ്രെയിനേജ് മാനേജ്മെന്റിനുള്ള ശ്രമം ഉണ്ടായുമില്ല. പുനർനിർമിതിയിലെങ്കിലും ഈ വീഴ്ചകൾ പരിഹരിക്കാൻ കഴിയണം. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ എൻജിനിയറിങ് ഡിവിഷന്റെ ഉപദേശം തേടുകയാണ് ഉത്തമം.
(ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ ജിയോ സയൻസ് വിഭാഗത്തിന്റെ മുൻമേധാവിയും ജലമാനേജ്മെന്റ് വിദഗ്ധനുമാണ് ലേഖകൻ)
Content Highlights: Analysis of NH 66 construction flaws in Kerala, highlighting geological issues, landslides