മഴയില്ലാതെ ഇരച്ചെത്തിയ പ്രളയം; നേപ്പാളിനെ നടുക്കിയ 'ഗ്ലോഫ്' എന്താണ്? ഹിമാലയത്തിൽ സംഭവിച്ചത്

ഒരു തുള്ളി മഴപോലും പെയ്യാതെയാണ് നേപ്പാളിലെ റസുവ ജില്ലയിൽ ഭോട്ടെകോഷി, തൃശൂലി നദികൾ കരകവിഞ്ഞൊഴുകിയത്. നിമിഷങ്ങൾക്കകം എല്ലാം ഒലിച്ചുപോയി; അതിർത്തിയിലെ വ്യാപാര പാതകളും അണക്കെട്ടുകളും തകർന്നു. പ്രളയഭീതി അതിർത്തി കടന്ന് ബിഹാറിലെ ഗണ്ഡക് നദീതീരം വരെയെത്തി.
ആകാശത്ത് കരിമേഘങ്ങളോ താഴ്വരകളിൽ പേമാരിയോ ഇല്ലാതെ മലനിരകളിൽ നിന്ന് ഇരച്ചെത്തിയ ഈ കൂറ്റൻ മലവെള്ളപ്പാച്ചിലിന് പിന്നിൽ 'ഗ്ലോഫ്' (GLOF - Glacial Lake Outburst Flood) അഥവാ ഹിമതടാക വിസ്ഫോടനമാണെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
റസുവയിൽ സംഭവിച്ചതെന്ത്?
ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഭോട്ടെകോഷി നദിയിൽ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടായത്. ഈ സമയം റസുവ ജില്ലാ ആസ്ഥാനത്തോ പരിസരത്തോ മഴ പെയ്തിരുന്നില്ലെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കുന്നു.
ചൈനയുമായുള്ള നേപ്പാളിന്റെ പ്രധാന വ്യാപാര പാതയായ റസുവഗഡി അതിർത്തി കേന്ദ്രം, ടിമുറെ, സ്യാഫ്രുബെസി, ബെത്രാവതി തുടങ്ങിയ പ്രദേശങ്ങൾ നിമിഷങ്ങൾക്കകം വെള്ളത്തിനടിയിലായി. 111 മെഗാവാട്ടിന്റെ റസുവഗഡി പദ്ധതി, ചിലിമെ, തൃശൂലി-3എ ഉൾപ്പെടെ പത്തിലധികം ജലവൈദ്യുത പദ്ധതികൾ തകരുകയോ പ്രവർത്തനം പൂർണ്ണമായി നിർത്തിവെക്കുകയോ ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
ദുരന്തത്തിന്റെ പ്രഭവകേന്ദ്രം; ശാസ്ത്രലോകം പറയുന്നത്
റസുവയിൽ നിന്ന് ഏകദേശം 36 കിലോമീറ്റർ അകലെ, സമുദ്രനിരപ്പിൽ നിന്ന് 5,100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലെൻഡെ (Lhende) നദിയിലേക്ക് കൂറ്റൻ മഞ്ഞുമല ഇടിഞ്ഞുവീണതാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഹിമപാതത്തിൽ (Ice Avalanche) നദീതടം പൂർണ്ണമായി അടഞ്ഞുപോവുകയും തുടർന്ന് അവിടെ രൂപപ്പെട്ട കൂറ്റൻ ജലസംഭരണി പെട്ടെന്ന് തകർന്ന് താഴേക്ക് കുതിച്ചൊഴുകുകയുമായിരുന്നുവെന്ന് കാഠ്മണ്ഡു സർവകലാശാലയിലെ പരിസ്ഥിതി ഗവേഷകൻ പ്രൊഫ. റിജൻ ഭക്ത കായസ്ഥ വ്യക്തമാക്കിയതായി കാത്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഇതിനുപുറമേ, പ്രളയത്തിന് തൊട്ടുമുമ്പ് തിബറ്റൻ മേഖലയിൽ റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യു.എസ്. ജിയോളജിക്കൽ സർവേയും (USGS) രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പ്രകമ്പനമാകാം ഹിമപാതത്തിനോ ഹിമതടാകത്തിന്റെ തിട്ടകൾ തകരുന്നതിനോ ഇടയാക്കിയതെന്നാണ് നേപ്പാൾ ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തൽ.
എന്താണ് 'ഗ്ലോഫ്' (GLOF)?
കനത്ത മഴമൂലമുണ്ടാകുന്ന പ്രളയവും ഉരുൾപൊട്ടലും നമുക്ക് സുപരിചിതമാണ്. എന്നാൽ ഹിമാലയൻ മലനിരകളിൽ വിനാശം വിതയ്ക്കുന്ന 'ഗ്ലോഫ്' തികച്ചും വ്യത്യസ്തമായ ഒന്നാണ്.
ഉയർന്ന മലനിരകളിലെ ഹിമാനികൾ (Glaciers) ഉരുകുമ്പോൾ, ഒലിച്ചുവരുന്ന മണ്ണും പാറക്കല്ലുകളും അടിഞ്ഞുകൂടി സ്വാഭാവിക തടയണകൾ (Moraines) രൂപപ്പെടാറുണ്ട്. ഈ തടയണകളിൽ ജലം കെട്ടിക്കിടന്ന് കാലക്രമേണ വലിയ തടാകങ്ങളായി മാറുന്നു. ഇവയാണ് ഹിമതടാകങ്ങൾ.
കോൺക്രീറ്റ് ഡാമുകളെപ്പോലെ ഉറപ്പുള്ളതല്ല മണ്ണും കല്ലും മഞ്ഞും ചേർന്നുള്ള ഈ പ്രകൃതിദത്ത തിട്ടകൾ. ആഗോളതാപനം മൂലം മഞ്ഞുരുകൽ ശക്തമാകുമ്പോൾ തടാകങ്ങളിലെ ജലനിരപ്പ് അപകടകരമായ അളവിൽ ഉയരും. ഒരു ഭൂചലനമോ വലിയ ഹിമപാതമോ ഉണ്ടാകുമ്പോൾ ഈ സ്വാഭാവിക ഭിത്തികൾ തകരുന്നു.
ഈ ഭിത്തികൾ തകരുന്നതോടെ ലക്ഷക്കണക്കിന് ഘനമീറ്റർ വെള്ളവും കൂറ്റൻ പാറകളും ചെളിയും അതിവേഗതയിൽ താഴ്വരകളിലേക്ക് കുതിച്ചെത്തും. ഇതിനെയാണ് 'ഗ്ലേഷ്യൽ ലേക്ക് ഔട്ട്ബേസ്റ്റ് ഫ്ലഡ്' എന്ന് വിളിക്കുന്നത്. ആകാശത്ത് മഴമേഘങ്ങൾ പോലും കാണാനില്ലാത്തതിനാൽ താഴ്വരകളിലുള്ളവർക്ക് രക്ഷപ്പെടാനുള്ള മുന്നറിയിപ്പ് ലഭിക്കില്ലെന്നതാണ് ഇതിന്റെ വ്യാപ്തി വർധിപ്പിക്കുന്നത്.
നേപ്പാളിലെ മലവെള്ളപ്പാച്ചിൽ അയൽ സംസ്ഥാനമായ ബിഹാറിലും കനത്ത ജാഗ്രത സൃഷ്ടിച്ചിരിക്കുകയാണ്. ഭോട്ടെകോഷിയിലെ വെള്ളം തൃശൂലി നദി വഴി നേരിട്ടെത്തുന്നത് ബിഹാറിലൂടെ ഒഴുകുന്ന ഗണ്ഡക് നദിയിലേക്കാണ്.
തിബറ്റൻ മേഖലയിലെ പ്രളയത്തെ തുടർന്ന് ഭോട്ടെകോഷിയിൽ ജലനിരപ്പ് മൂന്ന് മീറ്ററോളമാണ് ഉയർന്നത്. നദിയിലെ ഒഴുക്ക് ക്രമാതീതമായി ഉയർന്നതോടെ മുൻകരുതൽ നടപടിയെന്ന നിലയിൽ വാത്മീകിനഗറിലെ ബാരേജിന്റെ മുഴുവൻ (36) ഷട്ടറുകളും ബിഹാർ സർക്കാർ തുറന്നു. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ വിദഗ്ധ സാങ്കേതിക സംഘത്തെ നിയോഗിക്കുകയും ദുരന്തനിവാരണ സേനയെ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights: Sudden flash floods hit Nepal's Bhote Koshi and Trishuli rivers without any rainfall., Scientists attribute the disaster to a Glacial Lake Outburst Flood (GLOF) caused by an ice avalanche and earthquake.