പേരുപോലെ പൊരുൾ

#വി.ഡി. സതീശന്‍ (കേരള മുഖ്യമന്ത്രി)
.
.

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉയിരും ഉയിർപ്പും ഊർജവുമായി രാഷ്ട്രീയത്തെ രൂപപ്പെടുത്തിയ പതിറ്റാണ്ടുകൾ. സോഷ്യലിസത്തിന്റെ സൗന്ദര്യത്തിലും സമത്വത്തിലും അത്രമേൽ വിശ്വസിച്ചിരുന്ന ഒരാൾ. ഗാന്ധിജിയും നെഹ്റുവുമില്ലാതെ സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് എന്തു പ്രസക്തിയെന്ന് ചോദിച്ചിരുന്ന ഒരാൾ. രാഷ്ട്രീയത്തിന്റെ വിഷമസന്ധികളിൽ അപാരമായ ഉൾക്കാഴ്ചയോടെ അങ്ങേയറ്റം സൗമ്യമായി പ്രതികരിച്ചിരുന്ന ഒരാൾ - എം.പി. വീരേന്ദ്രകുമാർ. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ തൊണ്ണൂറുവയസ്സുതികഞ്ഞേനേ.

ജീവിതത്തിൽ നാമോരോരുത്തരെയും സ്വാധീനിക്കുന്ന പല മനുഷ്യരുണ്ടാകും. കാണുന്നവരും പരിചയപ്പെടുന്നവരും കേട്ടറിഞ്ഞവരും വായിച്ചറിഞ്ഞവരുമൊക്കെ. അത്തരത്തിൽ കണ്ടറിഞ്ഞവരും വായിച്ചറിഞ്ഞവരുമായ ഒരുപാടുപേർ എന്നെയും സ്വാധീനിച്ചിട്ടുണ്ട്. അതിൽ പ്രധാനിയായിരുന്നു എം.പി. വീരേന്ദ്രകുമാർ. ഏതുവിഷയത്തെക്കുറിച്ചും ആധികാരികമായി സംസാരിക്കാൻ സാധിക്കുന്ന അറിവും അതിനെ സംവേദനക്ഷമമാക്കാൻ സാധിക്കുന്ന വാക്കുകളുടെ വിന്യാസവുമാണ് അദ്ദേഹത്തിന്റെ പ്രത്യേകത.

പ്രകൃതി, ഗാന്ധിജി

വിശ്വമാനവികതയായിരുന്നു എം.പി. വീരേന്ദ്രകുമാറിന്റെ മതം. അദ്ദേഹം എഴുതിയതും പ്രസംഗിച്ചതുമൊക്കെ പ്രകൃതിയെക്കുറിച്ചും പ്രകൃതിസംരക്ഷണത്തെക്കുറിച്ചുമായിരുന്നു; അതും കാലങ്ങൾക്കുമുൻപേ. സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും കണ്ണിലൂടെയല്ലാതെ ഗാന്ധിജിയെ പഠിക്കുകയും മനസ്സിലാക്കുകയുംചെയ്ത സോഷ്യലിസ്റ്റായിരുന്നു വീരേന്ദ്രകുമാർ. ഗാന്ധിജിയെക്കുറിച്ച് ഒട്ടേറെത്തവണ എഴുതിയിട്ടുണ്ട്. അവസാനലേഖനങ്ങളിലൊന്ന് ഗാന്ധിജിയെയും ബുദ്ധനെയും കുറിച്ചായിരുന്നു. പ്രകൃതിയെ അപാരമായി കരുതുകയും കൈയേറുകയും ചെയ്തതിന്റെ പരിണതഫലമാണ് മനുഷ്യരാശി ഇപ്പോൾ അനുഭവിക്കുന്ന സംഘർഷങ്ങൾ എന്നെഴുതിയ വീരേന്ദ്രകുമാർ ഗാന്ധിജിയും പ്രകൃതിയും തമ്മിലുള്ള ബന്ധമാണ് വാക്കുകളിലൂടെ വരച്ചുകാട്ടിയത്.

പ്രകൃതിയുടെകൂടി ആരോഗ്യം സംരക്ഷിച്ചാൽമാത്രമേ മനുഷ്യനു നിലനിൽപ്പുള്ളൂവെന്ന ആശയമാണ് വൺ ഹെൽത്ത്. ഇക്കാലത്താണ് വൺ ഹെൽത്തിനെക്കുറിച്ച് ലോകമാകെ ഗൗരവത്തോടെ സംസാരിച്ചുതുടങ്ങിയത്. എന്നാൽ, അത്തരമൊരു ആശയത്തെക്കുറിച്ച് വർഷങ്ങൾക്കുമുൻപേ വീരേന്ദ്രകുമാർ സംസാരിച്ചു.

രാഷ്ട്രീയത്തിൽനിന്ന് ഒരാൾ ആദ്യമായി പ്രകൃതിയെയും പരിസ്ഥിതിയെയുംകുറിച്ച് സംസാരിച്ചുതുടങ്ങിയത് വീരേന്ദ്രകുമാറാണ്. പുതുതലമുറയിൽപ്പെട്ട ഞങ്ങളെയെല്ലാം അങ്ങനെ സംസാരിക്കാൻ അദ്ദേഹം പ്രേരിപ്പിക്കുകയുംചെയ്തു. അക്കാലത്ത് ഞങ്ങൾ ഉണ്ടാക്കിയ ഗ്രീൻ മൂവ്‌മെന്റിനെ പലരും രാഷ്ട്രീയമായാണ് കണ്ടത്. പക്ഷേ, ഞങ്ങൾക്ക് രാഷ്ട്രീയമില്ലായിരുന്നു. സന്തുലിതവികസനമെന്ന ആശയമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. വീരേന്ദ്രകുമാർ മുഖ്യധാരാരാഷ്ട്രീയത്തിന്റെ ഭാഗമായിനിന്നുകൊണ്ടാണ് കുടിവെള്ളത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചുമൊക്കെ സംസാരിച്ചത്. പ്ലാച്ചിമടയിൽ അദ്ദേഹം നടത്തിയ പ്രസംഗങ്ങളുണ്ട്. ''ജനങ്ങൾക്കു കുടിവെള്ളം നിഷേധിക്കുന്ന ഒരു രാഷ്ട്രീയത്തെയും അംഗീകരിക്കാനാകില്ല. ലോകത്ത് കൊക്കകോള കമ്പനി പൂട്ടിപ്പോയത് പ്ലാച്ചിമടയിൽമാത്രമാണ്. നാട്ടുകാരേ, അത് നമ്മൾ നടത്തിയ സമരംകൊണ്ടാണ്. കുഞ്ഞുങ്ങൾക്ക് വിഷം തരാം, വെള്ളം ഞങ്ങൾ വിറ്റുതീർക്കട്ടെ എന്നുപറഞ്ഞാൽ, അവരോട് ഒരിക്കലും നമുക്ക് സന്ധിചെയ്യാനാകില്ല'' -അദ്ദേഹം പറഞ്ഞു. ശാസ്ത്രീയമായ പഠനം നടത്തിയാണ് അദ്ദേഹം പ്ലാച്ചിമടയിലെ ജലചൂഷണത്തിനെതിരേ പോരാടിയത്.

പുസ്തകങ്ങൾ, പിന്നെയും പുസ്തകങ്ങൾ

ഈ മനുഷ്യൻ എങ്ങനെയാണ് ഇത്രമാത്രം വായിച്ചുകൂട്ടിയതെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. വായിച്ചതും അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങൾ എത്ര മനോഹരവും ആധികാരികവുമായാണ് വീരേന്ദ്രകുമാർ അവതരിപ്പിച്ചിരുന്നത്. അതും അദ്ദേഹത്തിന്റെ അടുത്ത തലമുറയിൽപ്പെട്ട എന്നോട്. അദ്ദേഹത്തെപ്പോലെ പുതുതലമുറയെ ആകർഷിക്കുന്നരീതിയിൽ സംസാരിക്കാനാകണമെന്നതായിരുന്നു എന്റെയും ആഗ്രഹം.

വീരേന്ദ്രകുമാറിനൊപ്പമുള്ള യാത്രകൾ വലിയ അനുഭവങ്ങളാണ്. ഒരിക്കൽ കൊച്ചിയിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്ര മറക്കാനാകില്ല. ആ മനുഷ്യൻ ആരാണെന്നു മനസ്സിലായി. ഏതു വിഷയത്തെക്കുറിച്ചു ചോദിച്ചാലും അദ്ദേഹത്തിന് ആധികാരികമായി സംസാരിക്കാൻ സാധിക്കും. സുദീർഘമായ സംസാരത്തിനിടയിൽ ഒട്ടേറെ പുസ്തകങ്ങൾ ഉദ്ധരിക്കും. അതിൽ പരിചയമില്ലാത്ത പുസ്തകങ്ങളും അതിന്റെ രചയിതാക്കളുടെ പേരും ഞാൻ കുറിച്ചുവെക്കും. അങ്ങനെ ഞാൻ വായിച്ച പുസ്തകങ്ങൾ പലതുണ്ട്. സ്വാമി വിവേകാനന്ദനെക്കുറിച്ചാണ് ഒരിക്കൽ കണ്ടപ്പോൾ വീരേന്ദ്രകുമാർ സംസാരിച്ചത്. ഏതു വിഷയം പറഞ്ഞാലും അതുമായി ബന്ധപ്പെട്ട പുസ്തകത്തെക്കുറിച്ച് സംസാരിക്കും. എനിക്ക് ഇഷ്ടം ടർക്കിഷ് എഴുത്തുകാരൻ ഓർഹാൻ പാമുക്കിനെ ആണെന്ന് ഒരിക്കൽ പറഞ്ഞതോടെ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കൃതികളെയുംകുറിച്ചായി സംസാരം. കാലാവസ്ഥാമാറ്റത്തെയും പ്രകൃതിസംരക്ഷണത്തെയും കുറിച്ച് ദീർഘവീക്ഷണത്തോടെ സംസാരിച്ചു.

ഫാസിസത്തിന്റെ വിമർശകൻ

ഏകാധിപതികളെയും ഫാസിസത്തെയും എത്ര ഉൾക്കാമ്പോടെയാണ് അദ്ദേഹം 'ഫാസിസത്തിന്റെ മനശ്ശാസ്ത്രം' എന്ന ലേഖനത്തിൽ തുറന്നുകാട്ടിയത്. മനുഷ്യനെ മനുഷ്യനാക്കുന്ന എല്ലാ വികാരങ്ങളും മൂല്യങ്ങളും നശിപ്പിച്ചുകൊണ്ടാണ് ഏകശാസനാധികാരങ്ങൾ പുതിയ മനുഷ്യനെ സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ''വിശ്വസിക്കാനുള്ള മനുഷ്യന്റെ പ്രവണതയെ ഉപയോഗപ്പെടുത്തിയാണ് ഫാസിസം സാംസ്‌കാരികവും ഭൗതികവുമായ മേഖലകളെ കീഴടക്കുന്നത്. ക്രോധത്തിലും വിദ്വേഷത്തിലും അധിഷ്ഠിതമായ എല്ലാ തത്ത്വശാസ്ത്രങ്ങളും നാശത്തിലേക്കു നയിക്കുന്നു എന്ന ഗീതാവചനം എന്തുമാത്രം സത്യവും സംഗതവുമാണ്'' -എം.പി. വീരേന്ദ്രകുമാറിന്റെ വാക്കുകൾ ഇപ്പോഴും നമുക്കുചുറ്റും മുഴങ്ങുന്നുണ്ട്.

ചിലർ അവർ ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ പ്രതിനിധികളായിമാറും. വീരേന്ദ്രകുമാർ അത്തരമൊരാളാണ്. രാഷ്ട്രീയത്തിനപ്പുറം അദ്ദേഹത്തിന്റെ പ്രസംഗമാണോ എഴുത്താണോ കൂടുതൽ സ്വാധീനിച്ചതെന്ന ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ എന്റെ മുന്നിലുണ്ട്. എഴുത്തായാലും പ്രസംഗമായാലും ആ വാക്കുകൾ വരുന്നത് ഹൃദയത്തിൽനിന്നാണ്. പ്രസംഗം ഒരു കലയാണെന്ന് ഞാൻ തിരിച്ചറിയുന്നത് വീരേന്ദ്രകുമാറിൽനിന്നാണ്. സദസ്സിനെ പിടിച്ചിരുത്താനുള്ള അപാരമായസിദ്ധി, ശുദ്ധമലയാളം, അസാധ്യമായ വാക്ശേഖരം, ഗംഭീരമായ ഉൾക്കാഴ്ച, സ്വാഭാവികനർമം, ശബ്ദത്തിന്റെ വിന്യാസവും കയറ്റിറക്കങ്ങളും, ഒപ്പം അറിവിന്റെ മഹാസാഗരം അലയടിച്ചുയരും. ആരും ലയിച്ച് കേട്ടിരുന്നുപോകും.

തത്ത്വങ്ങൾ പറയാൻ എളുപ്പമാണ്. അത് പ്രായോഗികതലത്തിൽ കൊണ്ടുവരുക എന്നതാണ് പ്രയാസം. പറഞ്ഞതുപോലെ ചെയ്യുകയും ചെയ്യുന്നതുമാത്രം പറയുകയുംചെയ്യുന്ന മൂല്യങ്ങളുടെ സൂക്ഷിപ്പുകാരനായിരുന്നു വീരേന്ദ്രകുമാർ. വാക്കും പ്രവൃത്തിയും രണ്ടാകാതിരിക്കാനാണ് 48 മണിക്കൂറിനുള്ളിൽ മന്ത്രിസ്ഥാനം ഉപേക്ഷിച്ച് ഒന്നും സംഭവിക്കാത്തതുപോലെ പടിയിറങ്ങിയത്. ആ ചുരുങ്ങിയസമയത്ത് ഒപ്പിട്ട ഉത്തരവ് വനത്തിലെ മരങ്ങൾ മുറിക്കുന്നതിനെതിരേയായിരുന്നു. അതാണ് നിലപാടിന്റെ ദൃഢത. 'ബഹുമുഖപ്രതിഭ' - ഈ വിശേഷണത്തിന് പകരമാകാൻ എം.പി. വീരേന്ദ്രകുമാറിനോളം യോഗ്യതയുള്ള മറ്റാരുണ്ട്. രാഷ്ട്രീയം, സാംസ്‌കാരികം, സാഹിത്യം, മാധ്യമം, ചരിത്രം, പ്രസംഗം, ബൗദ്ധികരംഗങ്ങൾ തുടങ്ങി വിവിധമേഖലകളിലാണ് എം.പി. വീരേന്ദ്രകുമാർ അദ്ദേഹത്തെത്തന്നെ അടയാളപ്പെടുത്തിയത്. എല്ലാവർക്കും തണലേകിയ ആൽമരമായി മലയാളത്തിന്റെ തറവാട്ടുമുറ്റത്ത് പടർന്നുപന്തലിച്ചുനിൽക്കുകയാണ് എം.പി. വീരേന്ദ്രകുമാർ. പേരുപോലെത്തന്നെ എല്ലാ രംഗത്തും വീരനായൊരു മനുഷ്യൻ.

Content Highlights: A visionary socialist who integrated Gandhian principles with environmental conservatioM.P. Veerendrakumar: The Visionary Who Redefined Modern Politics