60000 കോടിയുടെ തലസ്ഥാനം; പ്രേതനഗരയില്‍ നിന്ന് ഹൈടെക്ക് സിറ്റിയിലേക്ക് കുതിക്കാന്‍ അമരാവതി

ഒരു ദശാബ്ദം മുന്‍പ് സംസ്ഥാനം വിഭജിക്കപ്പെട്ടപ്പോള്‍ ആന്ധ്രയ്ക്ക് നഷ്ടമായത് അവരുടെ അഭിമാനസ്തംഭമായ തലസ്ഥാനം കൂടിയായിരുന്നു. പുതിയൊരു തലസ്ഥാനം പരിഗണിക്കുമ്പോള്‍ അഭിമാനികളായ തെലുഗു ജനതയ്ക്ക് അത് കേവലമൊരു തലസ്ഥാന നഗരി മാത്രമായാല്‍ പോരായിരുന്നു. അഞ്ചുകോടി ജനതയുടെ സ്വപ്‌നസാക്ഷാത്കാരം എന്ന നിലയിലാണ് അത്ഭുതരാജധാനി എന്ന കണക്കേ അമരാവതി പദ്ധതി പ്രഖ്യാപിക്കപ്പെടുന്നത്. രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ശതവാഹന രാജവംശത്തിന്റെ കാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായിരുന്നു അമരാവതി. പിന്നീട് ഉപേക്ഷിക്കപ്പെട്ട കൃഷ്ണ നദീതീരത്തെ ആ മണ്ണിലാണ് തങ്ങളുടെ സ്വപ്‌നനഗരി കെട്ടിപ്പൊക്കാന്‍ 2014-ല്‍ ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ തിരുമാനിച്ചത്. എന്നാല്‍, രാഷ്ട്രീയകാരണങ്ങളാല്‍ പദ്ധതി ഉപേക്ഷിക്കപ്പെട്ടതോടെ അമരാവതി വീണ്ടുമൊരു നഷ്ടനഗരമായി മാറി. ഇപ്പോഴിതാ വീണ്ടും ഗ്രീന്‍ഫീല്‍ഡ് തലസ്ഥാന പദ്ധതിക്ക് ജീവന്‍ വെക്കുകയാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി 49,000 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് അമരാവതിയില്‍ തുടക്കം കുറിച്ചത്. വര്‍ഷങ്ങളുടെ കാലതാമസത്തിനും രാഷ്ട്രീയ വിവാദങ്ങള്‍ക്കുമൊടുവില്‍ അമരാവതിക്ക് ജീവന്‍ വെക്കുമ്പോള്‍ ആന്ധ്ര പ്രദേശ് രാഷ്ട്രീയത്തിലെ ഒരു പുതിയ അധ്യായത്തിന് കൂടിയാണ് തുടക്കമാവുന്നത്.
Content Highlights: Making of Andhra Pradesh’s capital Amaravati