'വീടുകളിൽ എന്നും അടിയും ബഹളവും സ്ത്രീകളുടെ കൂട്ടക്കരച്ചിലും'; ആ ചരിത്രതീരുമാനത്തിന് 30 വർഷം

ഫോട്ടോ: പി.പി.രതീഷ്
ഫോട്ടോ: പി.പി.രതീഷ്

സ്ത്രീകളുടെ കണ്ണീരൊപ്പാനായി സർക്കാർ കൈകൊണ്ട ധീരമായ തീരുമാനം, ചാരായ നിരോധനത്തിന് യുഡിഎഫ് ചാർത്തിയ വിശേഷണം ഇതായിരുന്നു. യുഡിഎഫ് സർക്കാരിന്റെ ആ ചരിത്രപരമായ തീരുമാനത്തിന് ഏപ്രിൽ ഒന്നിന് 30 വർഷം തികയുകയാണ്. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ 1996 ഏപ്രിൽ ഒന്നിന് ആയിരുന്നു സംസ്ഥാനത്ത് ചാരായ നിരോധനം നടപ്പിലാക്കിയത്. വ്യാജ രീതിയിൽ വാറ്റുന്ന ചാരായം മൂലം കേരളത്തിൽ നിരവധി വിഷമദ്യ ദുരന്തങ്ങൾ സംഭവിച്ചിരുന്നു. വ്യാജമദ്യം മൂലം സാമൂഹികമായും സാമ്പത്തികമായും പ്രയാസങ്ങൾ ഉണ്ടായി. ചാരായത്തിന് ആരോഗ്യപരമായുള്ള ദൂഷ്യവശങ്ങൾ ഏറെയായിരുന്നു.

ചാരായ നിരോധനത്തെ പ്രതിപക്ഷം ശക്തമായി എതിർത്തെങ്കിലും ആന്റണി സർക്കാർ ഉറച്ചുനിന്നു. കോടിക്കണക്കിന് രൂപയുടെ നഷ്ടം സർക്കാരിന് ഉണ്ടാകുമെന്ന ബോധ്യത്തിലും സ്ത്രീകളുടെ കണ്ണീരൊപ്പുമെന്ന് മുഖ്യമന്ത്രിയായിരുന്ന എകെ ആന്റണി അന്ന് വ്യക്തമാക്കി.

'ചാരായ ഷോപ്പുകൾ നിർത്തുന്നതിന്റെ ഭാഗമായി കേരള സർക്കാരിന്റെ വരുമാനത്തിൽ 250 കോടിയുടെ കുറവുണ്ടാകും. എത്ര നഷ്ടം വന്നാലും ജനജീവിതത്തെ കാർന്നുതിന്നുന്ന സാമൂഹികവിപത്ത് ഇല്ലാതാക്കിയേ മതിയാകൂ'-അന്ന് എകെ ആന്റണി പറഞ്ഞു.

എ.കെ. ആന്റണി. ഫോട്ടോ: എസ്.ശ്രീകേഷ്

എൽഡിഎഫ് അധികാരത്തിൽ വന്നാൽ ചാരായ നിരോധനം പിൻവലിക്കുമെന്ന് തറപ്പിച്ചു പറഞ്ഞെങ്കിലും പിന്നീടുവന്ന ഒരു ഇടതുസർക്കാരിനും അതിനു സാധിച്ചില്ല. സ്ത്രീകൾ സ്വാഗതം ചെയ്ത ചാരായ നിരോധനം നീക്കുന്നത് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലുകളാണ് എൽഡിഎഫിനെ പിന്നോട്ടുവലിച്ചത്.

വീടുകളിൽ എന്നും അടിയും ബഹളവും പെണ്ണുങ്ങളുടെ കൂട്ടക്കരച്ചിലുമായിരുന്നു. ഒരുപാട് സ്ത്രീകൾ തന്നോട് വന്ന് സങ്കടം പറയാറുണ്ടായിരുന്നുവെന്നും ഇവരുടെ കണ്ണീരൊപ്പാനായിരുന്നു അന്ന് ചാരായം നിരോധിച്ചതെന്നും എകെ ആന്റണി മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

'രാവിലെ വീട്ടുകാരോട് സന്തോഷത്തോടെ ചിരിച്ചും കളിച്ചും പോകുന്ന ഭർത്താവോ സഹോദരനോ മക്കളോ അല്ല ചാരായം കുടിച്ച് മടങ്ങി വരുമ്പോൾ കാണാനാകുന്നത്. കേരളത്തിലെ തീരദേശ മേഖലയിലും സംസ്ഥാനത്തെ മിക്കവാറും പ്രദേശത്തേയും കാഴ്ച ഇതുതന്നെയായിരുന്നു. വീടുകളിൽ എന്നും അടിയും ബഹളവും പെണ്ണുങ്ങളുടെ കൂട്ടക്കരച്ചിലുമാണ്. ഒരുപാട് സ്ത്രീകൾ എന്നോട് വന്ന് സങ്കടം പറയാറുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്ന് ചാരായം നിരോധിച്ചത്.

[object Object]

അതിനുശേഷം വന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞത് അവർ അധികാരത്തിൽ വന്നാൽ ചാരായ നിരോധനം എടുത്തുകളയും എന്നായിരുന്നു. ഞാൻ മാറി നായനാർ മുഖ്യമന്ത്രിയായി എത്തി. പിന്നാട് അച്യുതാനന്ദൻ വന്നു, 10 വർഷം പിണറായി വിജയനും ഭരിച്ചു. ഇവരാരും ചാരായ നിരോധനം എടുത്തു കളഞ്ഞിട്ടില്ല. എന്റെ മന്ത്രിസഭയുടെ തീരുമാനം ശരിയാണെന്ന് ഇടതുപക്ഷക്കാർ പോലും അംഗീകരിക്കുന്നു എന്നല്ലേ അതിനർഥം', എകെ ആന്റണി പറഞ്ഞു.

Content Highlights: The 1996 liquor ban was implemented by the AK Antony-led UDF government., The decision prioritized social welfare over a 250 crore revenue loss., The move aimed to stop domestic violence and address the health hazards of spurious liquor., Despite political opposition, subsequent LDF governments maintained the ban due to its positive social impact.