രാജ്യത്തിന്റെ ജിഡിപി 7.8 ശതമാനം; ഈ വളർച്ച എത്രത്തോളം യഥാർഥം?

ഈ വർഷം ഏപ്രിൽമുതൽ ജൂൺവരെയുള്ള മൂന്നുമാസം 2025-ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ 7.8 ശതമാനം എന്ന ഉയർന്ന വളർച്ചനിരക്ക് രേഖപ്പെടുത്തിയെന്ന സ്ഥിതിവിവര മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തെ 'ഹെർക്കൂലിയൻ നേട്ടം' എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുകഴ്ത്തിയത്. ''ദുരന്തം പ്രവചിച്ചവർ പരാജയപ്പെട്ടു. ഇന്ത്യ വീണ്ടും പൂത്തുലഞ്ഞു'' എന്നുപറഞ്ഞ് വിമർശകരെ പരിഹസിക്കാനും ഈ അവസരം അദ്ദേഹം പ്രയോജനപ്പെടുത്തി.
രീതിശാസ്ത്രം ശരിയോ
പക്ഷേ, കേന്ദ്രസർക്കാരിന്റെ 2019 മുതലുള്ള വളർച്ച കണക്കുകളെച്ചൊല്ലി ശക്തമായ വാദപ്രതിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. ദേശീയവരുമാനം പുനർനിർണയിക്കാൻ 2011-'12 അടിസ്ഥാനവർഷമായി സ്വീകരിച്ചുകൊണ്ടുള്ള രീതിശാസ്ത്രത്തെ ചോദ്യംചെയ്ത് മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്‌മണ്യം ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. പുതിയ രീതിപ്രകാരം 2004-'12 വരെയുള്ള വളർച്ചനിരക്ക് ഒന്നുമുതൽ ഒന്നരശതമാനംവരെ കുറയുകയും അതിനുശേഷം ഒന്നുമുതൽ ഒന്നര ശതമാനംവരെ കൂടുകയും ചെയ്തു. 7.8 ശതമാനം വളർച്ചയെന്ന കണക്ക് (ഒരു പാദത്തേത് മാത്രമാണെങ്കിലും) 2022-'23 എന്ന പുതുക്കിയ അടിസ്ഥാനവർഷത്തിന്റെയും ഇന്നേവരെ ഉപയോഗിക്കാത്ത ഡേറ്റാ ഗണങ്ങൾ ഉപയോഗിച്ച് പരിഷ്‌കരിച്ച രീതിശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിലുള്ളതാണ്. ഇന്ത്യയുടെ ഡെറ്റാ വിശ്വാസ്യതയിൽ ഐ.എം.എഫുപോലും സംശയം പ്രകടിപ്പിക്കുകയും ഔദ്യോഗികസാമ്പത്തിക സ്ഥിതിവിവരങ്ങളുടെ നിലവാരം 2025-ൽ 'ബി'യിൽനിന്ന് സിയിലേക്ക് കുറയ്ക്കുകയും ചെയ്തിരുന്നു.
അടിസ്ഥാനപരമായപ്രശ്‌നങ്ങൾ
വളർച്ചനിരക്കിനെക്കുറിച്ചുള്ള ഈ വിമർശനങ്ങൾക്ക് അടിസ്ഥാനമായി പല പ്രശ്‌നങ്ങളുണ്ട്. ഡേറ്റയുടെ ഉറവിടം, വിലക്കയറ്റം ക്രമീകരിക്കാൻ ഉപയോഗിക്കുന്ന രീതികൾ, നിശ്ചിത കാലത്തെ നാമമാത്ര കണക്കുകളെ സ്ഥിരവിലയിലെ (യഥാർഥവളർച്ച) കണക്കുകളാക്കാൻ ഉപയോഗിക്കുന്ന വില സൂചികകൾ എന്നിവയാണ് അവയിൽ പ്രമുഖം.
നിർമാണമേഖലയുമായി ബന്ധപ്പെട്ടതാണ് ഒരു പ്രധാന പ്രശ്‌നം. ആന്വൽ സർവേ ഓഫ് ഇൻഡസ്ട്രീസിന്റെ വിശ്വസനീയവും കാലങ്ങളായി പരീക്ഷിച്ച് തെളിയിച്ചതുമായ വിവരശേഖരണരീതിക്കുപകരം കമ്പനികാര്യ മന്ത്രാലയത്തിന്റെ സ്ഥിതിവിവരമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഈ രണ്ടാമത്തെ സ്രോതസ്സിന് പല പരിമിതികളുണ്ട്. അതിൽ ഉൾപ്പെടുത്തിയിട്ടുള്ള പല കമ്പനികളും നിലവിലില്ല. നിലവിലുള്ള എല്ലാ യൂണിറ്റുകളിലുംനിന്നും ഉത്പാദനം സംബന്ധിച്ച ഡേറ്റ ലഭ്യവുമല്ല. വിവരങ്ങൾ ലഭ്യമായ സംരംഭങ്ങളെ പ്രാതിനിധ്യ സ്വഭാവമുള്ള സാംപിളായി കാണാനാവില്ല. അതിനാൽ ശരാശരി ഉത്പാദനത്തെപ്പറ്റിയുള്ള കണക്കിൽ പക്ഷപാതമുണ്ടാവും. ഈ കണക്കുകൾ ഉപയോഗിക്കുമ്പോൾ പെരുപ്പിച്ച വളർച്ചനിരക്കാവും ലഭിക്കുക.
ഉത്പാദനമൂല്യവും അനുബന്ധ വിവരങ്ങളും നിലവിലെ വിലയിലാണ് (CURRENT PRICES) റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇവയുടെ യഥാർഥമൂല്യം അറിയാൻ മുൻകാലങ്ങളുമായി താരതമ്യപ്പെടുത്തി വിലക്കയറ്റത്തിന് അനുസരിച്ചുള്ള ക്രമീകരണം നടത്തേണ്ടതുണ്ട്. ഇതിനായി ഉപയോഗിക്കുന്നത് മൊത്തവില സൂചികകളാണ്. ഉപഭോക്തൃവില സൂചികകളെ അപേക്ഷിച്ച് ഇവയുടെ വർധനനിരക്ക് കുറവായിരിക്കും. അതിനാൽ ഉയർന്ന വളർച്ചയുടെ ഗുണം ജനങ്ങൾക്ക് അനുഭവത്തിൽ വരുന്നില്ലെങ്കിൽ അവരെ കുറ്റപ്പെടുത്താനാവില്ല. കാരണം അവർ സാധനങ്ങളും സേവനങ്ങളും വാങ്ങുന്നത് മൊത്തവില സൂചികകളെക്കാൾ ഉയർന്ന നിലയിലായിരിക്കും.
വളർച്ചനിരക്കിന്റെ യാഥാർഥ്യങ്ങൾ
സ്ഥിതിവിവര മന്ത്രാലയത്തിന്റെ പത്രക്കുറിപ്പുപ്രകാരം ജി.ഡി.പി.യിൽ ഏറ്റവും കൂടുതൽ സംഭാവന (27%) ചെയ്യുന്നത് ധനകാര്യം, റിയൽ എസ്റ്റേറ്റ് , ഐ.ടി., പ്രൊഫണൽ സേവനങ്ങൾ, കെട്ടിട ഉടമസ്ഥത എന്നിവയുൾപ്പെടുന്ന മേഖലയാണ്. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന വളർച്ചനിരക്ക് (12.1%) രേഖപ്പെടുത്തിയതും ഈ മേഖലയിലാണ്. കാർഷികമേഖലയുടെ വിഹിതം 17 ശതമാനമായും ഉത്പാദനമേഖലയുടേത് 13 ശതമാനമായും കുറഞ്ഞു. ഇവ രണ്ടുംകൂടി ജി.ഡി.പി.യുടെ 30 ശതമാനമേ വരുന്നുള്ളൂ. വസ്തുക്കളുടെ ഉത്പാദനം കുറയുകയും ധനകാര്യം, റിയൽ എസ്റ്റേറ്റ്, ഐ.ടി., പ്രൊഫഷണൽ സേവനങ്ങൾ എന്നിവ വർധിക്കുന്ന സമ്പദ് വ്യവസ്ഥയിലേക്ക് ഇന്ത്യ മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നുവെന്നാണ് ഈ കണക്കുകൾ നൽകുന്ന സൂചന. വിശ്വാസ്യതയെയും കൃത്യതയെയും കുറിച്ച് വിമർശനാത്മകമായി വിലയിരുത്തപ്പെടാത്ത ഡാറ്റാ സ്രോതസ്സുകൾ ഉപയോഗിച്ചുള്ള പുതിയ രീതിശാസ്ത്രം ഈ മേഖലകളിലെ ജി.ഡി.പി. കണക്കാക്കുന്നതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടാവാം. ഈ മേഖലകളിൽ സ്ഥിരവിലയിലുള്ള (ഇഛചടഠഅചഠ ജഞകഇഋട) കണക്കുകളിലേക്കെത്താൻ ഉപയോഗിക്കുന്ന, വിലവിത്യാസങ്ങൾ ക്രമീകരിക്കാനുള്ള സൂചകങ്ങൾ ഏതെന്നും വ്യക്തമല്ല. ഇന്ത്യൻ സ്ഥിതിവിവര സമ്പ്രദായം ഈ സേവനമേഖലകൾക്കായി ഇതുവരെ വിലസൂചികകൾ തയ്യാറാക്കിയിട്ടില്ലെന്നതാണ് വാസ്തവം.
അപ്പോൾ വളർച്ചയുടെ ഗുണനിലവാരത്തെപ്പറ്റിയും അതിന്റെ മേഖലാപരമായ ഘടനകളെയുംകുറിച്ച് ചോദ്യങ്ങൾ ഉയരുന്നു. ഉത്പാദനക്ഷമമായ മേഖലകളല്ല, വൻതോതിൽ പണമിടപാടുകൾ നടക്കുന്ന മേഖലകളാണ് വേഗത്തിൽ വളരുന്നത്. ഉത്പാദനമേഖലകളുടെ വളർച്ചയ്ക്ക് കാര്യമായ സംഭാവന നൽകാതെ പണമിടപാടുകൾ വർധിക്കുന്നു. ഇത് സർക്കാർ ഗൗരവമായി കാണുകയും തിരുത്തൽ നടപടികളെക്കുറിച്ച് ചിന്തിക്കുകയും വേണം.
കണക്കുകൾകൊണ്ട് എന്തുകാര്യം
ദേശീയ വരുമാനവും അതിന്റെ വളർച്ചനിരക്കും കണക്കാക്കുന്നതിൽ സാങ്കേതികമായ ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. എന്നാൽ, സമ്പദ്വ്യവസ്ഥയെക്കുറിച്ച് ജനങ്ങൾക്ക് എന്തു തോന്നുന്നു വെന്നതാണ് യഥാർഥപരീക്ഷ. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും നമ്മുടെ അടുക്കളകളിലേക്കുംവരെ വ്യാപിച്ച എണ്ണവില വർധനയും അതിന്റെ പ്രത്യാഘാതങ്ങളുടെയും ദുഷ്‌കരമായ കാലത്തിലൂടെയാണ് ഈ മൂന്നുമാസം രാജ്യം കടന്നുപോയത്. വെള്ളപ്പൊക്കങ്ങളും വരൾച്ചകളും കാർഷികോത്പാദനത്തെ ബാധിക്കുകയും ഉപജീനമാർഗങ്ങളെയും വസ്തുവകളെയും തകർക്കുകയും ചെയ്തു. പച്ചക്കറികളുടെയും മരുന്നുകളുടെയും ചില്ലറവില കൂടിക്കൊണ്ടിരിക്കുന്നു. ഒപ്പം, വർധിച്ച യാത്രച്ചെലവും എല്ലാവരെയും ബാധിക്കുന്നു. ഗ്രാമീണ ഇന്ത്യയുടെ വലിയൊരുഭാഗത്ത്, പ്രത്യേകിച്ച് മധ്യ, കിഴക്കൻ മേഖലകളിൽ ജീവിതസാഹചര്യം പരിതാപകരമാണ്. ആം ആദ്മി എന്ന് വിളിക്കപ്പെടുന്ന വലിയൊരു വിഭാഗം ജനതയ്ക്ക് ജീവിതച്ചെലവ് താങ്ങാനാവുന്ന അവസ്ഥയോ മെച്ചപ്പെട്ട തൊഴിലവസരങ്ങളിലൂടെ വരുമാന സുരക്ഷിതത്വമോ ഉറപ്പുനൽകാനായില്ലെങ്കിൽ ഈ കണക്കുകൾകൊണ്ട് എന്തു പ്രയോജനം?
കെ.പി.കണ്ണൻ തിരുവനന്തപുരത്തെ സെന്റർ ഫോർ ഡിവലപ്മെന്റ് സ്റ്റഡീസിന്റെ മുൻ ഡയറക്ടറും ജി.രവീന്ദ്രൻ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷന്റെ മുൻ അഡീഷണൽ ഡയറക്ടർ ജനറലുമാണ്
Content Highlights: Analyze India's 7.8% GDP growth rate for 2026, methodology debates, data reliability issues, and ground realities. Read the complete expert analysis now!