ഗാന്ധിജിയെ പേടിക്കുന്നവർ; ചെറിയ മനസ്സുകൾക്ക് പിടിച്ചെടുക്കാൻ കഴിയുന്നതല്ല ഗാന്ധിയും ഇന്ത്യയും

#കെ എ ജോണി
മഹാത്മഗാന്ധിയുടെ ചിത്രമുയര്‍ത്തി ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തില്‍നിന്ന് |ഫോട്ടോ:PTI
മഹാത്മഗാന്ധിയുടെ ചിത്രമുയര്‍ത്തി ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തില്‍നിന്ന് |ഫോട്ടോ:PTI

1948 ജനുവരി 30 ന് ഡൽഹിയിലെ ബിർള ഹൗസിൽ ഗാന്ധിജിക്ക് നേരെ നിറയൊഴിക്കുമ്പോൾ നാഥുറാം ഗോഡ്‌സെയുടെ കണക്കുകൂട്ടൽ ഗാന്ധിജി ഇല്ലാതാവുന്നതോടെ ഗാന്ധിജി പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളും അസ്തമിക്കും എന്നായിരുന്നു. ഗാന്ധിജിയെ വധിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർക്ക് കൃത്യമായ ആസൂത്രണവും പദ്ധതിയുമുണ്ടായിരുന്നു. പക്ഷേ , അവരുടെ ചെറിയ മനസ്സുകൾക്ക് പിടിച്ചെടുക്കാൻ കഴിയുന്നതായിരുന്നില്ല ഗാന്ധിജിയും ഇന്ത്യയും. ഗാന്ധിജിയുടെ ഇന്ത്യൻ അനുഭവങ്ങൾ ആഴമാർന്നതും ബഹുതലസ്പർശിയും ആയിരുന്നു. ബഹുസ്വരമാർന്ന ഇന്ത്യൻ ജനസമൂഹവുമായി നേർക്കുനേർ നിന്നാണ് ഈ ആശയ സംഹിതകൾ ഗാന്ധിജി രൂപപ്പെടുത്തിയത്.

രാമരാജ്യം,ഗ്രാമ സ്വരാജ് എന്നീ പരികൽപനകൾ ഗാന്ധിജിയുടെ ചിന്താ പദ്ധതികളിൽ സുപ്രധാനമാണ്. ഒരൊറ്റ വഴിയിലൂടെ മാത്രം നടക്കുന്ന ദൈവ സങ്കല്പമല്ല വ്യത്യസ്ത ധാരകളുടെ സമന്വയമാണ് ഈശ്വരൻ എന്ന കാഴ്ചപ്പാടിൽ അടിയുറച്ചു നിന്നുകൊണ്ടാണ് ഈശ്വർ അള്ളാ തേരെ നാം എന്ന മൂലമന്ത്രം ഗാന്ധിജി ഉച്ചരിച്ചത്. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്നും ഏറ്റവും പിന്നിൽ നിൽക്കുന്നയാളുടെ ഉദയവും സംഭവിക്കുമ്പോൾ മാത്രമേ രാഷ്ട്രം വിമോചിതമാവുകയുള്ളൂ എന്ന ദർശനവും പരസ്പരപൂരകമായി വർത്തിക്കുന്നു.ഒന്നാം യുപിഎ സർകാർ കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതിക്ക് ഗാന്ധിജിയുടെ പേര് നൽകിയത് ഈ ദർശനത്തിന്റെ വെളിച്ചത്തിലായിരുന്നു. ഇന്നിപ്പോൾ തൊഴിലുറപ്പ് പദ്ധതി നവീകരിക്കുന്നു എന്നവകാശപ്പെട്ട് ഗാന്ധിജിയുടെ പേര് എടുത്തുമാറ്റുമ്പോൾ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ഗാന്ധിയൻ സ്മൃതികളുടെ നിരാകരണം എന്ന തങ്ങളുടെ എക്കാലത്തെയും പദ്ധതിക്ക് പുതിയ രൂപവും ഭാവവും നൽകുകയാണ്.

അധികാരവും സത്യവും

അധികാരം കേന്ദ്രീകരിക്കപ്പെടുന്നതിനോട് ഗാന്ധിജി ഒരിക്കലും സമരപ്പെട്ടിരുന്നില്ല. അധികാരത്തോട് സത്യം വിളിച്ചുപറയുക ഗാന്ധിജിയുടെ ഡിഎൻഎ ആയിരുന്നു. സ്വാതന്ത്ര്യം കിട്ടി ആറ് മാസത്തോളമേ ഗാന്ധിജി ജീവിച്ചിരുന്നുള്ളൂ. ആ ചെറിയ കാലയളവിൽ പോലും കോൺഗ്രസ് നേതൃത്വം നൽകിയ കേന്ദ്ര സർക്കാരുമായി മുഖാമുഖം നിന്ന് വിയോജിപ്പുകൾ വ്യക്തമാക്കാൻ ഗാന്ധിജിക്ക് ഒരു മടിയുണ്ടായിരുന്നില്ല. ഫെഡറലിസം ഗാന്ധിയൻ ചിന്താ ധാരകളുമായി ഉൾചേർന്നിരിക്കുന്നു. ഈ കാഴ്ചപ്പാടിന്റെ എതിർദിശയിലാണ് ബിജെപി സർകാർ സഞ്ചരിക്കുന്നത്. സംസ്ഥാനങ്ങളെ കൂടുതൽ കൂടുതലായി കേന്ദ്ര സർക്കാരിന് വിധേയമാക്കുക എന്നത് ബിജെപി ഭരണകൂടത്തിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഒരർത്ഥത്തിൽ ഇന്ദിര ഗാന്ധിയിൽ നിന്ന് മോദി സർക്കാർ സ്വാംശീകരിച്ച ഒരു സംഗതി ഇതായിരിക്കും.

നേരത്തെ തൊഴിലുറപ്പ് പദ്ധതിയിൽ 90 ശതമാനം സാമ്പത്തിക ബാധ്യത കേന്ദ്രവും പത്ത് ശതമാനം സംസ്ഥാനവും വഹിക്കും എന്നായിരുന്നു നടപടി ക്രമം. ഇത് പുതിയ നിയമത്തിൽ 60:40 എന്നായിരിക്കുന്നു. ജിഎസ്ടി നടപ്പാക്കിയതിലൂടെ ദുർബ്ബലമായ സാമ്പത്തിക പരിസരമുള്ള പല സംസ്ഥാനങ്ങളും തൊഴിലുറപ്പിനുള്ള 40 ശതമാനം കണ്ടെത്താൻ കഷ്ടപ്പെടും. ആത്യന്തികമായി ഈ പദ്ധതിക്ക് മരണമണി മുഴക്കുകയാണ് കേന്ദ്ര സർകാർ എന്ന വിമർശം ഉയരുന്നത് ഈ പശ്ചാത്തലത്തിലാണ്.

2006 ലാണ് തൊഴിലുറപ്പ് പദ്ധതി നിലവിൽ വന്നത്. അന്നുതൊട്ടിന്നോളം 10 ലക്ഷം കോടി രൂപയാണ് ഇതിനായി ചെലവിട്ടിട്ടുള്ളത്. 15.5 കോടിയോളം വരുന്ന ദരിദ്രരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. അതിൽത്തന്നെ പല സംസ്ഥാനങ്ങളിലും 90 ശതമാനത്തോളം സ്ത്രീകൾ ആണ് തൊഴിലുറപ്പ് സേനയിലുള്ളത്. അന്തസ്സും അന്നവും ഉറപ്പാക്കി എത്രയോ തൊഴിലാളികളെ ആണ് ഈ പദ്ധതി ആത്മഹത്യയുടെ മുനമ്പിൽ നിന്നും തിരിച്ചുപിടിച്ചിട്ടുള്ളത്. ഇവർക്കായി കഴിഞ്ഞ 9 വർഷങ്ങളിൽ 10 ലക്ഷം കോടി രൂപ ചെലവിട്ടെങ്കിൽ നൂറോളം വരുന്ന ശത കോടീശ്വരന്മാർ അടങ്ങുന്ന കോർപ്പറേറ്റ് ഇന്ത്യക്കായി നികുതി ഇളവ്, വായ്പ എഴുതിത്തള്ളൽ എന്നിവയിലൂടെ ഇക്കഴിഞ്ഞ പതിറ്റാണ്ടിൽ മാത്രം 28 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർകാർ ചെലവഴിച്ചിട്ടുള്ളത്. രാജ്യത്തെ വിഭവങ്ങൾ കോർപ്പറേറ്റ് ഇന്ത്യക്കായി നീക്കിവെക്കാൻ ഒരു മടിയുമില്ലാത്തവർ നിരാലംബരും നിരാശ്രയരുമായ ജനവിഭാഗത്തിനെ കൈയൊഴിയുന്നു.

ഇന്ത്യയുടെ അസ്ഥിവാരം

ഗാന്ധിജിയോടുള്ള സംഘപരിവാറിന്റെ എതിർപ്പിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വിഭജനത്തെതുടർന്ന് പാക്കിസ്താൻ എന്ന മതരാഷ്ട്രം നിലവില വന്നപ്പോൾ ഇന്ത്യയും ആ വഴിയിലൂടെ സഞ്ചരിക്കണം എന്നതായിരുന്നു സംഘപരിവാറിന്റെ കണക്ക്കൂട്ടൽ. രാജ്യത്തെ പാഠപുസ്തകങ്ങളിൽ നിന്ന് ഗാന്ധിജിയെയും നെഹ്‌റുവിനെയും നിഷ്‌കാസനം ചെയ്യുന്ന പദ്ധതി ഇതിന് സമാന്തരമായി നടപ്പാക്കുന്നുണ്ട്. സമസ്ത ഇടങ്ങളിൽനിന്നും ഗാന്ധിജിയെയും അദ്ദേഹം മുന്നോട്ടുവെച്ച ദർശനങ്ങളെയും പടിയടച്ചു പുറത്താക്കാനുള്ള ശ്രമമാണിത്. പക്ഷെ , അങ്ങനെയങ്ങ് ഗാന്ധിജിയെ ഇല്ലാതാക്കാം എന്ന വിചാരം വ്യാമോഹമാണെന്ന് കാലവും ഇന്ത്യൻ ജനത തെളിയിച്ചുകൊണ്ടേയിരുന്നു.

കർഷക സമരം തെളിയിച്ചത്

കർഷക സമരം കൊടുമ്പിരികൊണ്ടിരിക്കെ നാല് കൊല്ലം മുമ്പ് ഉത്തർപ്രദേശിലെ മുസഫർനഗറിൽ കർഷകരുടെ മഹാസംഗമത്തിൽ ഹൃദയസ്പർശിയായ കാഴ്ചയുണ്ടായി. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി അഞ്ച് ലക്ഷത്തോളം കർഷകരാണ് മുസഫർപൂരിലേക്കെത്തിയത്. ഒരു പാട് ഓർമ്മകൾ സ്പന്ദിക്കുന്ന ഇടമാണ് മുസഫർനഗർ. 2013 ൽ ഇവിടെ നടന്ന വർഗ്ഗീയ കലാപത്തിൽ 50 പേരാണ് കൊല്ലപ്പെട്ടത്. അമ്പതിനായിരത്തോളം പേർക്ക് ജന്മനാട് വിട്ട് ഓടിപ്പോകേണ്ടി വന്നു. രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ചിറകിലേറി ഇന്ത്യ പിടിക്കാൻ ബിജെപി നടത്തിയ കരുനീക്കങ്ങളിൽ മുസഫർനഗറും അതിന്റേതായ പങ്ക് വഹിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് മുൻ പ്രധാനമന്ത്രി ചരൺസിങ് രൂപം നൽകിയ ജാഠ് - മുസ്ലിം സഖ്യം തകർക്കപ്പെടുന്നത് ഈ നീക്കങ്ങളുടെ അനന്തരഫലമായാണ്.

ഇവിടേക്കാണ് ഒരു പ്രവാഹം പോലെ കർഷകർ വന്നത്. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നടന്ന സംഗമത്തിൽ പങ്കെടുത്തുകൊണ്ട് കർഷക നേതാവ് രാകേഷ് ടിക്കായത്ത് ഉറക്കെ വിളിച്ചു : '' അല്ലാഹു അക്ബർ! അപ്പോൾ കർഷകർ പ്രതികരിച്ചു '' ഹർ, ഹർ മഹാദേവ്. '' തുടർന്നങ്ങോട്ട് മുസഫർപൂരിന്റെ അന്തരീക്ഷത്തിൽ ഈ വിളികൾ പരസ്പരപൂരിതമായി ഉയർന്നുകൊണ്ടിരുന്നു. ഒരു ജനത അവരുടെ സാഹോദര്യം വീണ്ടെടുക്കുന്നതിന്റെ അസുലഭവും അവിസ്മരണീയവുമായ മുഹൂർത്തം. ''ഈ മണ്ണിൽ ഇതിനു മുമ്പും ഈ വിളികൾ ഉയർന്നിട്ടുണ്ട്. ഇനിയങ്ങോട്ടും ഇതിവിടെ ഉയരും . ഇനി ഇവിടെ ഒരു കലാപവും ഉണ്ടാവില്ല.'' രാകേഷ് ടിക്കായത്ത് പറഞ്ഞു.

ഗാന്ധിയൻ ആശയത്തിന്റെ ഈ മഹത്തായ ആവിഷ്‌കാരം കണ്ട് ഭരണകൂടം ഞെട്ടിയുണർന്നതിന്റെ ഫലം കൂടി ആയിരുന്നു കർഷക നിയമങ്ങളുടെ പിൻവലിക്കൽ. വിഭജനത്തിന്റെ മുറിവുകൾ ഏറ്റവുമധികം അനുഭവിച്ച രണ്ടിടങ്ങളിൽ - പഞ്ചാബിലും ബംഗാളിലും- ബിജെപിക്ക് അധികാരം പിടിക്കാനായിട്ടില്ലെന്നതും ഇതോടൊപ്പം ചേർത്തുവെയ്ക്കണം.

പുസ്തകങ്ങൾ നിരോധിക്കപ്പെട്ട ഒരു രാജ്യത്ത് ഒരു സംഘം ചെറുപ്പക്കാർ ഒരു പ്രതിജ്ഞ എടുത്തതിന്റെ കഥയുണ്ട്. നിരോധിക്കപ്പെട്ട ഓരോ പുസ്തകവും മനപ്പാഠമാക്കി ഒരാൾ ജീവിക്കുന്ന പുസ്തകമായി മാറും എന്നായിരുന്നു പ്രതിജ്ഞ.

ഗാന്ധിജിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് ഇന്ത്യൻ ജനത ഇത്തരത്തിലുള്ള മറുപടി നൽകുമെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു മുസഫർപൂരിൽ കണ്ടത്. ഒരു പദ്ധതിയിൽനിന്ന് പേര് മാറ്റുന്നതുകൊണ്ട് അപ്രത്യക്ഷമാവുന്നതല്ല ഗാന്ധിജി എന്ന യാഥാർത്ഥ്യം എന്ന് ബിജെപി ഭരണകൂടം തിരിച്ചറിയണം. കാരണം ഗാന്ധിജി ഇല്ലാതാവുക എന്ന് പറഞ്ഞാൽ ഇന്ത്യ ഇല്ലാതാവുക എന്നാണർത്ഥം.