ശേഷനും ലിങ്‌ദൊയും ഓർമ്മിപ്പിക്കുന്നത്

ജനാധിപത്യത്തില്‍ പരമോന്നത അധികാരം പൗരസമൂഹത്തിലാണെന്ന് പറയുന്നത് വോട്ട് ചെയ്യാനുള്ള അവകാശത്തിന്റെ പുറത്താണ്. ഓരോ അഞ്ച് കൊല്ലം കൂടുമ്പോഴും തങ്ങളെ ഭരിക്കേണ്ടത് ആരാണെന്ന് തീരുമാനിക്കുന്നതിനുള്ള ഈ അവകാശമാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. അതുകൊണ്ടാണ് ഏറ്റവും സുപ്രധാനമായ ഭരണഘടനാ സ്ഥാപനങ്ങളിലൊന്നായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ കുറച്ച് കാലമായി പ്രതിപക്ഷവും പൗര സമൂഹത്തിലെ ചില പ്രതിനിധികളും തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമല്ലെന്ന ആരോപണമുയര്‍ത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജൂണ്‍ ആറിന് മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ചോദ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിചാരണയും വിശകലനവുമാവുന്നത് ഈ പരിസരത്തിലാണ്. രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ മറുപടി വിചിത്രമായിരുന്നു. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ കമ്മീഷനെ അപകീര്‍ത്തിപ്പെടുത്തുന്നത് തീര്‍ത്തും അസംബന്ധമാണെന്നാണ് പേര് വെയ്ക്കാതെ നല്‍കിയ മറുപടിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്. രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഭാഷയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസാരിക്കുന്നത് എന്ത്കൊണ്ടായാലും ജനാധിപത്യത്തിന് ശുഭകരമല്ല.
ഈ വിഷയത്തില്‍ രണ്ട് സംഭവവികാസങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായി. രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പാണ് ആദ്യത്തേത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുംബൈ - വിക്രൊളി മണ്ഡലത്തില്‍ വോട്ടറായ ചേതന്‍ അഹൈര്‍ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിക്കളഞ്ഞതാണ് രണ്ടാമത്തേത്. പരാതിക്കാരന്‍ ജനപ്രാതിനിധ്യ നിയമത്തിന് കീഴില്‍ തിരഞ്ഞെടുപ്പ് പരാതി നല്‍കിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ സമിപിച്ചിട്ടില്ലെന്നുമാണ് പരാതി തള്ളുന്നതിന് മുഖ്യകാരണമായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകളുണ്ടായിട്ടുണ്ട് എന്നതിന് സമൂര്‍ത്തമായ തെളിവുകളൊന്നും പരാതിക്കാരന്‍ ഹാജരാക്കിയിട്ടില്ലെന്നും ആകപ്പാടെ സമര്‍പ്പിച്ചത് ഒരു പത്രത്തില്‍ വന്ന ലേഖനമാണെന്നും കോടതിയുടെ ഉത്തരവിലുണ്ട്. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ചേതനും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പ്രകാശ് അംബദ്കറും വ്യക്തമാക്കിയിട്ടുണ്ട്.
നിയമ പോരാട്ടം അതിന്റെ വഴിക്ക് നടക്കട്ടെ. മഹാരാഷ്ട്രയില്‍ കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള തര്‍ക്കങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം. 2019 ല്‍ മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ 8.98 കോടിയായിരുന്നു. 2024 മെയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് 9.29 കോടിയായി ഉയര്‍ന്നു. അതായത് അഞ്ച് വര്‍ഷം കൊണ്ട് 31 ലക്ഷം വോട്ടര്‍മാര്‍ കൂടി. എന്നാല്‍ 2024 മെയിനും നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന നവംബറിനും ഇടയില്‍ വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന 41 ലക്ഷമാണ്. അഞ്ച് വര്‍ഷം കൊണ്ട് 31 ലക്ഷം വര്‍ദ്ധിച്ചപ്പോള്‍ അഞ്ച് മാസം കൊണ്ട് 41 ലക്ഷത്തിന്റെ വര്‍ദ്ധന. കഴിഞ്ഞ 20 വര്‍ഷത്തെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ ഇത്തരമൊരു വര്‍ദ്ധനവ് ഒരിടത്തും കാണാനില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ആരോഗ്യ- കുടംബ ക്ഷേമ വകുപ്പിന്റെ കണക്കനുസരിച്ച് മഹാരാഷ്ട്രയില്‍ പ്രായപൂര്‍ത്തിയായവരുടെ എണ്ണം 2024 ജനുവരിയില്‍ 9.54 കോടിയായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത് ഇതേ കാലയളവില്‍ അവിടെ 9.70 കോടി വോട്ടര്‍മാരുണ്ടായിരുന്നുവെന്നാണ്.
മറ്റൊരു വിചിത്രമായ കാര്യം തിരഞ്ഞെടുപ്പിന്റെ അന്ന് വൈകീട്ട് അഞ്ച് മണിക്ക് ശേഷം വോട്ടിങ്ങിലുണ്ടായ വര്‍ദ്ധനവാണ്. സാധാരണ ഗതിയില്‍ എല്ലാ തിരഞ്ഞെടുപ്പിലും വൈകീട്ട് വോട്ടിങ് ശതമാനം വര്‍ദ്ധിക്കാറുണ്ട്. എന്നാല്‍ മഹാരാഷ്ട്രയില്‍ ഇക്കുറി 76 ലക്ഷത്തോളം വോട്ടര്‍മാരാണ് വൈകീട്ട് അഞ്ച് മണിക്ക് ശേഷം വോട്ട് രേഖപ്പെടുത്തിയത്. 58.22 ശതമാനം പേരാണ് വൈകീട്ട് അഞ്ച് മണിക്കുള്ളില്‍ വോട്ട് രേഖപ്പെടുത്തിയതെങ്കില്‍ അടുത്ത ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത്വിട്ട കണക്ക് പ്രകാരം വോട്ടിങ് 66.05 ശതമാനമായി ഉയര്‍ന്നു. ഈ 7.83 ശതമാനം വര്‍ദ്ധന 76 ലക്ഷം വോട്ടുകള്‍ക്ക് തുല്ല്യമാണ്. ഇതേ കാലയളവില്‍ ഝാര്‍ഖണ്ഡിലും വോട്ടിങ് നടന്നിരുന്നു. അവിടെ ആദ്യ ഘട്ടത്തില്‍ വൈകീട്ട് അഞ്ചിനും രാത്രി 11. 30നുമിടയില്‍ 1.78 ശതമാനം വോട്ട് മാത്രമാണ് കൂടിയത്. രണ്ടാം ഘട്ടത്തില്‍ 0.86 ശതമാനവും. സാധാരണഗതിയില്‍ ഒരു തിരഞ്ഞെടുപ്പില്‍ വൈകീട്ട് അഞ്ച് മണിക്ക് ശേഷം വോട്ടുചെയ്യാനെത്തുന്നവരുടെ എണ്ണം ഏറി വന്നാല്‍ രണ്ട് ശതമാനത്തിനപ്പുറം പോകാറില്ലെന്നാണ് കണക്കുകള്‍ സഹിതം ഡോക്ടര്‍ പറകാല പ്രഭാകര്‍ വിവിധ മാദ്ധ്യമങ്ങളില്‍ എഴുതിയ ലേഖനങ്ങളില്‍ ചൂണ്ടിക്കാട്ടിയത്.
വീഡിയോ പുറത്തുവിടൂ
ഈ ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് വളരെ എളുപ്പത്തില്‍ മറുപടി പറയാം. വോട്ടിങിന്റെ വീഡിയൊ പരസ്യമാക്കിയാല്‍ മാത്രം മതി. വൈകീട്ട് അഞ്ച് മണിയോടെയാണ് വോട്ടിങ് സാധാരണഗതിയില്‍ കഴിയുക. ഈ സമയത്തിനുള്ളില്‍ ബൂത്തിനുള്ളില്‍ എത്തിയിട്ടുള്ള എല്ലാവര്‍ക്കും വോട്ട് ചെയ്യാനാവും. ഇവര്‍ക്കെല്ലവാര്‍ക്കും തന്നെ വോട്ടിങ് സ്ലിപ് കൊടുക്കും. ഇവരുടെ വിഡിയൊ എടുക്കുകയും ചെയ്യും. വോട്ടിങ് സമയപരിധിയായ വൈകീട്ട് അഞ്ച് മണിക്ക് ശേഷം വോട്ട് ചെയ്യാന്‍ വലിയ ക്യൂ ഉണ്ടായിരുന്നെങ്കില്‍ ആ വീഡിയൊ പുറത്തുവിട്ടാല്‍ ജനങ്ങള്‍ക്ക് സത്യമറിയാനാവും. പക്ഷേ, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വീഡിയൊ പുറത്തുവിടണമെന്ന് പഞ്ചാബ് - ഹരിയാന ഹൈക്കോടതി ഉത്തരവിട്ടപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് ആ വിധി അട്ടിമറിച്ചു. വോട്ടിങ്ങിന്റെ വീഡിയൊ പുറത്തുവിടുന്നത് വോട്ടറുടെ സ്വകാര്യതയുടെ ലംഘനമാണെന്ന പുതിയ നിയമം കൊണ്ടുവരികയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന മറ്റൊരു വാര്‍ത്ത കൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്നതാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിഡിയൊയും ഫോട്ടോകളും 45 ദിവസം വരെ മാത്രമേ സൂക്ഷിക്കേണ്ടതായുള്ളു എന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തവര്‍ ഈ വിവരങ്ങള്‍ ദുരുപയോഗപ്പെടുത്തിയേക്കുമെന്ന ഭയമാണ് പുതിയ ഉത്തരവിന് പിന്നിലെന്നാണറിയുന്നത്. എന്തൊക്കെ വിചിത്രമായ ഭയങ്ങള്‍ എന്ന ഇതിനെക്കുറിച്ച് പറയാനാവുകുള്ളു.
ഈ സന്നിഗ്ദ ഘട്ടത്തില്‍ രണ്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ ഓര്‍ക്കാതിരിക്കാനാവില്ല. ടി എന്‍ ശേഷനെയും ജെ എം ലിങ്ദൊയെയും. തിരഞ്ഞെടുപ്പ് കമ്മീഷന് ശരിക്കും മേല്‍വിലാസമുണ്ടാക്കാക്കൊടുത്തത് തിരുനെല്ലായി നാരായണ അയ്യര്‍ ശേഷനാണ്. ശേഷന് ശേഷം അതേ വീറോടെ തിരഞ്ഞെടുപ്പ് കമ്മീഷനെ മുന്നോട്ടുകൊണ്ടുപോയ ആളാണ് ജെ എം ലിങ്ദൊ. 2002 ലെ ഗുജറാത്ത് കലാപത്തിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് ഉടനെ നടത്തണമെന്ന അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ ആവശ്യം ലിങ്ദൊ തള്ളിക്കളഞ്ഞു. ജെ എം ലിങ്ദൊ എന്നാല്‍ ജെയിംസ് മൈക്കിള്‍ ലിങ്ദൊ ആണെന്ന് ഇന്ത്യന്‍ ജനതയെ അറിയിക്കുകയാണ് ഇതിന് മറുപടിയായി നരേന്ദ്ര മോദി ചെയ്തത്. അന്ന് പക്ഷേ, മോദിയെ തിരുത്താന്‍ ബിജെപിയില്‍ അടല്‍ ബിഹാരി വാജ്പേയി എന്ന പ്രധാനമന്ത്രിയുണ്ടായിരുന്നു. ശേഷനും ലിങ്ദൊയും ഇപ്പോള്‍ ഒരു സുവര്‍ണ്ണകാലത്തിന്റെ ഓര്‍മ്മകള്‍ മാത്രമാണ്.
ലവാസയ്ക്ക് സംഭവിച്ചത്
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചന്ന ആരോപണത്തില്‍ പ്രധാനമന്ത്രി മോദിയേയും അന്ന് ബിജെപി പ്രസിഡന്റായിരുന്ന അമിത്ഷായേയും കുറ്റവിമുക്തരാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗമായിരുന്ന അശോക് ലവാസ വിയോജിച്ചിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയും കമ്മീഷന്‍ അംഗമായിരുന്ന സുശീല്‍ ചന്ദ്രയും മോദിക്കും അമിത്ഷായ്ക്കും അനുകൂലമായ നിലപാടെടുത്തപ്പോള്‍ കമ്മീഷന്റെ ഉത്തരവില്‍ തന്റെ ഭിന്നാഭിപ്രായം കൂടി ഉള്‍പ്പെടുത്തണമെന്നാണ് ലവാസ ആവശ്യപ്പെട്ടത്. ലവാസയുടെ കുടുംബാംഗങ്ങള്‍ ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാക്കപ്പെടുന്ന കാഴചയാണ് തുടര്‍ന്നുണ്ടായത്. 2023 ല്‍ കമ്മീഷന്‍ അംഗത്വം രാജിവെച്ച് ലവാസ ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്ക് വൈസ് പ്രസിഡന്റാവാന്‍ സ്ഥലം വിടുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളെ നിയമിക്കുന്നത് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീം കോടതി ചീഫ് ജസ്റ്റിസുമടങ്ങുന്ന കമ്മിറ്റിയായിരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. ജനാധിപത്യ വിശ്വാസികളെ ഏറെ ആഹ്ലാദിപ്പിച്ച വിധിയായിരുന്നു അത്. പക്ഷേ, മാസങ്ങള്‍ക്കുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നു. ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നിശ്ചയിക്കുന്ന ക്യാബിനറ്റ് മന്ത്രിയായി മൂന്നാമന്‍. ഇന്നിപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളെ നിശ്ചയിക്കുന്ന കമ്മിറ്റിയിലെ അംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ്രപതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണ്.
ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആരാണെന്ന് ചോദിച്ചാല്‍ ഗ്യാനേഷ് കുമാര്‍ എന്ന ഉത്തരം എത്ര പേര്‍ പറയുമെന്നറിയില്ല. സ്വതന്ത്ര അസ്തിത്വം മിഥ്യയാവുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ബാദ്ധ്യതയും കടമയും തിരഞ്ഞെടുപ്പ് കമ്മിഷനുണ്ട്. അതിനുള്ള അടിയന്തര നടപടിയാണ് കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടാവേണ്ടത്.
Content Highlights: Questions arise about the Election Commission`s impartiality and transparency