ഡോ. സുകുമാർ അഴീക്കോട്, ധൈഷണികതയുടെ അഗ്നിനക്ഷത്രം

കേരളത്തിന്റെ സാംസ്‌കാരിക-ബൗദ്ധിക ചരിത്രത്തിൽ ഡോ. സുകുമാർ അഴീക്കോടിനെപ്പോലെ ഇത്രയേറെ ചർച്ച ചെയ്യപ്പെട്ടതും അതുപോലെ സ്വാധീനം ചെലുത്തിയതുമായ മറ്റൊരു വ്യക്തിത്വം അപൂർവ്വമാണ്. അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന ഈ വേളയിൽ, ആ ജീവിതത്തിലൂടെയുള്ള വിദൂരസഞ്ചാരം പോലും മലയാളിക്ക് സ്വന്തം ആത്മാഭിമാനത്തെ വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. വിമർശകനായും പ്രഭാഷകനായും പണ്ഡിതനായും അധ്യാപകനായും തിളങ്ങിയ അദ്ദേഹം യഥാർത്ഥത്തിൽ ഒരു ബൗദ്ധിക വിപ്ലവകാരി ആയിരുന്നു. 1926 മെയ് 12-ന് കണ്ണൂരിലെ അഴീക്കോട് ഗ്രാമത്തിൽ ജനിച്ച്, അറിവിന്റെ ലോകത്തേക്ക് വളർന്നു കയറിയ സുകുമാരൻ പിൽക്കാലത്ത് 'അഴീക്കോട്' എന്ന് അറിയപ്പെട്ടത് സ്വന്തം നിലപാടുകളുടെ കരുത്തു കൊണ്ടാണ്. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിൽ ഡോ. സുകുമാർ അഴീക്കോട് ഒരു വ്യക്തിയല്ല, ഒരു പ്രസ്ഥാനമാണ്. അനീതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ മുഴങ്ങിയ ഒരു സാഗരഗർജ്ജനമാണ്.
പത്താം വയസ്സിൽ പിടിപെട്ട ടൈഫോയിഡും സാമ്പത്തിക ബുദ്ധിമുട്ടുകളും ചിലപ്പോഴെല്ലാം വിഷമിപ്പിച്ചുവെങ്കിലും വിദ്യാർത്ഥിയായ സുകുമാരനെ അത് ബാധിച്ചിട്ടേയില്ല. സംസ്‌കൃത പണ്ഡിതനും സാമൂഹിക പരിഷ്‌കർത്താവുമായിരുന്ന പിതാവ് ദാമോദരൻ മാസ്റ്ററിൽ നിന്ന് അറിവിന്റെ മഹത്വവും, മാതാവ് മാധവിയമ്മയിൽ നിന്ന് പുരാണങ്ങളുടെയും കവിതകളുടെയും ആത്മീയ കരുത്തും അദ്ദേഹം ആവശ്യത്തിലധികം നേടി. ദരിദ്രനാണെങ്കിലും ശിഷ്യസമ്പത്തു കൊണ്ട് ധനികനായ അച്ഛന്റെ പുസ്തക ശേഖരമാണ് ബാലനായ സുകുമാരനെ പില്ക്കാലത്ത് പണ്ഡിതനായ അഴീക്കോടാക്കി മാറ്റിയത്. മലയാളത്തിലും സംസ്‌കൃതത്തിലും ബിരുദാനന്തരബിരുദം നേടിയ അദ്ദേഹത്തെ പരുവപ്പെടുത്തിയത് സിലബസിന് പുറത്തുള്ള അറിവുകൾ പകർന്നുനല്കിയ മഹാന്മാരായ ഗുരുക്കന്മാരായിരുന്നു. ഹെഡ്മാസ്റ്റർ രൈരു നായരുടെ കൃതിക്ക് അവതാരിക എഴുതിയ സുകുമാരനെ കുട്ടികൃഷ്ണമാരാർ 'പണ്ഡിതൻ' എന്ന് വിളിച്ചപ്പോൾ മലയാളം ഒരു പുതിയ വിമർശകന്റെ ഉദയം തിരിച്ചറിയുകയായിരുന്നു. 1944-ൽ മാതൃഭൂമിയിൽ അച്ചടിച്ചുവന്ന 'ലെനിന്റെ അദ്ഭുത കഥകൾ' എന്ന ലേഖനത്തിലൂടെയാണ് 'കെ.ടി. സുകുമാർ' എന്ന നാമത്തിൽ അഴീക്കോട് തന്റെ രചനാജീവിതം ആരംഭിക്കുന്നത്.
ആയുർവേദ പഠനത്തിൽ തുടങ്ങി ഒടുവിൽ മലയാളം അധ്യാപകനായി മാറിയ അദ്ദേഹത്തിന്റെ യാത്ര വിസ്മയകരമാണ്. ഒരു പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം തുടങ്ങിയെങ്കിലും കാലം കല്പിച്ചു നല്കിയത് അധ്യാപനമായിരുന്നു. ചിറക്കൽ രാജാസ് സ്‌കൂളിലെ സെക്രട്ടേറിയൽ കോഴ്‌സ് പഠിപ്പിക്കാൻ നിയമിതനായതോടെ മലയാളത്തിന് ലഭിച്ചത് പകരം വെക്കാനില്ലാത്ത ഒരു ഗുരുനാഥനെയായിരുന്നു. പിന്നീട് കാലിക്കറ്റ് സർവകലാശാലയിലെ മലയാളം വകുപ്പ് മേധാവിയും പ്രൊ വൈസ് ചാൻസലറും നാഷണൽ ബുക്ക് ട്രസ്റ്റ് ചെയർമാനുമായി പ്രവർത്തിച്ചു. അറിവിന്റെ ആകാശത്തെ ആ നക്ഷത്രത്തിന്റെ തിളക്കം വിന്ധ്യനും സഹ്യനുമപ്പുറവും കണ്ടറിഞ്ഞു. വിരമിച്ചശേഷവും തന്റെ ശിഷ്യരുടെ അഭ്യർത്ഥന പ്രകാരം പ്രൊഫസറുടെ കസേരയിലേക്ക് മടങ്ങിപ്പോകാൻ കാണിച്ച ആ മനസ്സ് അധ്യാപനത്തോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത പ്രണയത്തിന് തെളിവാണ്.
അഴീക്കോടിന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത് ഗാന്ധിയൻ ആദർശങ്ങളും വാഗ്ഭടാനന്ദ ഗുരുവിന്റെയും ശ്രീനാരായണ ഗുരുവിന്റെയും ദർശനങ്ങളുമാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് വാർദ്ധയിലെ സേവാശ്രമത്തിൽ വെച്ച് ഗാന്ധിജിയെ നേരിൽ കണ്ടതാണ്. മൗനവ്രതത്തിനിടയിലും ചർക്ക തിരിച്ചു പുഞ്ചിരിക്കുന്ന ഗാന്ധിജിയെ നേരിൽ കണ്ട ആ നിമിഷം തനിക്ക് ലഭിച്ച ഒരു ''നവജന്മം'' ആണെന്ന് അദ്ദേഹം വിശ്വസിച്ചു. ''ഏതൊരു നയവും പരിപാടിയും ആവിഷ്‌കരിക്കുമ്പോൾ ഹൃദയത്തിലുള്ള ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർക്കുക'' എന്ന ഗാന്ധിയൻ ഉപദേശം അദ്ദേഹം തന്റെ ജീവിത വ്രതമാക്കി മാറ്റി. സ്ഥാനമാനങ്ങളോട് അനാസക്തി പുലർത്തിയിരുന്ന അഴീക്കോട്, അക്കാദമി പദവികൾ അലങ്കാരമായി കണ്ടിരുന്നില്ല. തേടിയെത്തിയ പദവികൾ ഒന്നും അദ്ദേഹത്തിന്റെ നട്ടെല്ലിനെ വളച്ചതുമില്ല. ആദർശങ്ങൾ ബലികഴിക്കപ്പെടുന്നു എന്ന് തോന്നിയ ഘട്ടങ്ങളിലെല്ലാം അദ്ദേഹം പദവികൾ വലിച്ചെറിഞ്ഞു. കേരള സാഹിത്യ അക്കാദമിയിൽ സാഹിത്യകാരൻ അപമാനിക്കപ്പെട്ടു എന്ന് തോന്നിയപ്പോൾ തന്റെ വിശിഷ്ടാംഗത്വം ഉപേക്ഷിച്ചു. ശ്രീനാരായണ ഗുരുവിനോടുള്ള അദ്ദേഹത്തിന്റെ ആരാധനയ്ക്ക് പരിധിയില്ലായിരുന്നു. ദേശമിത്രത്തിന്റെ പത്രാധിപരായിരിക്കെ താനറിയാതെ ഗുരുവിനെ ആക്ഷേപിക്കുന്ന ലേഖനം വന്നതിൽ പ്രതിഷേധിച്ച് ജോലി രാജി വച്ചു. 'ഗുരുവിന്റെ ദുഃഖം' എന്ന കൃതിയിലൂടെ ഗുരുവിനെതിരെയുള്ള നീക്കങ്ങളെ ശക്തിയായി പ്രതിരോധിച്ചു. കേരള സാഹിത്യ അക്കാദമിയിൽ നിന്നും അദ്ദേഹം നടത്തിയ പ്രതിഷേധ പ്രസംഗങ്ങൾ മലയാളിയുടേയും മലയാള സാഹിത്യകാരന്റെയും ആത്മാഭിമാനത്തിന്റെ പ്രഖ്യാപനങ്ങളായിരുന്നു.
സാഹിത്യ വിമർശനത്തിന്റെ മേഖലയിൽ അഴീക്കോട് ഒരു വിപ്ലവകാരിയായിരുന്നു. സ്തുതിപാഠകരിൽ നിന്നും വൈകാരികമായ വായനകളിൽ നിന്നും മോചിപ്പിച്ച്, ശാസ്ത്രീയവും ദാർശനികവുമായ ഒരു തലത്തിലേക്ക് വിമർശന സാഹിത്യത്തെ അദ്ദേഹം വളർത്തി. ''കലയുടെ കനലിലൂടെ'' തുടങ്ങിയ അദ്ദേഹത്തിന്റെ ഗ്രന്ഥയാത്ര ''ആശാന്റെ സീതാകാവ്യം'', ''രമണനും മലയാളകവിതയും'' എന്നിവ കടന്ന് മലയാള സാഹിത്യത്തിൽ വളരെയേറെ ചർച്ചകൾക്ക് വേദിയൊരുക്കിയ 'ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു'' എന്ന കൃതിയിലെത്തി. കുട്ടികൃഷ്ണമാരാർ ഗ്രന്ഥനാമം നിർദ്ദേശിച്ച ''ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു'' എന്ന കൃതി സൃഷ്ടിച്ച കോളിളക്കം മലയാള സാഹിത്യ ചരിത്രത്തിലെ സമാനതകളില്ലാത്ത അധ്യായമാണ്.
''തത്വമസി''യിലൂടെ ഉപനിഷത്തുക്കളുടെ പൊരുൾ മലയാളിയെ പഠിപ്പിച്ച പണ്ഡിതൻ മാത്രമല്ല അദ്ദേഹം. അനീതികൾക്കെതിരെയും അധികാര ദുർവിനിയോഗങ്ങൾക്കെതിരെയും മുഴങ്ങിയ വിട്ടുവീഴ്ചയില്ലാത്ത ശബ്ദമായിരുന്നു. ശ്രീനാരായണ ഗുരുവിനോടും വാഗ്ഭടാനന്ദ ഗുരുവിനോടും അദ്ദേഹം പുലർത്തിയ ആദരവ് കേവലം ഭക്തിയല്ലായിരുന്നു, മറിച്ച് അവരിലെ വിപ്ലവകരമായ ചിന്തകളെ മലയാളിക്ക് വീണ്ടും പരിചയപ്പെടുത്താനുള്ള ശ്രമമായിരുന്നു. വാഗ്മി എന്ന നിലയിൽ ലോകത്തിന്റെ പല കോണുകളിലും അഴീക്കോടിന്റെ ശബ്ദം മുഴങ്ങി. തന്റെ വീട്ടിൽ അതിഥിയായി എത്തിയ വാഗ്ഭടാനന്ദനിൽ നിന്നാണ് പ്രസംഗകലയുടെ ആദ്യപാഠങ്ങൾ അദ്ദേഹം സ്വായത്തമാക്കിയത്. 1945-ൽ പത്തൊമ്പതാം വയസ്സിൽ കുമാരനാശാന്റെ തത്വചിന്തയെക്കുറിച്ച് നടത്തിയ പ്രസംഗമായിരുന്നു അഴീക്കോടിന്റെ അരങ്ങേറ്റം. പിന്നീട് ലോകം കണ്ടത് വാക്കുകൾ കൊണ്ട് വിസ്മയം തീർക്കുന്ന പ്രഭാഷകനെയാണ്. 1986-ൽ മദ്രാസിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പങ്കെടുത്ത അക്രൈസ്തവരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ അദ്ദേഹം നടത്തിയ കൃതജ്ഞതാപ്രസംഗം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.
ഗാന്ധിജിയെക്കുറിച്ച് മൂവായിരത്തിലധികം പ്രഭാഷണങ്ങൾ നടത്തിയപ്പോഴും അദ്ദേഹം ലക്ഷ്യം വെച്ചത് മനുഷ്യത്വത്തിന്റെ ഉണർവായിരുന്നു. അനുയായികൾ പോലും ഗാന്ധിജിയെ മറന്നുതുടങ്ങിയ കാലത്ത് 125 ഗ്രാമങ്ങളിൽ നേരിട്ടുചെന്ന് പ്രഭാഷണങ്ങൾ നടത്തിക്കൊണ്ടാണ് അദ്ദേഹം ഗാന്ധിയൻ ദർശനങ്ങളെ ജനകീയമാക്കിയത്. നാഷണൽ ബുക്ക് ട്രസ്റ്റ് ചെയർമാനായിരിക്കുമ്പോൾ ഓഫീസിലെ മറുപുറം ശൂന്യമായ കടലാസുകൾ മറുപടി കത്തുകൾക്കായി ഉപയോഗിച്ചും, തന്റെ വസ്ത്രങ്ങൾ കീറുമ്പോൾ സ്വയം തുന്നി ഉപയോഗിച്ചും അദ്ദേഹം ഗാന്ധിയൻ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തി. കടലാസ് കഷ്ണങ്ങൾ തുന്നിക്കെട്ടി അതിൽ എഴുതിയ അവതാരികകൾ ലാളിത്യത്തിന്റെയും വിഭവസംരക്ഷണത്തിന്റെയും പ്രതീകങ്ങളായിരുന്നു. ആ ഗാന്ധിയൻ ലാളിത്യം ഇന്നത്തെ ഭരണാധികാരികൾക്ക് വലിയൊരു മാതൃകയാണ്.ഇംഗ്ലിഷിലും മലയാളത്തിലും ഒരുപോലെ അഗാധപാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം കൊൽക്കത്തയിലും ഡൽഹിയിലും ബാംഗ്ലൂരിലും നടത്തിയ പ്രസംഗങ്ങൾ ചരിത്രത്താളുകളിൽ ഇടംപിടിച്ചവയാണ്.
1980-ൽ രൂപംകൊണ്ട 'നവഭാരത വേദി'യിലൂടെ കേരളമൊട്ടാകെ ഒരു പുതിയ സാംസ്‌കാരിക അന്തരീക്ഷം സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചു. 1961-ൽ രാഷ്ട്രീയ ഗോദയിൽ ഇറങ്ങിയെങ്കിലും പരാജയപ്പെട്ടതിനെ 'മഹാഭാഗ്യം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ആ പരാജയത്തിലൂടെയാണ് രാഷ്ട്രീയ ചങ്ങലകളില്ലാത്ത, സത്യം വിളിച്ചുപറയുന്ന ഒരു സ്വതന്ത്ര ചിന്തകനെ ലഭിച്ചത്. അധികാരത്തിന്റെ സുഖസൗകര്യങ്ങൾക്കും പ്രീണനങ്ങൾക്കും വഴങ്ങാത്ത ആ ശബ്ദം എപ്പോഴും മനുഷ്യത്വത്തിന്റെ പക്ഷത്തായിരുന്നു.നട്ടെല്ലിനെ ബാധിച്ച അർബുദത്തെപ്പോലും തന്റെ ധൈഷണികമായ കരുത്ത് കൊണ്ട് അദ്ദേഹം നേരിട്ടു. രോഗശയ്യയിൽ ആയിരുന്നിട്ടും ആത്മകഥയുടെ രണ്ടാം ഭാഗം പ്രകാശനം ചെയ്തു. 2012 ജനുവരി 24-ന് ആ മഹാപണ്ഡിതൻ വിടവാങ്ങിയെങ്കിലും, അദ്ദേഹം ബാക്കിവെച്ച ചിന്തകളുടെ പൂർത്തീകരണത്തിനായി 2003-ൽ തന്നെ രൂപം കൊണ്ട 'ഡോ. സുകുമാർ അഴീക്കോട് ട്രസ്റ്റ്' പ്രവർത്തിച്ചുവരുന്നു. അധർമ്മങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ഇന്നും മലയാളിയുടെ ഉള്ളിൽ മുഴങ്ങുന്നത് അഴീക്കോടിന്റെ ആ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം തന്നെയാണ്. ആ ധൈഷണിക പ്രഭാവത്തിന് മുന്നിൽ പ്രണാമം.
(തിരുവനന്തപുരം നാഷണൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ആണ് ലേഖകൻ)
Content Highlights: Celebration of Dr. Sukumar Azhikode's centennial influence on Kerala's cultural landscape., Highlighting his transition from a journalist to a revolutionary literary critic and academic., Emphasis on his commitment to Gandhian values and fearless stance against injustice., Recognition of his seminal works like 'Tatvamasi' and his role as a legendary orator., Legacy preserved through the Dr. Sukumar Azhikode Trust established in 2003.