സമാധാനവാദവും യുദ്ധവും ഒരുമിച്ച്; നൊബേലിനായി വീണ്ടും അവകാശം ഉന്നയിച്ച് ട്രംപ്, നാളെ പ്രഖ്യാപനം

‘എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു, ലോകത്തിന്റെ സമ്പൂർണ നാശം തടഞ്ഞു’ എന്ന പ്രഖ്യാപനത്തോടെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിനായുള്ള തന്റെ അവകാശവാദം വീണ്ടും ഉന്നയിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രസിഡന്റ് പദവിയിൽ എത്തിയശേഷം ഈ പ്രസ്താവന എത്രാമത്തെ തവണയാണ് ആവർത്തിക്കുന്നതെന്ന് ഒരുപക്ഷേ, ട്രംപിനുപോലും ഓർമയുണ്ടാകില്ല. ലോകത്തിലെ പ്രധാന സംഘർഷങ്ങളിലെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുവഹിക്കുന്ന ഒരു രാഷ്ട്രത്തലവന്റെ ജൽപനങ്ങൾ!
ചരിത്രത്തിൽ മറ്റാരെക്കാളും ഈ ബഹുമതിക്ക് അർഹൻ താനാണെന്നാണ് ട്രംപിന്റെ വാദം. നേരത്തെ വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയിൽനിന്ന് പുരസ്കാര മെഡൽ സ്വീകരിച്ചതും നൊബേൽ ലഭിക്കാത്തതിനെത്തുടർന്ന് നോർവീജിയൻ ഭരണകൂടത്തിനുമേൽ ഭീഷണിയും സമ്മർദവും ചെലുത്തിയതും ആഗോളതലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. സമാധാനത്തിന്റെ അപ്പോസ്തലനാണെന്ന് നിരന്തരം വിശേഷിപ്പിക്കുമ്പോഴും ഇറാനെ യുദ്ധത്തിലേക്ക് തള്ളിവിട്ടത് ട്രംപാണ്. പശ്ചിമേഷ്യയിലും യുക്രൈനിലും ചെങ്കടലിലുമടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന പ്രധാന യുദ്ധങ്ങളിലും തർക്കങ്ങളിലും അമേരിക്കയ്ക്കുള്ള പങ്കും ചെറുതല്ല. യുദ്ധങ്ങൾ തടഞ്ഞു എന്ന് ട്രംപ് അവകാശപ്പെടുന്ന അതേനിമിഷങ്ങളിലും അമേരിക്ക ലോകത്തെ പല യുദ്ധങ്ങളിലും പങ്കാളിയായിക്കൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത.
പുതിയതല്ല, ട്രംപിന്റെ നൊബേൽ മോഹം
പുരസ്കാരം മോഹിക്കുന്നത് ഒരു തെറ്റല്ല. എന്നാൽ, അത് സമാധാന നൊബേൽ ആകുമ്പോൾ, ആ പുരസ്കാരം ആഗ്രഹിക്കുന്നത് ട്രംപിനേപ്പോലൊരാൾ ആകുമ്പോൾ ചരിത്രത്തിലേക്ക് ആരുമൊന്ന് പിന്തിരിഞ്ഞ് നോക്കിപ്പോകും. നൊബേൽ സമാധാന പുരസ്കാരത്തിനായുള്ള ട്രംപിന്റെ കാത്തിരിപ്പിനും അവകാശവാദങ്ങൾക്കും വർഷങ്ങളുടെ പഴക്കമുണ്ട്. 2018-ൽ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി സമാധാന ഉച്ചകോടിയും ചർച്ചകളും ആരംഭിച്ചതോടെയാണ് തനിക്ക് സമാധാന നൊബേൽ ലഭിക്കണമെന്ന് ട്രംപും അനുയായികളും പരസ്യമായി വാദിക്കാൻ തുടങ്ങിയത്. പിറ്റേവർഷം മുൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് നൊബേൽ നൽകിയതിനെ ട്രംപ് വിമർശിച്ചു. ഒബാമയ്ക്ക് ലഭിച്ചെങ്കിൽ തനിക്ക് പല കാരണങ്ങൾ കൊണ്ടും ഒന്നിലധികം തവണ അത് ലഭിക്കേണ്ടതായിരുന്നു എന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ തന്നെ നൊബേലിനായി നാമനിർദേശം ചെയ്തതായും അദ്ദേഹം അവകാശപ്പെട്ടു. മാത്രമല്ല, ആഗോള വിഷയങ്ങളിൽ സമാധാനം കൊണ്ടുവന്നിട്ടും നൊബേൽ കമ്മിറ്റി പക്ഷപാതിത്വം കാണിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.
2020 സെപ്റ്റംബറിൽ നോർവീജിയൻ പാർലമെന്റ് അംഗമായ ക്രിസ്റ്റ്യൻ ടൈബ്രിംഗ്-ജെദ്ദെ ട്രംപിനെ നൊബേലിനായി നാമനിർദേശം ചെയ്തു. യു.എ.ഇ, ബഹ്‌റൈൻ തുടങ്ങിയ അറബ് രാജ്യങ്ങളുമായി ഇസ്രയേൽ ഒപ്പുവെച്ച 'അബ്രഹാം കരാറുകൾക്ക്' മധ്യസ്ഥത വഹിച്ചതിന്റെ പേരിലായിരുന്നു നാമനിർദേശം. ഇതിനുപിന്നാലെ തനിക്ക് പുരസ്കാരം ഉറപ്പാണെന്ന രീതിയിൽ ട്രംപ് പ്രചാരണങ്ങൾ നടത്തി. മാത്രമല്ല, 2019-ൽ നൊബേൽ നേടിയ എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദിനെ ലക്ഷ്യമിട്ട് പ്രസ്താവനകൾ നടത്തുകയും ചെയ്തു. താൻ ഉണ്ടാക്കിയ കരാറിന്റെ പേരിൽ മറ്റൊരാൾക്ക് നൊബേൽ ലഭിച്ചു എന്ന് ട്രംപ് തിരഞ്ഞെടുപ്പ് റാലികളിൽ അവകാശപ്പെട്ടു. എറിട്രിയയുമായുള്ള അതിർത്തി തർക്കം പരിഹരിച്ചതിനാൽ എറിട്രിയൻ സമാധാന പ്രക്രിയയുമായി കൂട്ടിക്കുഴച്ചാണ് തനിക്ക് സമാധാന നൊബേലിന് അർഹതയുള്ളതായി ട്രംപ് വാദിച്ചത്.
രണ്ടാംവട്ടം ഭരണത്തിലെത്തിയ ശേഷവും ട്രംപ് തന്റെ അവകാശവാദങ്ങൾ ആവർത്തിച്ചു. താൻ പ്രസിഡന്റായിരുന്ന കാലത്ത് പുതിയ യുദ്ധങ്ങളൊന്നും തുടങ്ങിയില്ലെന്നായിരുന്നു പ്രധാന അവകാശവാദം. റഷ്യ-യുക്രൈൻ, ഇസ്രയേൽ-ഗാസ യുദ്ധങ്ങൾ താൻ അധികാരത്തിലുണ്ടായിരുന്നെങ്കിൽ സംഭവിക്കില്ലായിരുന്നുവെന്നും ട്രംപ് ആവർത്തിച്ചു. തന്റെ രണ്ടാം ഭരണകാലത്ത് അധികാരത്തിലേറി മാസങ്ങൾക്കകം ആറ് മുതൽ എട്ടുവരെ യുദ്ധങ്ങൾ താൻ പരിഹരിച്ചുവെന്ന അവകാശവാദത്തോടെ പ്രചാരണം ശക്തമാക്കി. നാലുമുതൽ അഞ്ച് തവണവരെ തനിക്ക് പുരസ്കാരം ലഭിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മറ്റൊരു പ്രസിഡന്റും ചെയ്യാത്ത കാര്യങ്ങളാണ് താൻ നിർവഹിച്ചതെന്നും എട്ട് യുദ്ധങ്ങൾ പരിഹരിച്ച തന്നെ പുരസ്കാരത്തിനായി പരിഗണിച്ചില്ലെങ്കിൽ അത് നൊബേൽ കമ്മിറ്റിയുടെ അന്തസ്സിനുതന്നെ വലിയ കളങ്കമായിരിക്കുമെന്നാണ് ട്രംപിന്റെ പുതിയ വാദം.
നൊബേലിനായി പ്രസ്താവനകളും സമ്മർദ തന്ത്രങ്ങളും
ഔചിത്യബോധം എത്രകോടി ഡോളർ കൊടുത്താലും കിട്ടില്ലെന്ന് ട്രംപ് പലവട്ടം തെളിയിച്ചിട്ടുണ്ട്. സമാധാന പുരസ്കാരം നേടിയെടുക്കാൻ ട്രംപ് നടത്തിയ പല പ്രസ്താവനകളും അന്താരാഷ്ട്ര തലത്തിൽ പരിഹാസത്തിനും വിമർശനത്തിനും വഴിവെച്ചിട്ടുണ്ട്. 2009-ൽ ബരാക് ഒബാമയ്ക്ക് നൊബേൽ നൽകിയതിനെ ട്രംപ് നിരന്തരം പരിഹസിച്ചു. എന്തിനാണ് തനിക്ക് പുരസ്കാരം ലഭിച്ചതെന്ന് ഒബാമയ്ക്ക് പോലും അറിയില്ലായിരുന്നു എന്നായിരുന്നു ട്രംപിന്റെ പരിഹാസം. തന്റെ പേര് 'ഒബാമ' എന്നായിരുന്നെങ്കിൽ 10 സെക്കൻഡിനുള്ളിൽ തനിക്ക് നൊബേൽ കിട്ടുമായിരുന്നു എന്നും ട്രംപ് പറയുകയുണ്ടായി. തനിക്ക് നൊബേൽ സമാധാന പുരസ്കാരം നൽകാതിരുന്നാൽ അത് അമേരിക്കയ്ക്ക് വലിയ അപമാനമായിരിക്കുമെന്നും നൊബേൽ സമിതിയുടെ അയോഗ്യതയായിരിക്കും അതെന്നുവരെ ട്രംപ് പറഞ്ഞു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആണവ സംഘർഷം തടഞ്ഞ് ഒരു കോടിയോളം ആളുകളുടെ ജീവൻ രക്ഷിച്ചുവെന്ന് ട്രംപ് വാദിച്ചു. യുദ്ധത്തിലേക്ക് കടന്നാൽ ഇരുരാജ്യങ്ങൾക്കും മേൽ 350 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുദ്ധം തടഞ്ഞതെന്നായിരുന്നു വാദം. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും തന്നോട് നന്ദി പറഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, ഈ വിഷയത്തിൽ മൂന്നാം കക്ഷി മധ്യസ്ഥതയൊന്നുമില്ലെന്ന് വ്യക്തമാക്കി ഇന്ത്യ ട്രംപിന്റെ അവകാശവാദം നിഷ്കരുണം തള്ളി. ഇന്ത്യയും പാകിസ്താനും നേരിട്ടാണ് വെടിനിർത്തൽ തീരുമാനിച്ചതെന്നും ഇന്ത്യ വ്യക്തമാക്കി.
ഇതിന് പിന്നാലെ കംബോഡിയൻ പ്രധാനമന്ത്രി ട്രംപിനെ നൊബേലിനായി നാമനിർദ്ദേശം ചെയ്തു. കംബോഡിയൻ ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന 49 ശതമാനം തീരുവ 19 ശതമാനമായി കുറച്ചുനൽകിയതിനെ തുടർന്നായിരുന്നു ഈ ഉപകാര സ്മരണ. ഇതിനിടെ നോർവേ ധനമന്ത്രിയുമായി ഫോണിൽ സംസാരിക്കുമ്പോൾ നൊബേൽ വിഷയമുന്നയിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ട്രംപിനെ പരിഹസിച്ച് അമേരിക്കയിൽനിന്നുതന്നെ ആളുകൾ രംഗത്ത് എത്തി. ട്രംപിന്റെ കഴിവുകെട്ട നയങ്ങൾ കാരണം ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകാൻ ഇടയായതിനാണ് ട്രംപിന് നൊബേൽ നൽകേണ്ടതെന്നായിരുന്നു മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിന്റെ പരിഹാസം.
നൊബേൽ മെഡൽ ചോദിച്ചുവാങ്ങി ട്രംപ്
വെനസ്വേലൻ പ്രതിപക്ഷനേതാവും ജനാധിപത്യ പോരാളിയുമായ മരിയ കൊറിന മച്ചാഡോയ്ക്കാണ് 2025-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്. എന്നാൽ, ഇതിനുപിന്നാലെ വിചിത്രമായ സംഭവവികാസങ്ങളാണ് അരങ്ങേറിയത്. 2026 ജനുവരിയിൽ വൈറ്റ് ഹൗസിലെത്തി മച്ചാഡോ തനിക്ക് ലഭിച്ച നൊബേൽ സ്വർണ മെഡൽ ട്രംപിന് സമ്മാനിച്ചു. എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചതുകൊണ്ടാണ് മച്ചാഡോ ഈ മെഡൽ തനിക്ക് വാഗ്ദാനം ചെയ്തതെന്നും അത് സ്വീകരിച്ചത് വലിയ ബഹുമതിയാണെന്നും ട്രംപ് ന്യായീകരിച്ചു. എന്നാൽ, ഈ നീക്കം നൊബേൽ ഫൗണ്ടേഷൻ തള്ളി. സമാധാന നൊബേൽ സമ്മാനം പ്രതീകാത്മകമായി പോലും മറ്റൊരാൾക്ക് കൈമാറാനോ, പങ്കുവെക്കാനോ, റദ്ദാക്കാനോ സാധ്യമല്ലെന്ന് നൊബേൽ ഫൗണ്ടേഷൻ വ്യക്തമാക്കി. പുരസ്കാരം മച്ചാഡോയുടേതായി തന്നെ തുടരുമെന്നും അറിയിച്ചു.
നൊബേൽ കിട്ടാത്തതിലുള്ള നിരാശയിൽ നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോറിന് ട്രംപ് സന്ദേശമയച്ചു. എട്ട് യുദ്ധങ്ങൾ നിർത്തലാക്കിയിട്ടും നോർവേ തനിക്ക് നൊബേൽ നൽകാത്തതിനാൽ ഇനി താൻ സമാധാനത്തെക്കുറിച്ച് ചിന്തിക്കാൻ ബാധ്യസ്ഥനല്ലെന്നായിരുന്നു വെല്ലുവിളി. ഗ്രീൻലൻഡ് പിടിച്ചെടുക്കുന്നതടക്കമുള്ള അമേരിക്കൻ താല്പര്യങ്ങളിൽമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ ഉയർന്ന തീരുവ ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. സമാധാന നൊബേൽ തീരുമാനിക്കുന്നത് നോർവേ ഭരണകൂടമല്ലെന്നും പൂർണമായും സ്വതന്ത്രമായ നൊബേൽ കമ്മിറ്റിയാണെന്നും നോർവീജിയൻ പ്രധാനമന്ത്രി വ്യക്തമായ മറുപടി നൽകി.
‘തടഞ്ഞ എട്ട് യുദ്ധങ്ങ’ളും തുടരുന്ന അനേക സംഘർഷങ്ങളും
അധികാരത്തിലിരുന്നപ്പോഴും അതിനുശേഷവും എട്ട് യുദ്ധങ്ങൾ/സംഘർഷങ്ങൾ പരിഹരിച്ചെന്നാണ് ട്രംപിന്റെ പ്രധാന അവകാശവാദം. ഇന്ത്യ- പാകിസ്താൻ തർക്കം, ഇസ്രായേൽ-ഇറാൻ സംഘർഷം, കംബോഡിയ- തായ്ലൻഡ് അതിർത്തി തർക്കം, സെർബിയ -കൊസോവോ യുദ്ധസാധ്യത, റുവാണ്ട- ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ സംഘർഷം, ഈജിപ്ത്- എത്യോപ്യ (നൈൽ അണക്കെട്ട്) തർക്കം, അർമേനിയ- അസർബൈജാൻ യുദ്ധം, ഇസ്രായേൽ-ഗാസ/അറബ് രാജ്യങ്ങളുമായുള്ള അബ്രഹാം കരാറുകൾ എന്നിവയാണ് ട്രംപ് അക്കമിട്ട് നിരത്തുന്നത്. ഇതിനു പുറമേ അഫ്ഗാനിസ്താനിൽനിന്ന് താലിബാനുമായുള്ള കരാറിലൂടെ സൈന്യത്തെ പിൻവലിച്ചതും സിറിയയിലും ഇറാഖിലും ഐസിസിനെ തോൽപ്പിച്ച് ഖലീഫത്ത് തകർത്തതും 20 വർഷത്തെ യുദ്ധങ്ങൾ അവസാനിപ്പിച്ചതായി ട്രംപ് ഉയർത്തിക്കാട്ടുന്നു.
സമാധാനം പ്രചരിപ്പിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലോകത്തുണ്ടായ പ്രധാന യുദ്ധങ്ങളിലും സംഘർഷങ്ങളിലും അമേരിക്കയ്ക്ക് നേരിട്ടോ പരോക്ഷമായോ വലിയ പങ്കാളിത്തമുണ്ട്. അമേരിക്ക നേതൃത്വം നൽകുന്ന നാറ്റോ കൂട്ടായ്മ വഴി യുക്രൈന് ബില്യൺ കണക്കിന് ഡോളറിന്റെ അത്യാധുനിക ആയുധങ്ങളും സാമ്പത്തിക സഹായവും സൈനിക ഇന്റലിജൻസ് വിവരങ്ങളും നൽകി റഷ്യയ്ക്കെതിരായ യുദ്ധം നിലനിർത്തുന്നതിൽ അമേരിക്ക വലിയ പങ്ക് വഹിക്കുന്നു. ഇസ്രയേൽ- ഹമാസ് യുദ്ധത്തിൽ നേരിട്ടും പരോക്ഷമായും അമേരിക്ക ഇടപെടുന്നു. ഇസ്രയേലിന് വൻതോതിൽ സാമ്പത്തിക, സൈനിക, നയതന്ത്ര പിന്തുണ നൽകുന്നു. ഒപ്പം പശ്ചിമേഷ്യയിൽ വിമാനവാഹിനിക്കപ്പലുകൾ വിന്യസിച്ച് സൈനിക സാന്നിധ്യം ഉറപ്പാക്കുന്നതും അമേരിക്കയാണ്.
ചെങ്കടലിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്ന യെമനിലെ ഹൂതി വിമതർക്കെതിരെ അമേരിക്കയും ബ്രിട്ടനും ചേർന്ന് വൻതോതിൽ വ്യോമാക്രമണങ്ങൾ നടത്തിവരുന്നു. സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ സംഘർഷങ്ങളിലും അമേരിക്കയ്ക്ക് നേരിട്ട് പങ്കാളിത്തമുണ്ട്. ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകൾ സിറിയയിലെയും ഇറാഖിലെയും യു.എസ്. താവളങ്ങൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായി യു.എസ്. സൈന്യം അവിടെ നിരന്തരം വ്യോമാക്രമണം നടത്തുന്നു. ഇറാനിൽ നടത്തുന്ന യുദ്ധമാണ് ഇതിൽ ഏറ്റവും പ്രധാനം. ആണവനിലയങ്ങൾ തകർക്കാൻ ലക്ഷ്യമിട്ട് മാസങ്ങളായി ഇറാനിൽ വ്യാപക ആക്രമണമാണ് അമേരിക്ക നടത്തിയത്.
ചുരുക്കത്തിൽ, എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച സമാധാനദൂതനാണെന്ന് സ്ഥാപിക്കാൻ ട്രംപ് ശ്രമിക്കുമ്പോഴും അത്തരം അവകാശവാദങ്ങൾക്ക് പിന്നിലെ പൊള്ളത്തരങ്ങളും തുടരുന്ന യുദ്ധങ്ങൾക്കു പിന്നിലെ ഭൗമരാഷ്ട്രീയ, കച്ചവട താല്പര്യങ്ങളും ലോകത്തിനു മുന്നിലുണ്ട്. അമേരിക്കൻ പ്രസിഡൻറ് സ്ഥാനവും അന്താരാഷ്ട്ര ബന്ധങ്ങളും ഇത്രത്തോളം പരിഹാസ്യമായി മാറിയ മറ്റൊരു കാലം ആ രാജ്യത്തിന്റെ ചരിത്രത്തിൽ വേറെയുണ്ടാകില്ല; പരിഹാസ്യതയ്ക്ക് നൊബേൽ ഉണ്ടെങ്കിൽ അത് മറ്റെവിടെയും പോകില്ല.