ഇന്ത്യയ്ക്ക് ഭീഷണിയായി ആഴക്കടൽ ലഹരി റൂട്ട്; ഇടത്താവളമായി കേരള തീരവും, ചുക്കാൻ പിടിച്ച് ഡെത്ത് ക്രസന്റും ഹാജി സലിം നെറ്റ് വർക്കും

കൊച്ചി: ഇറാൻ, പാക്കിസ്താൻ എന്നീ രാജ്യങ്ങളുടെ തുറമുഖങ്ങളിൽ നിന്നാരംഭിച്ച് ഇന്ത്യൻ മഹാസമുദ്രത്തിലൂടെയും അറബിക്കടലിലൂടെയും സഞ്ചരിച്ച് ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങൾ കടന്ന് ശ്രീലങ്ക, മാലിദ്വീപ്, ഓസ്‌ട്രേലിയ വരെ നീളുന്ന ആഴക്കടൽ ലഹരി റൂട്ട് ഇന്ത്യക്ക് ഭീഷണിയുയർത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. സമീപകാലത്തായി കേരള തീരവും അന്താരാഷ്ട്ര കടൽപ്പാതകളും കേന്ദ്രീകരിച്ച് കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്നുകൾ ഇന്ത്യൻ നാവികസേനയും എൻ.സി.ബി.യും മറ്റ് അന്വേഷണ ഏജൻസികളും പിടികൂടിയതോടെയാണ് ഈ സമുദ്രപാത ചർച്ചയായി മാറിയത്. ലക്ഷദ്വീപ്, മാലിദ്വീപ്, ശ്രീലങ്കൻ തീരങ്ങളിലേക്കാണ് ഇറാൻ തുറമുഖത്ത് നിന്ന് വൻ തോതിൽ ലഹരി വസ്തുക്കളെത്തിക്കുന്നത്. ഇന്ത്യ ഈ മേഖലയോട് വളരെ അടുത്തായതിനാൽ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണിത്.
ഡെത്ത് ക്രസന്റ്
അഫ്ഗാനിസ്താൻ, പാകിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങളുടെ അതിർത്തികളിൾ ഒരു അർദ്ധചന്ദ്രാകൃതിയിൽ കാണപ്പെടുന്ന ഭാഗമാണ് ഗോൾഡൻ ക്രസന്റ് എന്നറിയപ്പെടുന്നത്. അഫ്ഗാനിസ്താനിൽ ഉത്പാദിപ്പിക്കുന്ന ലഹരിമരുന്നുകൾ (പാകിസ്താനിലെ മക്രാൻ തുറമുഖം, ഇറാനിലെ ചബഹാർ വഴി) അറബിക്കടലിലൂടെയും ഇന്ത്യൻ മഹാസമുദ്രത്തിലൂടെയും കടത്തുന്നതിന്റെ പ്രധാന ഇടനാഴിയായി ഇവിടം മാറിയതോടെയാണ് മേഖലയെ ഡെത്ത് ക്രസന്റ് എന്ന് പേരിൽ വിളിക്കുന്നത്. ലഹരിമരുന്ന് കപ്പലുകൾ അന്താരാഷ്ട്ര കപ്പൽച്ചാലുകൾ വഴി ഇന്ത്യൻ മഹാസമുദ്രത്തിലൂടെ സഞ്ചരിച്ച് ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങൾ (ഗുജറാത്ത്, കേരളം, തമിഴ്‌നാട്), മാലദ്വീപ്, ശ്രീലങ്ക തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരുന്നു. തുടർന്നിത് ഓസ്ട്രേലിയ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ ആഗോള വിപണികളിലേക്ക് കടത്തുകയാണ്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളായ ഗുജറാത്ത്, മുംബൈ, കേരളം, തമിഴ്നാട് എന്നിവ ഈ റൂട്ടിലെ പ്രധാന ട്രാൻസിറ്റ് പോയിന്റുകളായി മാറിയിട്ടുണ്ടെന്ന് സുരക്ഷാ ഏജൻസികളും വ്യക്തമാക്കുന്നു.
ഹാജി സലിം നെറ്റ് വർക്ക്
ആഗോള മയക്കുമരുന്ന് കടത്തിൽ കുപ്രസിദ്ധി നേടിയ, പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹാജി സലിം നെറ്റ് വർക്കാണ് ഡെത്ത് ക്രസന്റ് വഴിയുള്ള ലഹരി കൈമാറ്റത്തിന് ചുക്കാൻ പിടിക്കുന്നത്. ഇന്ത്യയുടെ കടലിലൂടെയുള്ള മയക്കുമരുന്ന് കള്ളക്കടത്തിന്റെ 70 ശതമാനവും ഈ സംഘത്തിന്റെയാണ്. 2015-ൽ കേരളത്തിൽ നിന്ന് ഒരു വലിയ മയക്കുമരുന്ന് ശേഖരം പിടികൂടിയതോടെയാണ് ഹാജി സലീം ഇന്ത്യൻ ഏജൻസികളുടെ നോട്ടപ്പുള്ളിയായത്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധവും പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐ.യുടെ പിന്തുണയും ഈ സംഘത്തിന് കിട്ടുന്നുണ്ടെന്നാണ് വിവരം. ഹാജി സലീമിന്റെ സംഘത്തിന്റെ വർദ്ധിച്ചുവരുന്ന ഭീഷണിയെത്തുടർന്ന്, ലഹരിക്കടത്ത് തടയാൻ എൻ.സി.ബി., ഇന്ത്യൻ നാവികസേന, കോസ്റ്റ് ഗാർഡ്, വിവിധ സംസ്ഥാനങ്ങളിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) എന്നിവയുടെ സഹകരണത്തോടെയാണ് ഒന്നിലധികം ഓപ്പറേഷനുകൾ നടത്തിയിട്ടുണ്ട്. ഏകദേശം 3,500 കിലോയിലധികം മയക്കുമരുന്ന് പിടിച്ചെടുക്കാനും ഇറാൻ, പാക്കിസ്താൻ പൗരന്മാർ ഉൾപ്പെടെയുള്ളവരെ പിടികൂടാനും കഴിഞ്ഞു. ഈ സംഘത്തിന്റെ മയക്കുമരുന്ന് പായ്ക്കറ്റുകളിൽ തിരിച്ചറിയാൻ ചില അക്കങ്ങളും തേൾ, കുതിര തുടങ്ങിയ ചിത്രങ്ങളുമാണ് നൽകുക.
ഇടത്താവളമായി കേരള തീരവും
മദർഷിപ്പുകളിലാണ് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നത്. ഈ കപ്പലുകൾ ഇന്ത്യയുടെയോ മറ്റ് രാജ്യങ്ങളുടെയോ തീരത്തേക്ക് പ്രവേശിക്കാതെ അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ നിലയുറപ്പിക്കും. അവിടെ നിന്ന് ലഹരിമരുന്നുകൾ ചെറിയ മത്സ്യബന്ധന ബോട്ടുകളിലേക്കോ സ്പീഡ് ബോട്ടുകളിലേക്കോ മാറ്റും. സാറ്റലൈറ്റ് ഫോണുകളും എൻക്രിപ്റ്റ് ചെയ്ത ആപ്പുകളും ഉപയോഗിച്ചാണ് ഉൾക്കടലിലെ ലഹരിക്കൈമാറ്റം. സുരക്ഷാ ഏജൻസികളുടെ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ബോട്ടുകളുടെ പ്രത്യേക അറകളിൽ ലഹരി ഒളിപ്പിക്കും. പിടിക്കപ്പെടുമെന്ന് തോന്നിയാൽ ലഹരി വസ്തുക്കൾ കടലിലേക്ക് താഴ്ത്തും. കേരളത്തിന്റെ നീണ്ട തീരപ്രദേശവും ഒട്ടനവധി മത്സ്യബന്ധന തുറമുഖങ്ങളും ലഹരി മാഫിയകൾക്ക് അനുകൂല ഘടകമാണ്. അന്താരാഷ്ട്ര കടൽപ്പാതയോട് ചേർന്നുകിടക്കുന്ന കൊച്ചി തീരം പലപ്പോഴും തദ്ദേശീയ വിപണികളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും മയക്കുമരുന്ന് എത്തിക്കാനുള്ള പ്രധാന ട്രാൻസിറ്റ് പോയിന്റായി മാറിയിട്ടുണ്ട്.
മുമ്പും വൻ വേട്ട
ഇന്ത്യൻ നാവികസേനയും നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും സംയുക്തമായി നടത്തിയ ഈ ഓപ്പറേഷനിൽ, കേരളത്തിന് സമീപമുള്ള ഇന്ത്യൻ സമുദ്രാതിർത്തിയിൽ ഒരു 'മദർ ഷിപ്പിൽ' നിന്ന് ഏകദേശം 12,000 കോടി രൂപ വിലമതിക്കുന്ന 2,500 കിലോഗ്രാം മെത്താംഫെറ്റമിൻ പിടിച്ചെടുത്തത് 2023 മേയ് മാസമായിരുന്നു.. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ മെത്താംഫെറ്റമിൻ വേട്ടയായിരുന്നു ഇത്. 2022 ഒക്ടോബറിൽ കൊച്ചി പുറങ്കടലിൽ നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്നു നടത്തിയ പരിശോധനയിൽ ഇറാനിയൻ ബോട്ടിൽനിന്ന് 200 കിലോ ഹെറോയിൻ പിടികൂടിയിരുന്നു. കേരള തീരത്തിന് സമീപം എൻ.സി.ബി.യും നേവിയും ചേർന്ന് 2022 ഒക്ടോബറിൽ കേരള തീരത്ത് ബോട്ടിൽ കടത്തുകയായിരുന്ന 200 കിലോ ഹെറോയിനുമായി നാല് ഇറാൻ പൗരന്മാർ ഉൾപ്പെടെ ആറുപേരെ പിടികൂടിയിരുന്നു.
Content Highlights: Deep-sea drug trafficking from Iran and Pakistan threatens India's western coast, with Kerala becoming a key transit point for narcotics.