ഈഫല്‍ ടവറിനേക്കാള്‍ ഉയരം, 1315 മീറ്റര്‍ നീളം ; ചെനാബിലൂടെ ചൂളംവിളി ഉയരുമ്പോള്‍

1315 മീറ്റര്‍ നീളം, ഈഫല്‍ ടവറിനേക്കാള്‍ ഉയരം. രാജ്യത്തിന്റെ എന്‍ജിനിയറിംഗ് വിസ്മയത്തിന്റെ മറ്റൊരടയാളമായ ചെനാബ് പാലവും കശ്മീരിലെ സങ്കല്‍ദാനില്‍ നിന്ന് റിയാസി ജില്ലയിലെ കത്രയിലേക്കുള്ള റെയില്‍പ്പാതയിലൂടെയുള്ള ആദ്യ തീവണ്ടിയാത്രയും പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്യുമ്പോള്‍ അത്ഭുതങ്ങള്‍ ലോകത്തിന് മുന്നില്‍ മിഴിതുറക്കുകയാണ്. ഇതില്‍ ഏറ്റവും നിര്‍ണായകവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു ചെനാബ് പാലത്തിന്റെ നിര്‍മാണം.
കശ്മീരിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ചെനാബ് പാലം ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍പ്പാലമായി ഇനി മാറും. 1315 മീറ്റര്‍ നീളമുള്ള പാലം നദിയില്‍ നിന്ന് 359 മീറ്റര്‍ (1179 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതായത് അതിപ്രശസ്തമായ പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരകൂടുതല്‍. ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ബക്കലിനും കൗരിക്കും ഇടയില്‍ ചെനാബ് നദിക്കു കുറുകെയാണ് ചെനാബ് ആര്‍ച്ച് ബ്രിഡ്ജ് നിര്‍മിച്ചിരിക്കുന്നത്. ഉധംപുര്‍ വഴി ജമ്മുവിനെ ബാരാമുള്ളയും ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈന്റെ ഭാഗവുമാണ് ചെനാബ് റെയില്‍പ്പാലം. 3500 കോടി ചെലവില്‍ നിര്‍മിക്കുന്ന ഉധംപുര്‍- ശ്രീനഗര്‍- ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ ഭാഗമായി ഉത്തര റെയില്‍വേയ്ക്ക് വേണ്ടി അഫ്കോണ്‍സ് എന്ന മുംബൈ ആസ്ഥാനമായ കമ്പനിയാണ് പാലം പണിതത്.
Photo: Screengrab from AFCONS/ youtube.com
ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ ലൈന്‍
ജമ്മുവിനും സിയാല്‍കോട്ടിനും ഇടയില്‍ 40-45 കിലോമീറ്റര്‍ ദൂരത്തില്‍ 1897-ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതാണ് ജമ്മു-കശ്മീരിലെ ആദ്യത്തെ റെയില്‍വേ ലൈന്‍. വിഭജനത്തിനുശേഷം, സിയാല്‍കോട്ട് പാകിസ്താന്റെ ഭാഗമായതോടെ ജമ്മുവും കശ്മീരും ഇന്ത്യയുടെ റെയില്‍ ശൃംഖലയില്‍ നിന്ന് വിച്ഛേദിക്കപ്പെട്ടു. 1975-ല്‍ പത്താന്‍കോട്ട്-ജമ്മു പാത ഉദ്ഘാടനം ചെയ്യുന്നതുവരെ ജമ്മുകശ്മീരിന് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ പഞ്ചാബിലെ പത്താന്‍കോട്ട് ആയിരുന്നു. 1983-ല്‍ ജമ്മുവിനും ഉധംപുരിനും ഇടയില്‍ റെയില്‍വേ പാതയുടെ പണി ആരംഭിച്ചു. 50 കോടി രൂപ ചെലവ് കണക്കാക്കിയ 53 കിലോമീറ്റര്‍ പാത അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ടതായിരുന്നു. പക്ഷേ വിവിധ കാരണങ്ങള്‍ക്കൊണ്ട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നീണ്ടുപോയി. ഒടുവില്‍ പദ്ധതി പൂര്‍ത്തിയാകാന്‍ ഒടുവില്‍ 21 വര്‍ഷവും 515 കോടി രൂപയും വേണ്ടി വന്നു. 2004-ലാണ് ഈ പദ്ധതി പൂര്‍ത്തിയായത്. ജമ്മു-ഉധംപുര്‍ പാതയുടെ ജോലികള്‍ നടന്നുകൊണ്ടിരിക്കെ, 1994-ല്‍ ഉധംപുരില്‍ നിന്ന് ശ്രീനഗറിലേക്കും തുടര്‍ന്ന് ബാരാമുള്ളയിലേക്കും പാത നീട്ടുന്നതായി കേന്ദ്രം പ്രഖ്യാപിച്ചു. 1995 മാര്‍ച്ചില്‍ 2,500 കോടി രൂപ ചെലവ് കണക്കാക്കിയാണ് ഉധംപുരിനേയും കശ്മീര്‍ താഴ്വരയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള പ്രധാന നഗരമായ ബാരാമുള്ളയേയും ബന്ധിപ്പിക്കുന്ന ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ ലൈന്‍ (യു.എസ്.ബി.ആര്‍.എല്‍) പദ്ധതി കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്നത്.
2002-ല്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി, വാജ്പേയി ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍പാതയെ ദേശീയ പദ്ധതിയായി പ്രഖ്യാപിച്ചതോടെയാണ് പദ്ധതിക്ക് വേഗത കൈവന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ റെയില്‍വേ ഏറ്റെടുത്ത ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രവൃത്തികളില്‍ ഉന്നായിരുന്നു ഇത്. ജമ്മു കശ്മീരിലെ ശ്രീനഗറിനെയും ബാരാമുള്ളയെയും ട്രെയിന്‍ മാര്‍ഗം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാത, മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഇടയ്ക്കിടെ അടച്ചുപൂട്ടുന്ന ജമ്മു-ശ്രീനഗര്‍ ദേശീയ പാതയ്ക്ക് വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ ബദല്‍പാതകൂടിയായിരുന്നു. ഈ റെയില്‍വേ ലൈനെ പ്രധാനമായും നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 118 കിലോമീറ്റർ ദൈർഘ്യമുള്ള ഖാസിഗുണ്ട്-ബാരാമുള്ള ഭാഗം ഉൾക്കൊള്ളുന്ന പദ്ധതിയുടെ ഒന്നാം ഘട്ടം 2009 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്തു. 2013 ജൂണിൽ 18 കിലോമീറ്റർ നീളമുള്ള ബനിഹാൽ-ഖാസിഗുണ്ട് സെക്ഷൻ പൂത്തിയായി. ഉധംപുരില്‍ നിന്ന് കത്രയിലേക്കുള്ള 25 കിലോമീറ്റര്‍ പാത 2014-ലും പൂത്തിയായി. കത്ര മുതല്‍ ബനിഹാള്‍ വരെ നീളുന്ന 111 കിലോമീറ്ററുള്ള മൂന്നാം ഭാഗം 2024 ഡിസംബറോടെ പൂര്‍ത്തിയായി.
നീളമേറിയ തുരങ്കങ്ങളും പാലങ്ങളും നിര്‍മിക്കണമെന്നതായിരുന്നു ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍പാതയുടെ ഏറ്റവും വലിയ വെല്ലുവിളി. ഹിമാലയന്‍ പ്രദേശത്തുകൂടി കടുന്നുപോകുന്ന റെയില്‍വേ ലൈന്‍ പദ്ധതിക്ക് കാലാവസ്ഥയടക്കം തുടക്കംമുതല്‍ തന്നെ വെല്ലുവിളിയായി. പാതയിലെ മറ്റൊരു പ്രധാന വെല്ലുവിളിയായിരുന്നു ചെനാബ് നദിക്ക് കുറുകേയുള്ള പാലം. ചെനാബ് പാലത്തിന്റെ പ്രാരംഭനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2004-ലാണ് ആരംഭിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഘടന രൂപകല്പന ചെയ്തത്. അന്ന് അധികാരത്തിലിരുന്ന വാജ്‌പേയി സര്‍ക്കാര്‍ പദ്ധതിയില്‍ വലിയ താല്പര്യമാണ് പ്രകടിപ്പിച്ചത്. പക്ഷേ പലകാരണങ്ങളാല്‍ പദ്ധതി ഉദ്ദേശിച്ച തരത്തില്‍ മുന്നോട്ട് പോയില്ല. 2008-ല്‍ കരാര്‍ നല്‍കിയെങ്കിലും സുരക്ഷാകാരണങ്ങളാല്‍ പദ്ധതി നിര്‍ത്തിവെച്ചു. മേഖലയില്‍ അതിവേഗത്തില്‍ കാറ്റ് വീശുന്നത് യാത്രക്കാര്‍ക്ക് അപകടകരമായേക്കുമെന്ന നിഗമനത്തിലാണ് പാലത്തിന്റെ നിര്‍മാണം ഇടയ്ക്ക് നിര്‍ത്തിയത്. 2017- ലാണ് പിന്നീട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.
ശ്രീനഗര്‍ റെയില്‍വേ സ്റ്റേഷനിലെ മഞ്ഞുമൂടിയ ട്രാക്കില്‍ ഒരു ട്രെയിന്‍ | Photo: ANI
ഇത്തരമൊരു പാലം രാജ്യത്ത് ആദ്യം
സ്റ്റീല്‍ ആര്‍ച്ച് ബ്രിഡ്ജായ ചെനാബ് റെയില്‍പ്പാലം ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യത്തെ വലിയ നിര്‍മിതിയാണ്. അതിനാല്‍ തന്നെ പാലത്തിന്റെ നിര്‍മാണഘട്ടത്തില്‍ പൂര്‍വമാതൃകകള്‍ രാജ്യത്തില്ലായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവിലുള്ള സ്റ്റീല്‍ ആര്‍ച്ച് പാലങ്ങളെ മാതൃകയാക്കിയാണ് എഞ്ചിനീയര്‍മാര്‍ പാലം ഡിസൈന്‍ ചെയ്തിരിക്കുന്നത്. പാലത്തിന് താഴെയുള്ള ആഴമേറിയ ചെനാബ് നദീതടത്തില്‍ വേഗമേറിയ കാറ്റ് പാലത്തിന് വെല്ലുവിളി ഉയര്‍ത്തുമെന്നതിനാല്‍ കാറ്റിന്റെ വേഗത പരിഗണിച്ചിരുന്നു. ഇതിനായി നോര്‍വേ ആസ്ഥാനമായുള്ള ഫോഴ്സ് ടെക്നോളജി ലബോറട്ടറി കാറ്റിന്റെ വേഗതയടക്കം മനസ്സിലാക്കാന്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. മണിക്കൂറില്‍ 260 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനെ പ്രതിരോധിക്കുന്ന തരത്തിലാണ് പാലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രദേശത്തെ ഭൂകമ്പ സാധ്യതയും രൂപകല്‍പ്പന സമയത്ത് പരിഗണിച്ചിരുന്നു. സങ്കീര്‍ണകാലാവസ്ഥയും ഭൂപ്രകൃതിയുമുള്ള ഒറ്റപ്പെട്ട ഭൂപ്രദേശങ്ങളിലൊന്നിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്താതെ പാലം നിര്‍മിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.
ജമ്മുകശ്മീരില്‍ നിരന്തരം ഭീകരാക്രമണങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ സുരക്ഷയും വര്‍ധിപ്പിക്കുന്നതിനായി 63 എംഎം കട്ടിയുള്ള പ്രത്യേക ബ്ലാസ്റ്റ് പ്രൂഫ് സ്റ്റീല്‍ ഉപയോഗിച്ചാണ് പാലം നിര്‍മിച്ചിരിക്കുന്നത്. പാലം കൂടുതല്‍ ഇടുനില്‍ക്കാനും കശ്മീരിലെ കൊടുംതണുപ്പിനേയും മണിക്കൂറില്‍ 200 കിലോമീറ്ററില്‍ കൂടുതലുള്ള കാറ്റിനെയും പ്രതിരോധിക്കാന്‍ കഴിയുമെന്നതിനാലാണ് നിർമാണത്തിന് സ്റ്റീല്‍ തിരഞ്ഞെടുത്തത്. പാലത്തിന്റെ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഫോടനത്തെ ചെറുക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റിക്ടർ സ്കെയിലിൽ എട്ട് വരെ തീവ്രതയുള്ള ഭൂചലനത്തെ അതിജീവിക്കാനുള്ള ശേഷി പാലത്തിനുണ്ട്. 266 കിമി വേഗതയുള്ള കാറ്റിനെയും പ്രതിരോധിക്കാനുള്ള ശേഷി ഇതിനുണ്ട്. പാലത്തിന്റെ സംരക്ഷണത്തിനായി മേഖലയില്‍ പ്രത്യേക സുരക്ഷ ഒരുക്കും. അപകടകരമായ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനുമായി പാലത്തില്‍ ഓണ്‍ലൈന്‍ നിരീക്ഷണവും മുന്നറിയിപ്പ് സംവിധാനവുമുണ്ട്.
ചെനാബ് റെയില്‍പ്പാലം നിര്‍മാണവേളയില്‍ | Photo: ANI
എന്‍ജിനീയറിങ് വിസ്മയം, ചെലവ് 1486 കോടി രൂപ
നിര്‍മാണത്തിലെ വെല്ലുവിളികളും സുരക്ഷാ പ്രശ്നങ്ങളും കാരണം പാലത്തിന്റെ നിര്‍മാണം 2008-ല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇതിനിടെ ജമ്മു- ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ ലൈന്‍ പദ്ധതി പുതുതായി അവലോകനം ചെയ്യുകയും ഡിസൈന്‍ പരിഷ്‌കരിക്കുകയും ചെയ്തു. പുതിയ റെയില്‍വേ ലൈന്‍ നോര്‍ത്തേണ്‍ റെയില്‍വേയുടെ കീഴിലാണെങ്കിലും കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ എക്സിക്യൂട്ടീവ് ഏജന്‍സിയായും ഡിസൈന്‍ കണ്‍സള്‍ട്ടന്റായും തിരഞ്ഞെടുത്തു. പശ്ചിമ ഇന്ത്യയിലെ കൊങ്കണ്‍ മേഖലയിലെ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളില്‍ റെയില്‍വേ നിര്‍മിച്ച പരിചയസമ്പത്താണ് ഇതിനായി കണക്കിലെടുത്തത്. ദക്ഷിണ കൊറിയയിലെ അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, അള്‍ട്രാ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എന്‍ജിനീയറിംഗ് കമ്പനി, വിഎസ്എല്‍ ഇന്ത്യ എന്നിവര്‍ ചേര്‍ന്നുള്ള സംയുക്ത സംരംഭമായ ചെനാബ് ബ്രിഡ്ജ് പ്രോജക്ട് അണ്ടര്‍ടേക്കിങ്ങിനാണ് കരാര്‍ നല്‍കിയത്. പിന്നീട് 2017-ലാണ് ചെനാബ് പാലത്തിന്റെ പണി വീണ്ടും ആരംഭിക്കുന്നത്. 2019 അവസാനത്തോടെ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ നിര്‍മാണത്തിലെ പ്രശ്‌നങ്ങള്‍മൂലം 2018-ല്‍ വീണ്ടും പദ്ധതി മുടങ്ങി. പിന്നാലെ വന്ന കോവിഡ് പ്രതിസന്ധി വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കി.
പാലത്തില്‍ 17 സ്പാനുകളും ചെനാബ് നദിക്ക് കുറുകെയുള്ള 469 മീറ്റര്‍ പ്രധാന കമാനവും ഇരുവശത്തുമുള്ള വയഡക്ടുകളും ഉള്‍പ്പെടുന്നു. പാലത്തിന്റെ പ്രധാന ഭാഗം ഈ കമാനമാണ്. 10,619 മെട്രിക് ടണ്‍ ആണ് ആര്‍ച്ചിന്റെ ഭാരം. ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ എന്‍ജിനിയറിങ് അഭിമാനം ഉയര്‍ത്തുന്ന പാലത്തിന്റെ നിര്‍മാണച്ചെലവ് 1486 കോടി രൂപയാണ്. പ്രതികൂല കാലാവസ്ഥകളില്‍പ്പോലും കശ്മീരിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കാന്‍ പാലത്തിനാവും. ബാരാമുള്ളയെയും ശ്രീനഗറിനെയും ജമ്മുവുമായി ബന്ധിപ്പിക്കുന്ന പാലം വരുന്നതോടെ ഈ റൂട്ടിലെ സഞ്ചാരസമയം ഗണ്യമായി കുറയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുന്ന ട്രെയിനുകള്‍ ഇതോടെ യാതൊരു തടസ്സവുമില്ലാതെ കശ്മീരിലേക്ക് എത്താം. 120 വര്‍ഷത്തെ ആയുസ് പ്രതീക്ഷിക്കുന്ന പാലത്തില്‍കൂടി 100 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും. ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ചെനാബ് നദീതടത്തില്‍നിന്ന് 359 മീറ്റര്‍ ഉയരത്തില്‍ 1,315 മീറ്റര്‍ നീളത്തിലാണ് ഈ പാലം. ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരം കൂടുതല്‍. ഇതോടെ നിലവില്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ ചൈനയിലെ ഷ്യൂബായ് റെയില്‍വേ പാലത്തെ മറികടക്കാനും ചെനാബ് പാലത്തിനാവും. ചൈനയിലെ ഗയ്ഷു പ്രവിശ്യയില്‍ ബിപാന്‍ജിയാങ് നദിക്കു കുറുകെയുള്ള 275 മീറ്റര്‍ ഉയരത്തിലുള്ള പാലം ഇതോടെ ഉയരത്തില്‍ രണ്ടാമതാകും. ലോകത്തിലെ ഏറ്റവും ഉയരമുള്ള 16-ാമത്തെ പാലവും ലോകത്തിലെ ഏറ്റവും നീളം കൂടിയ പതിനൊന്നാമത്തെ ആര്‍ച്ച് ബ്രിഡ്ജുമാണ് ഇത്.
Content Highlights: India`s Chenab Bridge, the world`s highest railway arch bridg