ആ ചരിത്ര നിമിഷം നാളെ, ഹിമാലയത്തിന്റെ ഹൃദയത്തിലേക്ക് വന്ദേഭാരത് യാത്ര; എൻജിനിയറിങ് വിസ്മയം

#പി.പി.ലിബീഷ്‌കുമാര്‍
ചെനാബ് പാലം
ചെനാബ് പാലം

ഹിമാലയത്തിന്റെ ഹൃദയത്തിലേക്ക് ഒരു വന്ദേഭാരത് യാത്ര. ആ ചരിത്ര നിമിഷം നാളെയാണ്. കശ്മീര്‍ താഴ്‌വരയിലെ മഞ്ഞു മേഘങ്ങളിലേക്ക് ചെനാബ് വഴി ഇനി തീവണ്ടിയുടെ ചൂളം വിളി കേള്‍ക്കാം. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ചെനാബ് പാലവും അന്‍ജിപാലവും ഉദ്ഘാടനം ചെയ്യുന്നതോടെ രണ്ട് പ്രത്യേക വന്ദേഭാരതുകള്‍ ആഴ്ചയില്‍ ആറു ദിവസം നാല് സര്‍വീസ് നടത്തും. ജമ്മുതാവിയില്‍ നിന്ന് കയറിയാല്‍ നാലര മണിക്കൂര്‍ കൊണ്ട് ശ്രീനഗറില്‍ ഇറങ്ങാം. കശ്മീര്‍ താഴ്‌വര ഇനി ഒറ്റക്കല്ലെന്ന് റെയില്‍വേ കാണിച്ചു കൊടുക്കുന്ന ഈ റെയില്‍ശൃംഖല ഇനി കന്യാകുമാരിയെ തൊടും.

കശ്മീരിലേക്കുള്ള ഈ യാത്ര വെറും യാത്രയല്ല. ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള ലൈനിലെ (272 കി.മി.) എൻജിനിയറിങ് വിസ്മയം നമ്മെ വിസ്മയിപ്പിക്കും. കാലാവസ്ഥയുടെയും ഭൂപ്രകൃതിയുടെയും കടുത്ത വെല്ലുവിളികളെ അതിജീവിച്ച് പടുത്തുയര്‍ത്തിയ ചെനാബ് പാലവും അന്‍ജിപാലവും എഞ്ചിനീയറിങ്ങിന്റെ വിസ്മയങ്ങളാണ്. 359 മീറ്റര്‍ ഉയരത്തില്‍ നിന്ന് നോക്കിയാല്‍ ചെനാബ് നദി വെള്ളിനൂലുപോലെ ഒഴുകുന്നത് കാണാം. 1.10 കിലോമീറ്ററാണ് പാലത്തിന്റെ ദൈര്‍ഘ്യം.

സമുദ്രനിരപ്പില്‍ നിന്ന് 856 മീറ്റര്‍ ഉയരത്തിലാണ് നമ്മള്‍ എന്ന് ഓര്‍ക്കണം. റിയാസി ജില്ലയില്‍ ബക്കലിനും കൗരിക്കും ഇടയിലെ ചെനാബ് നദി കടക്കുമ്പോള്‍ കശ്മീരിലേക്കുള്ള വഴിയാണ് ഇവിടെ തുറക്കുന്നത്. ഒരൊറ്റത്തൂണിന്റെ ശക്തിയില്‍ 96 കേബിളുകളില്‍ നില്‍ക്കുന്ന വിസ്മയിപ്പിക്കുന്ന നിര്‍മ്മിതിയാണ് അന്‍ജിപാലം. ഈ ശൃംഖലയിലെ മറ്റൊരു വിസ്മയം. ഇതിന്റെ എല്ലാ നിര്‍മ്മിതിയിലും അഭിമാനമായി കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനുണ്ട്.  

ചെനാബ് എന്ന വിസ്മയം

അനുഭവിച്ചറിഞ്ഞ എൻജിനിയറിങ് വിസ്മയമാണ് ചെനാബ് പാലം.  300 സിവില്‍ എൻജിനിയർമാരും 1300 ജീവനക്കാരും ആഴ്ചയില്‍ എല്ലാ ദിവസവും ജോലി ചെയ്ത എട്ടു വര്‍ഷ അധ്വാനത്തിന്റെ ഫലം. ഹിമാലയത്തെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കാനുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ അടയാളമാണിത്.

പാലത്തിന് 120 വര്‍ഷത്തെ ആയുസ്സാണ് പറഞ്ഞിട്ടുള്ളത്. തീവണ്ടികള്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാം. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് പാലത്തിന്റെ നിര്‍വഹണ ഏജന്‍സി. സംയുക്ത സംരംഭമായ ചെനാബ് ബ്രിഡ്ജ് പ്രോജക്ട് അണ്ടര്‍ടേക്കിങ്ങിനാണ് കരാര്‍. ഉത്തര റെയില്‍വേക്കു വേണ്ടി അഫ്‌കോണ്‍സ് എന്ന കമ്പനിയാണ് നിര്‍മ്മാണ നേതൃത്വം.

ഈ വിസ്മയ നിര്‍മിതിയെ ഇങ്ങനെ ചുരുക്കി വായിക്കാം:
ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയില്‍വേ ആര്‍ച്ച് പാലം, ഉയരം: നദിയില്‍ നിന്ന് 359 മീറ്റര്‍, ഈഫല്‍ ടവറിനെക്കാള്‍ (324 മീറ്റര്‍) 35 മീറ്റര്‍ അധികം ഉയരം, നീളം: 1100 മീറ്റര്‍, ചെലവ് : 1486 കോടി രൂപ, ആര്‍ച്ചിന്റെ ഭാരം: 13000 മെട്രിക് ടണ്‍, മണിക്കൂറില്‍ 260 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനെ പ്രതിരോധിക്കും. ഭൂകമ്പത്തെ ചെറുക്കും. ഭീകരാക്രമണത്തെ ചെറുക്കാന്‍ ബ്ലാസ്റ്റ് പ്രൂഫ് സ്റ്റീല്‍ ഉപയോഗിച്ചു. പാലത്തിന്റെ പ്രധാന ഭാഗം 467 മീറ്ററിലുള്ള കമാനമാണ് (ആര്‍ച്ച്). 17 സ്പാനുകളുണ്ട്.  പാലത്തിന് 120 വര്‍ഷത്തെ ആയുസ്. തീവണ്ടകള്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാം.


അന്‍ജി എന്ന വൈഭവം

വെറും ഒരൊറ്റത്തൂണിന്റെ ശക്തിയില്‍ 96 കേബിളുകളില്‍ നില്‍ക്കുന്ന വിസ്മയിപ്പിക്കുന്ന നിര്‍മ്മിതിയാണ് അന്‍ജി പാലം. വന്‍ മലകളുടെ ഇടയിലൂടെ ഒഴുകുന്ന പുഴയ്ക്ക് മീതെ കോരിത്തരിപ്പോടെ മാത്രം കാണാന്‍ കഴിയുന്ന റെയില്‍പ്പാത. 2018 മുതല്‍ എൻജിനിയര്‍മാര്‍ ഉള്‍പ്പെടെ 400 ജീവനക്കാരുടെ കഠിനപ്രയത്‌നമാണിത്.

ഇന്ത്യയുടെ ആദ്യത്തെ കേബിള്‍ റെയില്‍പ്പാലം. 473 മീറ്ററാണ് പാലത്തിന്റെ നീളം. ഉയരം: 193 മീറ്റര്‍. ഇത് നിര്‍മ്മിക്കുവാനായി 473 കിലോമീറ്റര്‍ കേബിളുകള്‍ ഉപയോഗിച്ചു. നദിയില്‍ നിന്ന് 331 മീറ്റര്‍ ഉയരം, ചെലവ് 435 കോടി.

സല്യൂട്ട് ഇന്ത്യ

1995 മാര്‍ച്ചിലാണ് ഉധംപുരിനേയും കശ്മീര്‍ താഴ്വരയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള പ്രധാന നഗരമായ ബാരാമുള്ളയേയും ബന്ധിപ്പിക്കുന്ന ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ ലൈന്‍ (യു.എസ്.ബി.ആര്‍.എല്‍) പദ്ധതി കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്നത്.

നീളമേറിയ തുരങ്കങ്ങളും പാലങ്ങളും നിര്‍മിക്കണമെന്നതായിരുന്നു ഈ റെയില്‍പാതയുടെ ഏറ്റവും വലിയ വെല്ലുവിളി. ഹിമാലയന്‍ പ്രദേശത്തുകൂടി കടുന്നുപോകുന്ന റെയില്‍വേ ലൈന്‍ പദ്ധതിക്ക് കാലാവസ്ഥയടക്കം വെല്ലുവിളിയായി. എന്നാല്‍, ഇന്ത്യന്‍ റെയില്‍വേ മുട്ടുമടക്കിയില്ല. ലോകത്തിനു മുന്നില്‍ ചെനാബ് പാലവും അന്‍ജി പാലവും ഉയര്‍ത്തി. പാത ഗതാഗതയോഗ്യമാക്കി.  

  • ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ ലൈന്‍ (യു.എസ്.ബി.ആര്‍.എല്‍) -272 കി.മി.
  • ലോകത്തിലെ ഏറ്റഴു വലുതും അപൂര്‍വുമായ രണ്ട് പാലങ്ങള്‍: ചെനാബ് പാലം, അന്‍ജിഖഡ് പാലം.
  • 38 തുരങ്ക പാതകള്‍ (ടണല്‍)-ആകെ 119 കിലോമീറ്റര്‍ ദൈര്‍ഘ്യം.
  • തീവണ്ടികളുടെ വേഗം: 110 കി.മി.
  • ആകെ ചെലവ്:  37,200 കോടി രൂപ.
  • പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ചെനാബ് പാലത്തിലെ അന്തിമ സ്ഥിതിഗതികള്‍ പരിശോധിക്കാനെത്തിയ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും |Photo:ANI

അഭിമാനമായി 'കൊങ്കണും'

 ഇന്ത്യയുടെ അഭിമാനമായ യു.എസ്.ബി.ആര്‍.എല്‍ പദ്ധതി നോര്‍തേണ്‍ റെയില്‍വേയുടെ കീഴിലാണ്. എന്നാല്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് നിര്‍മ്മാണ ഏജന്‍സിയും രൂപകല്‍പ്പന കണ്‍സള്‍ട്ടന്‍സിയും. വെല്ലുവിളി നിറഞ്ഞ കൊങ്കണിലെ റെയില്‍പ്പാത നിര്‍മ്മിച്ച പരിചയ സമ്പത്താണ് ഇതിനായി പരിഗണിച്ചത്. അഞ്ചിഗഡ് പാലത്തിന്റെ നിര്‍മിതിയില്‍ ചീഫ് എഞ്ചിനിയര്‍ സുജയ്കുമാര്‍ ഉള്‍പ്പെടെ നേതൃത്വം നല്‍കി.  2018 മുതല്‍ എഞ്ചിനിയർമാര്‍ ഉള്‍പ്പെടെ 400 ജീവനക്കാരുടെ കഠിനപ്രയത്‌നമാണ് ഇതിന് പിന്നില്‍. ഇറ്റാലിയന്‍ മാതൃകയാണ് പിന്തുടര്‍ന്നത്. ഭൂപ്രകൃതിയോട് മല്ലിട്ട എട്ടു വര്‍ഷത്തെ കഠിന പ്രവൃത്തിയുടെ പൂര്‍ത്തീകരണമായ ചെനാബ് പാലത്തിന് ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ മാലിക് ഉള്‍പ്പെടെ മേല്‍നോട്ടം വഹിച്ചു.

Content Highlights: Chenab Bridge inauguration-All you need to know about world's highest railway arch bridge