ഹസീനയുടെ പലായനവും ഇന്ത്യയുടെ ഉത്കണ്ഠകളും; കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളോ?

#പി.മുരളീധരന്‍
ധാക്കയിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഛായാചിത്രത്തിന് സമീപത്ത് ഒരു പോലീസുകാരൻ | Photo : Indranil MUKHERJEE / AFP
ധാക്കയിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഛായാചിത്രത്തിന് സമീപത്ത് ഒരു പോലീസുകാരൻ | Photo : Indranil MUKHERJEE / AFP

കൊലയും കൊള്ളിവെപ്പുമായി രാജ്യം മുഴുവന്‍ കത്തിപ്പടരുന്ന ജനരോഷത്തിനു മുന്നില്‍ തലകുനിച്ച് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഷെയ്ഖ് ഹസീന സഹോദരിക്കൊപ്പം ഇന്ത്യയിലേക്ക് വിമാനം കയറുമ്പോള്‍ ഡല്‍ഹിയിലും ഉത്കണ്ഠകള്‍ പെരുകുകയാണ്. ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത സുഹൃത്തായിരുന്ന ഹസീനയുടെ പാര്‍ട്ടി അവാമി ലീഗ് പൊതുവെ ഇന്ത്യക്ക് അനുകൂലനിലപാടാണ് സ്വീകരിച്ചു പോന്നത്. ഇരുരാജ്യങ്ങളും തങ്ങളുടെ സമ്പദ്‌വ്യവസ്ഥകളെ ബന്ധിപ്പിക്കാനുള്ള കണക്റ്റിവിറ്റി (റെയില്‍, റോഡ്, ഊര്‍ജം) പദ്ധതികളില്‍ സഹകരിച്ചു പ്രവര്‍ത്തിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിവാദപരമായ പ്രശ്നങ്ങള്‍- ഭൂപ്രദേശം, ജലം പങ്കിടല്‍- തുടങ്ങിയവ ഹസീനയുടെ കാലത്താണ് പരിഹരിക്കപ്പെട്ടത്. ഇന്ത്യയുമായുള്ള അടുപ്പവും ഒരുപക്ഷേ, ഹസീനയുടെ ജനപ്രീതി കുറയുന്നതിന് കാരണമായിരുന്നിരിക്കാം.

അമേരിക്ക പൊതുവെ ഹസീനയ്ക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. 15 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ഹസീനയുടെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ രാജ്യത്ത് ജനരോഷമുണ്ടായിരുന്നു. കടുത്ത തൊഴിലില്ലായ്മ പ്രശ്നം രൂക്ഷമാക്കി. അതിനിടെ, സ്വാതന്ത്ര്യസമര സേനാനികളുടെ പിന്‍മുറക്കാര്‍ക്ക് സംവരണം നിര്‍ബന്ധമാക്കിയ കോടതി ഉത്തരവ് എരിതീയിലെ എണ്ണയാവുകയായിരുന്നു. ഉത്തരവ് പിന്‍വലിച്ചപ്പോഴേയ്ക്കും ഡസന്‍ കണക്കിന് ആള്‍ക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ചെറിയൊരു ഇടവേളയ്ക്കു ശേഷം ഹസീനയുടെ രാജി ആവശ്യപ്പെട്ട് വീണ്ടും പ്രക്ഷോഭത്തിന് തീപിടിച്ചു. അവാമി ലീഗിന്റെ പ്രധാന എതിരാളികളായ ബി.എന്‍.പിയും നേതാവ് ബീഗം ഖാലിദ സിയയും ഒരിക്കലും ഇന്ത്യയോട് അത്രയ്ക്ക് അനുഭാവം കാട്ടിയിരുന്നില്ല. അക്കാലത്ത് ഉള്‍ഫ പോലുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് ബംഗ്ലാദേശില്‍ താവളമുണ്ടായിരുന്നു. മാത്രമല്ല, മതതീവ്രവാദികളോട് അവര്‍ക്ക് തൊട്ടുകൂടായ്മയുമില്ല. അതിനാല്‍ ബി.എന്‍.പിയാണ് ഇനി അധികാരമേറുന്നതെങ്കില്‍ സാമ്പത്തിക, സുരക്ഷാരംഗങ്ങളില്‍ അത്ര ശോഭനമായിരിക്കില്ല ബന്ധം എന്നു കരുതാന്‍ ന്യായമുണ്ട്.

അസ്വസ്ഥമായ അയല്‍രാജ്യങ്ങളാണ് ചുറ്റും. പാകിസ്താനും മ്യാന്‍മറും അഫ്ഗാനിസ്താനും ശ്രീലങ്കയും. അവയില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സുഹൃത്ത് ബംഗ്ലാദേശ് ആയിരുന്നു. കാരണം ഹസീനയും. ബംഗ്ലാദേശിലെ അട്ടിമറി ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കാം, ഇത് വ്യാപാരം, സുരക്ഷ, പ്രാദേശിക സഹകരണം എന്നിവയെ ബാധിക്കും. ബംഗ്ലാദേശുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. അട്ടിമറി ഈ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുക മാത്രമല്ല, ഇതുവരെ ചെയ്തതൊക്കെ അപ്രസക്തമാക്കുകയും ചെയ്തേക്കാം. മാലിദ്വീപില്‍ മുയിസു സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ വന്ന മാറ്റങ്ങള്‍ നാം കണ്ടതാണല്ലോ.

ഭരണമാറ്റം വടക്കുകിഴക്കന്‍ ഇന്ത്യയില്‍ നമ്മുടെ സുരക്ഷാ ആശങ്കകള്‍ വര്‍ദ്ധിപ്പിക്കാനിടയുണ്ട്. മാസങ്ങളായിട്ടും മണിപ്പുര്‍ കലാപം കെട്ടടങ്ങിയിട്ടില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ബംഗ്ലാദേശിലെ അട്ടിമറി തീവ്രവാദത്തിന് തീ പകരും. ഇന്ത്യയുടെയും മ്യാന്‍മറിന്റെയും ബംഗ്ലാദേശിന്റെയും ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു ക്രിസ്ത്യന്‍ രാജ്യമുണ്ടാക്കാന്‍ അമേരിക്ക ശ്രമിക്കുന്നതായി കഴിഞ്ഞ മാസം ഹസീന ആരോപിച്ചിരുന്നു. തങ്ങള്‍ക്ക് വെല്ലുവിളിയായി ഉയരുന്ന ചൈനയ്ക്കെതിരെ നിര്‍ണായകസ്ഥാനത്ത് സുഹൃദ്‌രാഷ്ട്രം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞിരുന്നു. മണിപ്പുരിലെ കലാപത്തിനു പിന്നിലും ഇത്തരം ചില ഗൂഢാലോചനകള്‍ ആരോപിക്കുന്നവരുണ്ട്. എന്തായാലും ബംഗ്ലാദേശിലെ രാഷ്ട്രീയ അനിശ്ചിതത്വം പ്രാദേശിക അസ്ഥിരതയ്ക്ക് കാരണമായേക്കാം, ഇത് ഇന്തോ-പസഫിക്കിലെ ഇന്ത്യയുടെ താല്‍പ്പര്യങ്ങളെയും ബിംസ്റ്റെക് പോലുള്ള ബഹുരാഷ്ട്രസംഘടനകളിലെ പങ്കാളിത്തത്തെയും ബാധിക്കുമെന്ന് ഉറപ്പാണ്.

നയതന്ത്രരംഗത്ത് വിദേശമന്ത്രി ഡോ.എസ് ജയശങ്കറിനും സംഘത്തിനും പിടിപ്പതു പണിയാണ് വരുന്നത്. ഒരു വിഭാഗത്തെയും പിണക്കാതെ, ആരോടും പക്ഷപാതമുണ്ടെന്ന തോന്നല്‍ വരുത്താതെ മുന്നോട്ടു പോവുകയും ഹസീനയുടെ ഭരണകാലത്ത് ആ രാജ്യത്ത് നടത്തിയ നിക്ഷേപങ്ങള്‍- സാമ്പത്തികം മാത്രമല്ല, സാംസ്‌കാരികവും- തകരാതെ നോക്കണം. രാജ്യത്തിന്റെ തന്ത്രപരമായ താല്‍പ്പര്യങ്ങളും മേഖലയിലെ മറ്റുരാജ്യങ്ങളുമായുള്ള ബന്ധവും ഉപയോഗിച്ച് ബംഗ്ലാദേശുമായുള്ള ബന്ധം സന്തുലിതമായി നിലനിര്‍ത്തണം. ശരിക്കും ഒരു ഞാണിന്‍മേല്‍ കളി. നിഷ്പക്ഷത വെടിഞ്ഞ് ബംഗ്ലാദേശില്‍ ഇടപെടാനോ, നിലപാട് സ്വീകരിക്കാനോ ഇന്ത്യയുടെമേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ടാവാനും സാധ്യതയുണ്ട്. അതിനെ തന്ത്രപരമായി കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. നേരത്തേ പറഞ്ഞതുപോലെ, ഈ അട്ടിമറി മേഖലയിലെ ശാക്തികബലതന്ത്രത്തെ മാറ്റിമറിച്ചേക്കാം, ഇത് ചൈനയും പാകിസ്താനുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ബാധിക്കാനുമിടയുണ്ട്.

ബംഗ്ലാദേശില്‍ സമാധാനപരമായ പരിഹാരം ഉറപ്പാക്കാന്‍ ബംഗ്ലാദേശ് സൈന്യവും രാഷ്ട്രീയ പാര്‍ട്ടികളും സിവില്‍ സമൂഹവും ഉള്‍പ്പെടെയുള്ള എല്ലാ പങ്കാളികളുമായും ആശയവിനിമയത്തിനുള്ള ചാനലുകള്‍ ഇന്ത്യ നിലനിര്‍ത്തണം, ഇല്ലാത്തിടത്ത് ഉണ്ടാക്കണം. രാജ്യത്തിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും ശ്രദ്ധാപൂര്‍വ്വമായ നയതന്ത്രമാനേജ്മെന്റ് ആവശ്യമാണ്. പ്രാദേശിക സ്ഥിരത നിലനിര്‍ത്താന്‍ നയതന്ത്ര ശ്രമങ്ങള്‍ ആവശ്യമാണ്.

ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് ഒഴുകിയെത്തുമെന്ന ആശങ്കയാണ് അധികാരികളെ അലട്ടുന്ന ഒരു പ്രശ്നം. 1971-ലെ അനിയന്ത്രിതമായ അഭയാര്‍ത്ഥി പ്രവാഹമാണ് ബംഗ്ലാദേശിന്റെ രൂപീകരണത്തില്‍ കൊണ്ടുചെന്നെത്തിച്ചത്. രാജ്യത്തിന്റെ വിഭവങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും അത് കനത്ത സമ്മര്‍ദ്ദം ചെലുത്തും. ഇപ്പോള്‍ തന്നെ ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളെ ഇന്ത്യ സംരക്ഷിക്കുന്നുണ്ട്, മ്യാന്‍മറില്‍ നിന്നുള്ള റോഹിംഗ്യകളെ അടക്കം. ഇന്നും ലോകത്തിലേക്കും പട്ടിണിക്കാരുണ്ടെന്നു പറയപ്പെടുന്ന ഇന്ത്യയില്‍ കൂടുതല്‍ അഭയാര്‍ത്ഥികളെത്തുന്നത് പൗരന്‍മാര്‍ക്ക് വീതംവെക്കാനുള്ള വിഭവങ്ങളെ കൂടുതല്‍ പരിമിതപ്പെടുത്തും. ഏതാനും വര്‍ഷങ്ങളായി ലോകത്തു തന്നെ മികച്ച സാമ്പത്തിക വളര്‍ച്ച കൈവരിച്ചുവരുന്ന ഇന്ത്യക്ക് ഇത് വലിയ സാമ്പത്തിക വെല്ലുവിളിയുമാകാം. എന്തായാലും കടുത്ത മാനുഷിക പ്രതിസന്ധിയാകാം നമ്മെ കാത്തിരിക്കുന്നത്. 1971-ല്‍ പാകിസ്താന്‍ പട്ടാളവും ഒറ്റുകാരും ചേര്‍ന്ന് കൊന്നൊടുക്കിയത് (ഓപ്പറേഷന്‍ സെര്‍ച്ച്ലൈറ്റ്) 30 ലക്ഷത്തോളം ബംഗ്ലാദേശുകാരെയാണ്. ഭീകരത സഹിക്കാതെ ഇന്ത്യയിലേക്ക് പലായനം ചെയ്തത് ഒരു കോടിയോളം മനുഷ്യര്‍.

മാറിയ സാഹചര്യത്തില്‍ ഭീകരവാദവും ഇന്ത്യക്ക് വെല്ലുവിളിയായേക്കാം. ഹസീനയ്ക്കു മുമ്പ് ഇന്ത്യാവിരുദ്ധ ഭീകര ഗ്രൂപ്പുകള്‍ക്ക് ബംഗ്ലാദേശില്‍ സ്വതന്ത്രമായി വിഹരിക്കാന്‍ കഴിയുമായിരുന്നു. ഹര്‍ക്കത്തുല്‍ ജിഹാദ് അല്‍ ഇസ്ലാമി ബംഗ്ലാദേശ്, ജമാത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ്, അന്‍സാറല്‍ ഇസ്ലാം തുടങ്ങി നിരവധി ഗ്രൂപ്പുകള്‍ ഇന്ത്യക്ക് തലവേദനയായിരുന്നു. പുതിയ ഭരണാധികാരികള്‍ മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയെപ്പോലെ പാക് അനുകൂല, ഇന്ത്യാവിരുദ്ധ സമീപനം സ്വീകരിച്ചാല്‍ ഇന്ത്യാസമുദ്ര മേഖലയില്‍ നങ്കൂരമുറപ്പിക്കാന്‍ എല്ലാ വഴികളും പയറ്റുന്ന ചൈനയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കും.

ബംഗബന്ധു മുജീബുര്‍ റഹ്‌മാന്‍ 1971-ല്‍ ഇന്ത്യയിലേക്കു വന്നിരുന്നു, ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ ഇന്ത്യയുടെ പിന്തുണ തേടി. ന്യൂഡല്‍ഹിയില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യ ബംഗ്ലാദേശിന് നയതന്ത്ര അംഗീകാരം നല്‍കി, സ്വാതന്ത്ര്യപ്പോരാട്ടത്തില്‍ നിര്‍ണായക പിന്തുണ നല്‍കി, പുതിയ സ്വതന്ത്രരാജ്യം രൂപം കൊണ്ടു. 53 വര്‍ഷത്തിനു ശേഷം മകള്‍ ഇന്ത്യയിലേക്ക് ജീവനും കൊണ്ടോടുകയാണ്. ഇനിയുമുണ്ടാകുമോ ഒരു മുക്തിബാഹിനി? ഒരു വിമോചനപ്പോരാട്ടം? അതിനു നേതൃത്വം കൊടുക്കാനുള്ള മനക്കരുത്ത് മുജീബുര്‍ റഹ്‌മാന്റെ മകളില്‍ ബാക്കിയുണ്ടോ?
 

Content Highlights: Sheikh Hasina, Bangladesh Protests, Sheikh Hasina Resignation, sheikh hasina and india