കേന്ദ്രത്തിനു നേരേ റിപ്പബ്ലിക്കിന്റെ പീരങ്കി; അർണബ് ഗോസ്വാമിക്കെന്തു പറ്റി?


ആർക്കും വിശ്വസിക്കാനാവാത്ത മാറ്റമാണിത്. ബിജെപി സർക്കാരിന്റെയും നയങ്ങളുടെയും വലതുപക്ഷത്തിന്റെയും ഏറ്റവും വലിയ വക്താവായിരുന്ന അർണബ് രഞ്ജൻ ഗോസ്വാമി കേന്ദ്രസർക്കാരിനെ പരസ്യമായി തൊലിയുരിക്കുകയാണ്! ഏതാനും ആഴ്ചകളായി നരേന്ദ്രമോദി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിഷയങ്ങൾ ഒന്നിനു പുറകേ മറ്റൊന്നായി ചർച്ചയ്‌ക്കെടുക്കുകയാണ് അദ്ദേഹം. തിങ്കളാഴ്ച രാത്രി അദ്ദേഹം നടത്തിയ മൂന്നു ഡിബേറ്റുകളുടെയും വിഷയങ്ങൾ ബിജെപിയെ വിഷമിപ്പിക്കുന്നതായിരുന്നു. ആരാവല്ലി മലനിരകളെ തകർക്കാനുള്ള നീക്കം, അഗസ്ത വെസ്റ്റ്‌ലണ്ട് കോഴക്കേസിലെ പ്രതി ക്രിസ്റ്റ്യൻ മിഷേലിന് ജാമ്യം കിട്ടിയതിനു വഴിവെച്ച സാഹചര്യം, തുർക്കി യാത്രാവിമാനങ്ങൾക്ക് ഇന്ത്യയിൽ ഓപ്പറേഷൻ തുടരാൻ അനുമതി കൊടുത്തതിലെ ദേശവിരുദ്ധത. പിന്നാലെ വന്ന മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബിആർ ഗവായിയുമായുള്ള തൽസമയഅഭിമുഖം ആരും മറക്കാനിടയില്ല. അഭിമുഖം എന്നതിനെക്കാൾ ചോദ്യം ചെയ്യലെന്നു തോന്നിച്ച സംവാദം! എന്താണ് സംഭവിക്കുന്നത്? വർഷങ്ങളായി അദ്ദേഹത്തെ പിന്തുടരുന്ന ലക്ഷക്കണക്കായ പ്രേക്ഷകരും നിരീക്ഷകരും ചോദിക്കുകയാണ്, അർണബിനെന്തു പറ്റി?
കളി മാറി, പ്രതിക്കൂട്ടിൽ ഗാന്ധി കുടുംബമല്ല, കേന്ദ്രസർക്കാർ
കഴിഞ്ഞ ജൂണിൽ എയർ ഇന്ത്യയുടെ ഒരു വിമാനം അഹമ്മദാബാദിലെ ജനവാസ മേഖലയിൽ 230 യാത്രക്കാരുമായി തകർന്നുവീണു. രക്ഷപ്പെട്ടത് അവരിൽ ഒരാൾ മാത്രം. മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയും ഉണ്ടായിരുന്നു. ഒരുപക്ഷേ, അവിടെയാവണം പതിവുകൾക്ക് വിരുദ്ധമായി അദ്ദേഹം എൻഡിഎ സർക്കാരിനെ കടന്നാക്രമിക്കാൻ തുടങ്ങിയത്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡിജിസിഎ) പ്രതിക്കൂട്ടിൽ നിർത്തിയ അദ്ദേഹം ടിഡിപി ഭരിക്കുന്ന സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്നും ഉത്തരങ്ങൾ ആവശ്യപ്പെട്ടു. അപകടത്തിന് ശേഷവും ഒന്നിലധികം തവണ എയർ ഇന്ത്യയുടെ വിമാനങ്ങൾ അപകടത്തിൽപ്പെടുന്നതിന് അടുത്തെത്തിയത് അദ്ദേഹം ചൂണ്ടിക്കാണിച്ചു. എയർ സേഫ്റ്റിയാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഉത്കണ്ഠയെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ട മന്ത്രാലയത്തിന്റെയും വിമാനക്കമ്പനിയുടെയും വീഴ്ചകൾ മറച്ചുവെക്കാൻ അപകടത്തിനിരയായ വിമാനത്തിന്റെ പൈലറ്റിനെ പഴിചാരാനുള്ള ശ്രമങ്ങളെ അദ്ദേഹം തുറന്നുകാട്ടി.

ആദ്യമൊക്കെ എൻഡിഎയുടെ ഘടകകക്ഷിയെ മാത്രം ഉദ്ദേശിച്ചായിരുന്നു അർണബിന്റെ വിമർശനം എന്നാശ്വസിച്ചിരുന്നവർക്ക് തെറ്റി. ഡിസംബർ ആദ്യവാരം ഉണ്ടായ ഇൻഡിഗോ വിമാനപ്രതിസന്ധിയെ തുടർന്ന് രാജ്യമെമ്പാടും നൂറുകണക്കിന് വിമാനസർവീസുകൾ റദ്ദാക്കപ്പെട്ടത് ദിവസങ്ങളോളം അർണബ് ചർച്ചയ്‌ക്കെടുത്തു.ി പ്രതിസന്ധിക്കു വഴിവെച്ചത് ഇന്ത്യയുടെ വ്യോമയാന മേഖല ഇൻഡിഗോ, എയർ ഇന്ത്യ എന്നീ രണ്ട് വിമാനക്കമ്പനികൾക്ക് തീറെഴുതി കൊടുത്തിട്ടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിമാനക്കമ്പനികളുടെ സമ്മർദ്ദത്തിന് കേന്ദ്രം വഴങ്ങിയെന്നും യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ചകൾ ചെയ്തുവെന്നും കേന്ദ്രം കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് കീഴടങ്ങി എന്നും അർണബ് വാദിച്ചു. ഒന്നും രണ്ടും കുത്തകകൾ മാത്രമുള്ള സാഹചര്യം രാജ്യത്തെ നിർണായകമായ നിരവധി മേഖലകളിലുണ്ടെന്നും അത് സാധാരണക്കാരനെ ദോഷകരമായി ബാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തെലുഗുദേശം പാർട്ടി റിപ്പബ്ലിക് ടിവി ബഹിഷ്‌കരിച്ചു. 'അർബൻ നക്‌സലു'കൾക്കെതിരെ ചന്ദ്രഹാസമിളക്കുന്ന, സ്വതന്ത്രകമ്പോള വ്യവസ്ഥിതിയുടെ പ്രചാരകനായ അർണബാണോ ഇതു പറയുന്നതെന്ന് അദ്ദേഹത്തിന്റെ നിശിതമായ വിമർശനങ്ങൾക്കും പരിഹാസത്തിനും പതിവായി ഇരയായിരുന്നവർ ചിന്തിച്ചു കാണും!
ഗോസ്വാമിയുടെ വിമർശന ശരങ്ങൾ ഏവിയേഷനും കടന്ന് ബിജെപിയുടെ കോട്ടകൾ ഭേദിക്കുന്ന കാഴ്ചയാണ് പിന്നെയുള്ള ദിവസങ്ങളിൽ കണ്ടത്. അർണബിന്റെ കോടതിയിലെ പതിവുപ്രതികളായ പ്രതിപക്ഷത്തിനു പകരം ബിജെപി എത്തി! മധ്യപ്രദേശിൽ നിന്നുള്ള ഒരു ബിജെപി എംഎൽഎ മകന്റെ വിവാഹദിനത്തിൽ വെടിക്കെട്ടിന് മാത്രം 70 ലക്ഷം രൂപ ചെലവാക്കിയത് അശ്ലീലമായ പണക്കൊഴുപ്പിന്റെ പ്രദർശനമാണെന്ന് അർണബ് കുറ്റപ്പെടുത്തി. ഡൽഹിയിലെ അന്തരീക്ഷ ഗുണനിലവാര സൂചിക (എക്യുഐ) അപകടകരമായ നിലകളിലേക്ക് കൂപ്പുകുത്തിയതായിരുന്നു കേന്ദ്രത്തെ അടിക്കാൻ അർണബിനു കിട്ടിയ അടുത്ത വടി. ഒരു കേന്ദ്രപദ്ധതിയുടെ പേരുമാറ്റത്തെക്കുറിച്ച് 48 മണിക്കൂർ ചർച്ച ചെയ്ത പാർലമെന്റ് ജനകോടികളെ ബാധിക്കുന്ന ഈ പ്രശ്‌നത്തിന് ഒരു മണിക്കൂർ പോലും നീക്കിവെക്കാത്തതിനെ അദ്ദേഹം അതിരൂക്ഷമായി വിമർശിച്ചു.

Continue reading