ബെംഗളൂരു നിശ്ചലമായൊരു ദിവസം; വീരപ്പന്‍ രാജ്കുമാറിനെ തട്ടികൊണ്ടുപോയിട്ട് 25 വര്‍ഷം

#സി.എം. വിനോദ് കുമാർ
സന്ധി ചര്‍ച്ചകള്‍ക്കിടെ രാജ്കുമാറിനും നക്കീരന്‍ ഗോപാലനുമൊപ്പം വീരപ്പന്‍
സന്ധി ചര്‍ച്ചകള്‍ക്കിടെ രാജ്കുമാറിനും നക്കീരന്‍ ഗോപാലനുമൊപ്പം വീരപ്പന്‍

കന്നഡ സൂപ്പര്‍ താരം ഡോ.രാജ്കുമാറിനെ വീരപ്പന്‍ തട്ടികൊണ്ട് പോയിട്ട് ഇന്ന് 25 വര്‍ഷം തികയുന്നു. വീരപ്പനും രാജ്കുമാറും ഓര്‍മ്മയായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. പക്ഷെ ദക്ഷിണേന്ത്യയിലാകെ കോളിളക്കം സൃഷ്ടിച്ച ഈ സംഭവം ഇന്നും ജനമനസ്സിലുണ്ട്. 2000 ജൂലായ് 30 ന് രാത്രിയാണ് തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയിലെ ഗജാനൂരിലെ ഫാം ഹൗസില്‍ വെച്ച് രാജ്കുമാര്‍ ഉള്‍പ്പടെ നാലുപേരെ വീരപ്പന്‍ തട്ടികൊണ്ടു പോവുന്നത്. അന്നത്തെ കര്‍ണാടക മുഖ്യമന്ത്രി എസ്.എം.കൃഷ്ണക്കും തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിക്കും തുടര്‍ന്നങ്ങോട്ട് ഉറക്കം നഷ്ടപ്പെട്ട രാത്രികളായിരുന്നു. ഇരു സംസ്ഥാനങ്ങളിലേയും രാഷ്ട്രീയനേതൃത്വത്തെമുള്‍മുനയില്‍ നിര്‍ത്തിയ സംഭവങ്ങളുടെ തുടര്‍ച്ചയായി അത് മാറി.

കര്‍ണാടകത്തിലെ 121 ടാഡതടവുകാരെ വിടുക, കര്‍ണാടകത്തില്‍ തമിഴ് രണ്ടാംഭാഷയാക്കുക തുടങ്ങിയ രാഷ്ട്രീയആവശ്യങ്ങള്‍ ഉന്നയിച്ചാണ് വീരപ്പന്‍ സംസ്ഥാനങ്ങളെ വലിയ പ്രതിസന്ധിയിലാക്കിയത്. കാട്ടില്‍ വീരപ്പന്‍ ബന്ദിയാക്കിയ രാജ്കുമാര്‍ പിന്നീട് പുറത്ത് വരുന്നത് 108 ദിവസങ്ങള്‍ക്ക് ശേഷമാണ്. ബെംഗളൂരു നഗരം തീര്‍ത്തും നിശ്ചലമായൊരു ദിവസമായിരുന്നു അത്.  കാലത്ത് 8 മണിയോടെയാണ്‌ സ്‌തോഭജനകമായ ഈ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നപ്പോള്‍ കര്‍ണാടകം നടുങ്ങി. തുറന്ന കടകളുടെയെല്ലാം ഷട്ടറുകള്‍ ഒരു നിമിഷം കൊണ്ട് വീണു. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. റോഡുകള്‍ വിജനമായി. സംഭവം തമിഴ് നാട്ടില്‍ വച്ചായതുകൊണ്ട് തമിഴര്‍ക്ക് നേരെ അങ്ങിങ്ങ് ആക്രമങ്ങളുണ്ടായി.. കന്നഡ സംഘടനകളും രാജ്കുമാറിന്റെ ആരാധകരും തെരുവുകള്‍ കയ്യടക്കി. കന്നഡ മക്കള്‍ ''ദൈവത്തെ'' പോലെ കരുതുന്ന രാജ്കുമാറിനുണ്ടായ ദുര്‍വിധി രാജ്യമാകെ ചര്‍ച്ചാവിഷയമായി. 

പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിഷയം ചൂടുപിടിച്ചു. മുന്‍കര്‍ണാടക മുഖ്യമന്ത്രി എസ്.ആര്‍ ബൊമ്മ രാജ്യസഭയിലും മറ്റൊരു മുന്‍ മുഖ്യമന്ത്രിയായിരുന്ന  ബങ്കാരപ്പ ലോക്‌സഭയിലും പ്രശ്‌നം വൈകാരികമായി ഉയര്‍ത്തി. അന്നത്തെ പ്രധാനമന്ത്രി എ.ബി വാജ്‌പേയും ആഭ്യന്തരമന്ത്രിയായിരുന്ന എല്‍.കെ. അദ്വാനിയും സംസ്ഥാന സര്‍ക്കാറുകളുടെ പ്രതിസന്ധി ഉള്‍കൊണ്ട് രക്ഷാദൗത്യത്തിന് സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ രാജ്കുമാറിന്റെ ജീവന്‍ അപകടത്തിലാവുമോ എന്ന ഭയത്താല്‍ ഒരു കമ്മാന്‍ഡോ ഓപ്പറേഷന് സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറല്ലായിരുന്നു. ഒരു വനം കൊള്ളക്കാരന് വഴങ്ങി തടവുകാരെ പുറത്ത് വിടാനുള്ള നീക്കം സുപ്രീംകോടതിയുടെ കടുത്തവിമര്‍ശനത്തിനും ഇടയാക്കി.  

സമാധാനദൂതുമായി അഞ്ച് തവണ നക്കീരന്‍ ഗോപാലനെ കാട്ടിലേക്കയച്ചു. ഒടുവില്‍ തമിഴ് ദേശിയവാദി ഗ്രൂപ്പിന്റെ നേതാവ് പി. നെടുമാരന്‍ വീരപ്പനെ കാണാന്‍ പോയതാണ് പ്രതീക്ഷയ്ക്ക് വകനല്‍കിയത്. പക്ഷെ 100 ദിവസങ്ങള്‍ കഴിഞ്ഞിട്ടും രാജ്കുമാര്‍ ബന്ദിയായി കാട്ടില്‍ തുടര്‍ന്നു. ഇന്ത്യയിലെ പത്രങ്ങളായ പത്രങ്ങളെല്ലാം മാസങ്ങളോളം വീരപ്പന്‍ വാര്‍ത്തകള്‍ ഒന്നാം പേജില്‍ തന്നെ പ്രാധാന്യത്തോടെ നല്‍കി. മാതൃഭൂമിയില്‍ കെ.ഗോപാലകൃഷ്ണന്‍ പത്രാധിപരായി ചുമതലയേറ്റ് അധികം വൈകാതെയായിരുന്നു ഈ സംഭവം. രാജ്കുമാറിനെ തട്ടികൊണ്ട് പോയ വാര്‍ത്ത കന്നഡ പത്രങ്ങളെല്ലാം  ഒന്നാംപേജില്‍ നല്‍കിയത് രാജ്കുമാറിന്റെ വലിയ ചിത്രത്തോടെയായിരുന്നു. എന്നാല്‍ മാതൃഭൂമി അന്ന് ഇറങ്ങിയത്  വീരപ്പന്‍ തോക്കുംപിടിച്ച് നില്‍ക്കുന്ന നെടുനീളന്‍ ചിത്രത്തോടെയായിരുന്നു. അന്ന് പത്രം ഇറങ്ങിയ ഉടനെ തന്നെ കടകളില്‍ നിന്നെല്ലാം അത് ചൂടോടെ വിറ്റഴിഞ്ഞു. 

വീരപ്പന്റെ മൃതദേഹം അടക്കം ചെയ്ത സ്ഥലം | ഫോട്ടോ: പി ജയേഷ്, മാതൃഭൂമി

ബെംഗളൂരുവിലെ പ്രധാന ഹൈഗ്രൗണ്ട് സര്‍ക്കിളില്‍ നിന്ന് നോക്കുമ്പോള്‍ വിറങ്ങലിച്ച നഗരത്തില്‍നിന്ന് ആളുകള്‍ ഭയത്തോടെ ഉള്‍വലിയുന്നതാണ് ഈ ലേഖകന്‍ കണ്ടത്. രാജ്കുമാറിന്റെ വസതിയ്ക്ക് മുന്നില്‍ സ്ത്രീകളുള്‍പ്പടെയുള്ള ആരാധകര്‍ വാവിട്ട് നിലവിളിച്ചു. ആശങ്കയുടെ മൂന്ന് മാസങ്ങള്‍ക്ക് ശേഷം 2000 നവംബര്‍ 15നാണ് രാജ്കുമാറിനെ വീരപ്പന്‍ പുറത്ത് വിടുന്നത്. 2004ല്‍ പ്രത്യേകദൗത്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ വീരപ്പന്‍ കൊല്ലപ്പെട്ടു. 2006-ല്‍ രാജ്കുമാറും വിടവാങ്ങി.

മോചിപ്പിക്കപ്പെട്ട ശേഷം കുടുംബത്തോടൊപ്പം ഡോ. രാജ്കുമാര്‍

പക്ഷെ രാജ്കുമാറിന്റെ മോചനം സാധ്യമായത് എന്ത് സന്ധിയുടെ പുറത്തായിരുന്നു എന്നത് ഇപ്പോഴും നിഗൂഢമായി തന്നെ ശേഷിക്കുന്നു. കോടികള്‍ മോചനദ്രവ്യമായി നല്‍കിയെന്ന പ്രചാരണം അദ്ദേഹത്തിന്റെ കുടുംബവും സര്‍ക്കാറുകളും തുടരെ  നിഷേധിച്ചിരുന്നു. വീരപ്പന്‍ കൊല്ലപ്പെട്ടിട്ട് 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കേസിലെ എല്ലാപ്രതികളേയും വിട്ടുകൊണ്ടുള്ള കോടതിവിധിയും വന്നു. അപ്പോഴും 20വര്‍ഷം പിടികിട്ടാപുള്ളിയായി കൊടും വനത്തില്‍ കഴിഞ്ഞ, നൂറുകണക്കിന് ആനകളെ വകവരുത്തിയ, പോലീസുകാരെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും ഒറ്റുകാരെയും ക്രൂരമായികൊലപ്പെടുത്തിയ കുസു മുനിസ്വാമി വീരപ്പന്‍ ഒരു ദുസ്വപ്നമായി ആളുകളുടെ മനസ്സില്‍ശേഷിക്കുന്നു.

Content Highlights: 25 years since Rajkumars abduction by Veerappan