പല്ല് തേക്കാന് പോകുന്നതിനിടെ പിടിവിട്ടു; തീവണ്ടിയില്നിന്നു വീണ യുവാവ് മരിച്ചു

ശാസ്താംകോട്ട: കുടുംബത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ യുവാവ് ട്രെയിനിൽനിന്നു വീണു മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് പനവൂർ വിശ്വപുരം കരിഞ്ചയിൽ കിഴക്കുംകര വീട്ടിൽ കൃഷ്ണന്റെയും അമ്പിളിയുടെയും മകൻ ആനന്ദ് കൃഷ്ണ(35)നാണ് മരിച്ചത്. മലബാർ എക്സ്പ്രസിൽ ഭാര്യ അഞ്ജനയ്ക്കും മകൻ ആത്മദേവിനുമൊപ്പം തിരുവനന്തപുരത്തേക്കു പോകുമ്പോഴായിരുന്നു അപകടം.
ബുധനാഴ്ച രാവിലെ 7.30-ന് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനു കിഴക്ക് തലയിണക്കാവ് റെയിൽവേ ഗേറ്റിനു സമീപമാണ് വീണത്. അഞ്ജനയെ മറ്റു യാത്രക്കാർ വൈകിയാണ് വിവരം ധരിപ്പിച്ചത്. അവർ കൊല്ലത്തിറങ്ങി ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുക്കൾ ഉച്ചയോടെ ശാസ്താംകോട്ടയിലെത്തി.
ഇതിനിടെ ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പല്ല് തേക്കുന്നതിനായി വാഷ്ബെയ്സിന് അടുത്തേക്കു പോകുമ്പോൾ ട്രെയിൻ ഉലയുകയും പിടിവിട്ട് പുറത്തേക്കു തെറിച്ചുവീഴുകയുമായിരുന്നെന്ന് ശാസ്താംകോട്ട പോലീസ് അറിയിച്ചു. മൃതദേഹം പരിശോധനകൾക്കു ശേഷം വൈകീട്ടോടെ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
സംസ്കാരം വ്യാഴാഴ്ച രാവിലെ 11-ന് വീട്ടുവളപ്പിൽ.
Content Highlights: youth fell from train dies during tooth brushing