യൂത്ത് കോൺഗ്രസ് നിയമസഭാ മാർച്ചിൽ സംഘർഷം; കണ്ണീർവാതകം പ്രയോഗിച്ചു; പ്രവർത്തകർക്ക് ശാരീരികാസ്വാസ്ഥ്യം

#മാതൃഭൂമി ന്യൂസ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സർക്കാരിനെതിരേ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസിന് നേരേ നിരന്തരം കല്ലേറുണ്ടായതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കണ്ണീർവാതക പ്രയോഗത്തിൽ ഒട്ടേറെപ്രവർത്തകർക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായി. ഇവരെ ആംബുലൻസുകളിലും പോലീസ് വാഹനത്തിലും ആശുപത്രിയിലേക്ക് മാറ്റി.

വ്യാഴാഴ്ച ഉച്ചയോടെയാണ് ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് ബാരിക്കേഡ് സ്ഥാപിച്ച് പോലീസ് തടഞ്ഞു. ഇതോടെ ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പോലീസിന് നേരേ കല്ലേറുമുണ്ടായി. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിന്തിരിയാതിരുന്നതോടെയാണ് പോലീസ് പലതവണയായി കണ്ണീർവാതകം പ്രയോഗിച്ചത്.

പ്രവർത്തകർ കൂട്ടംകൂടിനിന്ന സ്ഥലത്തേക്കാണ് കണ്ണീർവാതക ഷെല്ലുകൾ പതിച്ചത്. ഇതോടെ ഒട്ടേറെ പ്രവർത്തകർക്ക് ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടു. തുടർന്ന് ഇവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ പ്രവർത്തകരെല്ലാം പ്രതിഷേധം അവസാനിപ്പിച്ച് സ്ഥലത്തുനിന്ന് പിൻവാങ്ങിയിട്ടുണ്ട്. സംഘർഷത്തെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു.

Content Highlights: Protest march by Youth Congress against Kerala govt over Sabarimala gold heist turns violent. Police deployed tear gas and water cannons amidst stone-pelting. Many activists fell ill.