'സകലരും ചോദിച്ചു; ഏത് പെണ്ണിനൊപ്പമാടാ നീ ആറ്റിൽ ചാടിയത്, ജീവൻ രക്ഷിക്കാനായതിൽ സന്തോഷമുണ്ട്'

" എന്റെ ദേഹമെല്ലാം വിറയ്ക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് പേടിയുണ്ടായിരുന്നു. നാട്ടിലെല്ലാം വെച്ച് കണ്ടിട്ടുള്ളതാണ് ആ പെണ്‍കുട്ടിയെ. പക്ഷേ, രക്ഷിച്ച് കരയ്ക്ക് എത്തിച്ചതോടെ ഞാനും ആ പെണ്‍കുട്ടിയും കൂടിയാണ് ചാടിയത് എന്ന രീതിയില്‍ സംസാരമായി. അതോടെ ആകെ പേടിച്ച് പോയി. നാട്ടില്‍ വന്നപ്പോള്‍ ആളുകള്‍ ചോദിച്ചു നീയും ഏത് പെണ്‍കുട്ടിയും കൂടിയാണ് ആറ്റില്‍ ചാടിയതെന്ന്. പിന്നെ പത്രത്തില്‍ വാര്‍ത്ത വന്നപ്പോഴാണ് ആളുകള്‍ സംഭവമെല്ലാം അറിയുന്നത്" - പ്രായിക്കരപ്പാലത്തില്‍നിന്നു അച്ചന്‍കോവിലാറ്റിലേക്കു ചാടിയ പെണ്‍കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തിയ അനൂപ് സിദ്ധാര്‍ഥന്റെ വാക്കുകളില്‍ ആശ്വാസം.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു ഉളുന്തി പെട്ടിക്കല്‍ വടക്കതില്‍ അനൂപ്, ജീവന്‍പോലും വകവെയ്ക്കാതെ ആറ്റിലേക്കു ചാടി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐ. ഉളുന്തി യൂണിറ്റ് പ്രസിഡന്റായ അനൂപ്, കേബിള്‍ നെറ്റ്വർക്ക് ജീവനക്കാരനാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ പോക്കറ്റിലുണ്ടായിരുന്ന ഫോണും നഷ്ടപ്പെട്ടു. ലോക ആത്മഹത്യ പ്രതിരോധ ദിനത്തിന്റെ തലേന്ന് ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയ അനൂപ് സംഭവത്തേക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് വിവരിക്കുന്നു....
ഇറങ്ങി ഓടുന്നത് കണ്ടപ്പോള്‍ തന്നെ കാര്യം മനസിലായി
വണ്ടിയുടെ പെട്രോള്‍ തീര്‍ന്നിട്ട് മാവേലിക്കര പമ്പില്‍ നിന്ന് പെട്രോളും വാങ്ങി വരികയായിരുന്നു. വരുന്ന വഴിക്ക് കൂട്ടുകാരെ കണ്ട് അവരുമായി സംസാരിച്ചുകൊണ്ടാണ് പ്രായിക്കരപ്പാലത്തിന് സമീപത്തേക്ക് എത്തിയത്. പാലത്തിലേക്ക് കയറാന്‍ പോകുമ്പോഴാണ് ഒരു വണ്ടി നിര്‍ത്തി ഒരു പെണ്‍കുട്ടി പിറകിലേക്ക് വരുന്നത് കണ്ടത്. അവര്‍ മാന്നാര്‍ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. വണ്ടിയില്‍ നിന്ന് ഇറങ്ങി ഓടുന്നത് കണ്ടപ്പോള്‍ തന്നെ എനിക്ക് കാര്യം മനസിലായി. ഞാന്‍ അപ്പോള്‍ തന്നെ കൂട്ടുകാരോട് പറഞ്ഞു ഇത് ചാടാനാണെന്ന് തോനുന്നു എന്ന്.
പെണ്‍കുട്ടി ഓടിവന്ന് പാലത്തില്‍നിന്ന് എടുത്തു ചാടി. ഞാന്‍ നേരെ വണ്ടികൊണ്ടുവന്ന് അവര്‍ ചാടിയതിന് സമീപം നിര്‍ത്തി. പ്രായമുള്ള ഒരു സ്ത്രീയും ബന്ധുവായ ഒരാളുമാണ് അവര്‍ക്ക് ഒപ്പമുണ്ടായിരുന്നത്. അവര്‍ക്ക് രണ്ടാള്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു. എന്റെ ഒപ്പമുള്ളവര്‍ക്കും നീന്തല്‍ അറിയില്ല. എന്തെങ്കിലും ചെയ്യൂ എന്നവര്‍ പറഞ്ഞു. പെട്ടന്ന് താഴേക്ക് നേക്കിയപ്പോള്‍ പില്ലറുകള്‍ ഒന്നുമില്ല. അത്യാവശ്യം വെള്ളവുമുണ്ട്. നേരെ എടുത്ത് ചാടി.
പെട്ടന്ന് ചാടിയത് കൊണ്ടാണ് രക്ഷിക്കാന്‍ പറ്റിയത്
എനിക്ക് നീന്തല്‍ അറിയാവുന്നതാണ്. മുമ്പും പാലത്തില്‍ നിന്നൊക്കെ ചാടിയിട്ടുണ്ട്. ആ ധൈര്യത്തില്‍ ചാടിയതാണ്. പക്ഷേ താഴെ കല്ലും മറ്റും ഉണ്ടായിരുന്നു. ആറ്റില്‍ അത്യാവശ്യം വെള്ളവും ഒഴുക്കും ഉള്ളതുകൊണ്ടാണ് കുഴപ്പം ഉണ്ടാകാതിരുന്നത്. പെണ്‍കുട്ടിക്ക് തൊട്ടുപിന്നാലെ തന്നെ ചാടാന്‍ കഴിഞ്ഞതുകൊണ്ടാണ് രക്ഷപ്പെടുത്താന്‍ സാധിച്ചത്. അല്ലെങ്കില്‍ അവര്‍ താണു പോയേനെ, അത്യാവശ്യം അടിയൊഴുക്കുള്ള സമയമാണ്. പെട്ടന്ന് ചാടിയത് കൊണ്ടാണ് രക്ഷിക്കാന്‍ പറ്റിയത്, അല്ലെങ്കില്‍...
പെണ്‍കുട്ടിക്ക് അത്യാവശ്യം നീന്തല്‍ അറിയാവുന്നതാണ്. പക്ഷേ, വെപ്രാളത്തില്‍ കൈയും കാലും ഇട്ടടിച്ചെങ്കിലും പിന്നെ വെള്ളത്തിലേക്ക് താണുപോയി. ചാടിയശേഷം വെള്ളത്തില്‍ വീണ് പൊങ്ങി വന്നപ്പോല്‍ പെണ്‍കുട്ടിയെ കണ്ടു. ഇതോടെ പിടിത്തം കിട്ടി. പിന്നാലെ പെണ്‍കുട്ടിയേയും പിടിച്ചുകൊണ്ട് കരയില്‍ കയറി. കരയില്‍ നിന്ന സ്ത്രീകളാണ് പെണ്‍കുട്ടിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയത്. വലിയ പരിക്കുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ഉയരത്തില്‍ നിന്ന് നെഞ്ചും പുറവും അടിച്ചു വീണതിന്റെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. വീഴ്ച്ചയില്‍ എന്റെ ഫോണും പോയി.
സത്യത്തില്‍ ഞാന്‍ വിരണ്ടുപോയി
പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചപ്പോള്‍ ആ പെണ്ണും കൂടിയാണ് ചാടിയത് എന്ന രീതിയില്‍ സംസാരമായി. ആളുകള്‍ കൂടുകയും എല്ലാവരും ചീത്ത വിളിക്കുകയും ചെയ്തപ്പോള്‍ ഞാനും പേടിച്ചുപോയി. എന്റെ കൂട്ടുകാരും പേടിച്ചു. താഴെ നില്‍ക്കുന്നവര്‍ നോക്കുമ്പോള്‍ ഒരു പെണ്ണ് ചാടുന്നു. പിന്നാലെ ഒരു ചെറുക്കന്‍ ചാടുന്നു. ഞങ്ങള്‍ രണ്ടാളും കൂടെയാണ് ചാടിയതെന്ന് പറഞ്ഞ് അവരെന്നെ ചീത്തവിളിച്ചു.
നാട്ടില്‍ വന്നപ്പോഴും ആളുകള്‍ ചോദിച്ചു നീയും ഏത് പെണ്ണും കൂടിയാണ് ആറ്റില്‍ ചാടിയതെന്ന്. പാലത്തില്‍ നിന്ന് പെണ്ണും ചെറുക്കനും കൂടെ ആത്മഹത്യ ചെയ്യാന്‍ ചാടി എന്നെല്ലാമായിരുന്നു നാട്ടില്‍ സംസാരം. ഇന്ന് രാവിലെ പത്രത്തില്‍ വന്നപ്പോഴാണ് എല്ലാവരും സംഭവമെല്ലാം അറിയുന്നത്. അതുവരെ പല കഥകളെല്ലാം ആയിരുന്നു. ഇപ്പോല്‍ സംഭവം അറിഞ്ഞതോടെ ഒരു പാട് പേര്‍ വളിക്കുന്നുണ്ട്. മാവേലിക്കര എംഎല്‍എ എം.എസ്. അരുണ്‍കുമാര്‍ വിളിച്ചു, ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ വിളിച്ചു. പഞ്ചായത്തില്‍ നിന്ന് ആളുകള്‍ എത്തുമെന്ന് പറഞ്ഞിട്ടുണ്ട്.
Content Highlights: Young man share the story who rescued girl who jumped into the river
Content Highlights: