ചെങ്കുളം ഡാമിൽ മീൻ പിടിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

ആനച്ചാൽ (ഇടുക്കി): ചെങ്കുളം ഡാമിൽനിന്ന് മീൻ പിടിക്കുന്നതിനിടെ ചെങ്കുളം ബ്രദേഴ്സ് വടംവലി ടീമിലെ അംഗം മുങ്ങിമരിച്ചു. ചെങ്കുളം നാലാനിക്കൽ ശീമോന്റെ മകൻ ജിമ്മി (33) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി എട്ടിനാണ് സംഭവം.
ജിമ്മിയും സുഹൃത്തുക്കളായ രണ്ടുപേരും ചേർന്ന് ടയർ ട്യൂബിൽ ഡാമിലൂടെ സഞ്ചരിച്ച് വലകെട്ടി മീൻ പിടിക്കുകയായിരുന്നു. ഇതിനിടെ കുളിക്കുന്നതിനുവേണ്ടി ജിമ്മി വീണ്ടും വെള്ളത്തിൽ ഇറങ്ങി.
സുഹൃത്തുക്കൾ ഏറെനേരം കരയിൽ കാത്തുനിന്നെങ്കിലും ജിമ്മി തിരികെ എത്തിയില്ല. തുടർന്ന് ഡാമിൽ മീൻ പിടിക്കുകയായിരുന്ന ആളുകളുമായി ചേർന്നുനടത്തിയ തിരച്ചിലിലാണ് ജിമ്മിയെ അബോധാവസ്ഥയിൽ വെള്ളത്തിൽ കണ്ടെത്തിയത്. ആനച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
വെള്ളത്തൂവൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. സംസ്കാരം നടത്തി. മാതാവ്: ലിസി. സഹോദരി: ഷാലി.
Content Highlights: young man drowned while fishing in chengulam dam