ക്ലിയറൻസ് സർട്ടിഫിക്കറ്റ് കേന്ദ്രത്തിന് കൈമാറിയില്ല, യോഗേഷ് ഗുപ്തയുടെ വഴിയടയ്ക്കുന്നു

യോഗേഷ് ഗുപ്ത | Photo: Mathrubhumi
യോഗേഷ് ഗുപ്ത | Photo: Mathrubhumi

തിരുവനന്തപുരം: സർക്കാർ പുതിയ പോലീസ് മേധാവിയെ നിയമിച്ച് 10 ദിവസം കഴിഞ്ഞിട്ടും ഡിജിപി യോഗേഷ് ഗുപ്തയ്ക്കുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് കേന്ദ്രത്തിന് കൈമാറിയില്ല. സർട്ടിഫിക്കറ്റ് നൽകാതെ യോഗേഷിന് കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകാനുള്ള വഴിയടയ്ക്കുകയാണ് സർക്കാർ. എന്തെങ്കിലും നടപടിയുണ്ടാകണമെങ്കിൽ അമേരിക്കയിലുള്ള മുഖ്യമന്ത്രി മടങ്ങിയെത്തുംവരെ കാത്തിരിക്കേണ്ടിവരും.

വിജിലസ് മേധാവിസ്ഥാനത്തുനിന്ന് സർക്കാർ മാറ്റിയതിനുപിന്നാലെതന്നെ യോഗേഷ് ഗുപ്ത കേന്ദ്ര അന്വേഷണ ഏജൻസിയിലേക്കുപോകാൻ തയ്യാറെടുപ്പുനടത്തിയിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ എന്നിവയുടെ തലപ്പത്ത് നിയോഗിക്കപ്പെടാനുള്ള പാനലുണ്ടാക്കാൻ വിവിധ സംസ്ഥാനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കത്തുനൽകിയിരുന്നു. എന്നാൽ, വിജിലൻസിലിരിക്കെത്തന്നെ സർക്കാരിന് അനഭിമതനായ യോഗേഷിന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ തയ്യാറായില്ല. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒട്ടേറെത്തവണ ഓർമ്മപ്പെടുത്തിയിട്ടും സർക്കാർ അയഞ്ഞിട്ടില്ല.

പോലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള താത്കാലിക പട്ടികയിൽനിന്ന് പിന്മാറാൻ യോഗേഷ് ഗുപ്തയ്ക്ക് സമ്മർദമുണ്ടായിരുന്നു. രണ്ടുമാസത്തിലധികമായിട്ടും സർക്കാർ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാത്തതിനുപിന്നിൽ വിജിലൻസ് ഡയറക്ടറായിരിക്കെയുള്ള അദ്ദേഹത്തിന്റെ നടപടികളാണെന്നാണ് സൂചന.

Content Highlights: yogesh gupta clearance certificate kerala government