തൊഴിയൂർ സുനിൽ വധക്കേസ്; തെറ്റായി ശിക്ഷിക്കപ്പെട്ടവര്‍ക്ക് പോലീസുകാർ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

തൃശ്ശൂര്‍: ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്ന തൃശ്ശൂര്‍ തൊഴിയൂരിലെ സുനില്‍കുമാറിനെ വെട്ടിക്കൊന്ന കേസില്‍ തെറ്റായി ശിക്ഷിക്കപ്പെട്ടവര്‍ക്ക് പോലീസുകാരില്‍ പണം ഈടാക്കി നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവ്. ഓരോരുത്തര്‍ക്കും അഞ്ച് ലക്ഷം രൂപ വീതമാണ് നല്‍കേണ്ടത്.
1994 ഡിസംബര്‍ നാലിന് പുലര്‍ച്ചെ രണ്ടിനാണ് തൊഴിയൂരിലെ സുനില്‍കുമാറിനെ വീട്ടിലെത്തിയ സംഘം വെട്ടിക്കൊന്നത്. ഗുരുവായൂര്‍ പോലീസ് രജിസ്റ്റര്‍ചെയ്ത് അന്വേഷിച്ച കേസില്‍ സി.പി.എം. പ്രവര്‍ത്തകരായ ഒന്‍പതുപേരെ പ്രതിചേര്‍ത്തിരുന്നു. ഇതില്‍ നാലുപേരെ തൃശ്ശൂര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.. ശിക്ഷയനുഭവിച്ചുകൊണ്ട് പ്രതികള്‍ നല്‍കിയ അപ്പീലില്‍ അന്വേഷണം കുറ്റമറ്റതല്ലെന്ന് കണ്ടെത്തി നാലു പ്രതികളെയും ഹൈക്കോടതി കുറ്റവിമുക്തരാക്കി.
രായംമരയ്ക്കാര്‍ വീട്ടില്‍ റഫീക്ക്, തൈക്കാട് ബാബുരാജ്, വാക്കയില്‍ ബിജി, ഹരിദാസന്‍ എന്നിവരെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ഇതില്‍ ഹരിദാസന്‍ രോഗം ബാധിച്ച് മരിച്ചു. അവശേഷിക്കുന്ന മൂന്നുപേര്‍, നഷ്ടപരിഹാരത്തിന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി കാത്തിരിക്കുകയായിരുന്നു. ഹൈക്കോടതി നിര്‍ദേശംകൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിറക്കിയിരിക്കുന്നത്. അന്ന് കേസന്വേഷിച്ച പല ഉദ്യോഗസ്ഥരും നിലവില്‍ വിരമിച്ചിട്ടുണ്ടാകാം. വിരമിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ തുകയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഹൈക്കോടതി നിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ജംഇയ്യത്തുല്‍ ഇഹ്സാനിയ എന്ന തീവ്രവാദസംഘടനയില്‍പ്പെട്ട ഒന്‍പതു പേരാണ് സുനിലിനെ കൊന്നതെന്ന് കണ്ടെത്തി. ഇവരില്‍ മിക്ക പ്രതികളെയും അറസ്റ്റുചെയ്തു.
ശിക്ഷിക്കപ്പെട്ടവരല്ല പ്രതികളെന്നും അതിനാല്‍ ജയില്‍ശിക്ഷ അനുഭവിച്ച കാലത്തിനനുസരിച്ച് ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉചിതമായ തീരുമാനം സംസ്ഥാന സര്‍ക്കാരിനു സ്വീകരിക്കാമെന്നും കാണിച്ച് തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് സര്‍ക്കാരിനോട് 2022 സെപ്റ്റംബര്‍ 28-ന് ശുപാര്‍ശ ചെയ്തിരുന്നു.
Content Highlights: High Court Acquittal Leads to Compensation for Wrongfully Imprisoned in thozhiyoor sunil murder