പാറശ്ശാലയിൽ വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമം; മോഷ്ടാവിന്റെ സ്കൂട്ടർ തോട്ടിലേക്ക് തള്ളിയിട്ട് വീട്ടമ്മ

തിരുവനന്തപുരം: പാറശ്ശാല പരശുവയ്ക്കലിൽ പട്ടാപ്പകൽ വയോധികയുടെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ ധീരമായി നേരിട്ട് വീട്ടമ്മ. പ്രതി രക്ഷപ്പെടാൻ ഉപയോഗിക്കേണ്ട സ്കൂട്ടർ തോട്ടിലേക്ക് തള്ളിയിട്ട് വഴിമുടക്കിയതോടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. ചെങ്കൽ വില്ലേജിൽ ആറയൂർ ചാവല്ലൂർ പൊറ്റ കരിമൺവിള വീട്ടിൽ വിജയദാസ് (40) ആണ് പിടിയിലായത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പരശുവയ്ക്കൽ ആടുമൻകാട് ആടുവളർത്തൽ കേന്ദ്രത്തിന് സമീപത്തെ ഇടറോഡിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രദേശവാസിയായ കുഴിപ്പഴിഞ്ഞി വീട്ടിൽ പ്രസന്നകുമാരി (61) വഴിയിലൂടെ നടന്നുപോകുമ്പോഴായിരുന്നു സംഭവം.
കെ.എൽ.19 എച്ച് 9291 നമ്പറിലുള്ള സ്കൂട്ടറിലെത്തിയ വിജയദാസ് വാഹനം റോഡരികിൽ ഒതുക്കിനിർത്തിയ ശേഷം കാൽനടയായി പ്രസന്നകുമാരിയുടെ അടുത്തേക്ക് നീങ്ങി. തുടർന്ന് കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത് സ്കൂട്ടറിൽ കയറി അതിവേഗം കടന്നുകളയാനായിരുന്നു ശ്രമം. എന്നാൽ പരിഭ്രാന്തയാകാതെ ധൈര്യം സംഭരിച്ച പ്രസന്നകുമാരി മോഷ്ടാവിനെ ചെറുക്കുകയും സ്കൂട്ടർ സമീപത്തെ തോട്ടിലേക്ക് തള്ളിയിടുകയും ചെയ്തു.
വാഹനം തോട്ടിലേക്ക് മറിഞ്ഞതോടെ മോഷ്ടാവിന്റെ രക്ഷപ്പെടാനുള്ള വഴി അടഞ്ഞു. തുടർന്ന് ഇയാൾ കാൽനടയായി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രസന്നകുമാരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ വളഞ്ഞുപിടികൂടുകയായിരുന്നു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പാറശ്ശാല പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. തോട്ടിൽ വീണ സ്കൂട്ടറും പോലീസ് കണ്ടെടുത്തു. മേഖലയിൽ മുൻപും സമാനരീതിയിലുള്ള മോഷണശ്രമങ്ങൾ നടന്നിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
Content Highlights: A 61-year-old woman in Parassala resisted a chain-snatching attempt and pushed the suspect’s scooter into a canal, leading to his capture by local residents.