വീട്ടിൽവെച്ചുള്ള പ്രസവത്തിനിടെ യുവതി മരിച്ചു; സംസ്കരിക്കാനുള്ള ശ്രമം തടഞ്ഞ് പോലീസ്, കേസെടുത്തു

മലപ്പുറം: ചട്ടിപ്പറമ്പിൽ വീട്ടിൽവെച്ചുള്ള പ്രസവത്തിനിടെ യുവതി മരിച്ചു. പെരുമ്പാവൂർ സ്വദേശിയായ അസ്മ (35) ആണ് മലപ്പുറത്ത് ഭർത്താവിന്റെ വീട്ടിൽവെച്ച് പ്രസവത്തിനിടെ മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് മരണം നടന്നത്. മൃതദേഹം സംസ്കരിക്കാനുള്ള ശ്രമം പോലീസ് ഇടപെട്ട് തടയുകയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
യുവതിയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. പ്രസവസമയത്ത് വേണ്ടത്ര പരിചരണം ലഭിക്കാത്തതാണ് മരണത്തിനിടയാക്കിയതെന്നാണ് വിലയിരുത്തൽ. മരണം സംഭവിച്ച കാര്യം പോലീസിനെ അറിയിച്ചില്ലെന്ന് മാത്രമല്ല, പെട്ടെന്നുതന്നെ സംസ്കരിക്കാനായി യുവതിയുടെ സ്വദേശമായ പെരുമ്പാവൂരിലേക്ക് മൃതദേഹം കൊണ്ടുപോകുകയും ചെയ്തു. തുടർന്നാണ് പോലീസ് ഇടപെട്ട് മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞത്. മലപ്പുറത്ത് പ്രസവം നടന്ന വീട്ടിൽ പോലീസ് പരിശോധന നടത്തുന്നുണ്ട്.
യുവതി മരിച്ചതിന് പിന്നാലെ കുഞ്ഞിനേയും അസ്മയുടെ മൃതദേഹവും ഭർത്താവ് പെരുമ്പാവൂരിലെ വീട്ടിലേക്ക് കൊണ്ടുവന്നു. ബന്ധുക്കൾക്ക് മരണത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് പെരുമ്പാവൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പെരുമ്പാവൂർ പോലീസ് വിഷയത്തിൽ ഇടപെടുന്നത്. തൊട്ടുമുൻപ് നടന്ന പ്രസവവും വീട്ടിൽത്തന്നെ ആയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
Content Highlights: woman dies during home birth in malappuram