മിന്നല്‍ പണിമുടക്ക്: നടപടിയെടുത്താല്‍ വീണ്ടും പണിമുടക്കെന്ന് കെ.എസ്.ആര്‍.ടി.സി തൊഴിലാളി യൂണിയനുകള്‍

തിരുവനന്തപുരം: മിന്നല്‍ പണിമുടക്കിനിടെ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കെ.എസ്.ആര്‍.ടിസി ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്താല്‍ പണിമുടക്ക് നടത്തുമെന്ന ഭീഷണിയുമായി തൊഴിലാളി യൂണിയനുകള്‍. മിന്നല്‍ പണിമുടക്കുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരാനിരിക്കെയാണ് തൊഴിലാളി യൂണിയനുകളുടെ നിലപാട്. അതേസമയം കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കി.
അതേസമയം സമയം തെറ്റിച്ച് വന്ന സ്വകാര്യ ബസാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മിന്നല്‍ പണിമുടക്കുമായി ബന്ധപ്പെട്ട് ബസുകള്‍ റോഡില്‍ നിര്‍ത്തിയിട്ടത് തെറ്റാണെന്നും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ടെന്നാണ് സൂചന.
മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് വലിയ പ്രതിസന്ധിയാണ് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിന് ഉണ്ടാക്കിയിരിക്കുന്നത്. സ്വകാര്യബസ് സമയം തെറ്റിച്ച് ഓടിയതുമുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. സ്വകാര്യ ബസിന്റെ നടപടി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ചോദ്യം ചെയ്യുകയും അത് സംഘര്‍ഷത്തിലേത്ത് വഴിതെളിക്കുകയും ചെയ്തു. ഇതിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് രണ്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെയാണ് മിന്നല്‍ പണിമുടക്കിലേക്ക് കാര്യങ്ങള്‍ എത്തുകയും ഒരാള്‍ മരിക്കാനിടയായ സാഹചര്യങ്ങള്‍ ഉണ്ടായതും.
പണിമുടക്ക് എന്നതിനപ്പുറത്തേക്ക് നഗരത്തെ ബന്ദിയാക്കുന്ന തരത്തിലേക്ക് സമരം മാറിയതാണ് വിമര്‍ശനങ്ങള്‍ കെ.എസ്.ആര്‍.ടി.സിക്ക് എതിരായത്. ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ തെളിവെടുപ്പും അന്വേഷണവും നടന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
എന്നാല്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെയുള്ള ഏകപക്ഷീയമായ റിപ്പോര്‍ട്ടാണ് കളക്ടര്‍ തയ്യാറാക്കിയതെന്നാണ് കെ.എസ്.ആര്‍.ടി.സി യൂണിയന്‍ നേതാക്കള്‍ പറയുന്നത്. ഏകപക്ഷീയമായ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഇവര്‍ പറയുന്നത്. എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകളാണ് പണിമുടക്കുമെന്ന സൂചന നല്‍കിയത്.
പോലീസിന്റെ സാന്നിധ്യത്തിലാണ് കളക്ടര്‍ സാക്ഷികളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയത്. സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിരിക്കെ അവരുടെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തിയ മൊഴി അവര്‍ക്കെതിരായിരിക്കില്ലെന്നും യൂണിയനുകള്‍ പറയുന്നു. അതിനാല്‍ തങ്ങളെ മാത്രം കുറ്റക്കാരായി ചിത്രീകരിക്കുന്ന ഏകപക്ഷീയമായ റിപ്പോര്‍ട്ട് പ്രകാരം നടപടിയുണ്ടായാല്‍ അത് പണിമുടക്കിലേക്ക് നയിക്കുമെന്നാണ് യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കുന്നത്.
Content Highlights: will strike again if take action against us says KSRTC unions
Content Highlights: