വേദനതിന്ന് രണ്ടരമാസം; ഒടുവിൽ കാട്ടുകൊമ്പൻ ചരിഞ്ഞു

അടിമാലി: ആനക്കുളത്തിന്റെയും കുട്ടമ്പുഴയുടെയും വനാന്തരങ്ങളിൽ മാസങ്ങളോളം വേദനതിന്ന് അലഞ്ഞുതിരിഞ്ഞ കാട്ടുകൊമ്പൻ ഒടുവിൽ മരണത്തിന് കീഴടങ്ങി. വെള്ളിയാഴ്ച രാവിലെ കുട്ടമ്പുഴ വനമേഖലയിൽ പരിശോധനയ്ക്കിറങ്ങിയ വനപാലകരാണ് ആനയുടെ ജഡം കണ്ടെത്തിയത്.
മറ്റൊരു കാട്ടാനയുമായുണ്ടായ കൊമ്പുകോർക്കലിൽ മുതുകിൽ ആഴത്തിൽ മുറിവേറ്റ നിലയിലാണ് രണ്ടരമാസം മുൻപ് ഈ കൊമ്പനെ ആനക്കുളം ഓരിന് സമീപം ആദ്യമായി കണ്ടെത്തുന്നത്. ദിവസങ്ങൾ കഴിയുംതോറും മുറിവ് പഴുത്തുപൊട്ടി അവശനിലയിലായി. ചെവിയിൽനിന്ന് പഴുപ്പ് വന്നിരുന്നു. തീറ്റയെടുക്കാനാവാത്ത നിലയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആനക്കുളം പുഴയിലെ തണുത്ത വെള്ളത്തിൽകിടന്നാണ് ആന മുറിവിന്റെ പുകച്ചിൽ മാറ്റിയിരുന്നത്. പിന്നീട് കാട്ടാനക്കൂട്ടത്തിന്റെ സഹായത്തോടെ ഉൾവനത്തിലേക്ക് കയറിപ്പോയി.
ആനയുടെ ദയനീയാവസ്ഥ വാർത്തയായതോടെ വനംവകുപ്പ് പൈനാപ്പിളിൽ മരുന്ന് നൽകി പ്രാഥമിക ചികിത്സ നൽകിയെങ്കിലും ഫലപ്രദമായില്ല. വനപാലകർ അടുത്തുചെല്ലുമ്പോൾ ആന ഉൾവനത്തിലേക്ക് മാറുന്നതും തുടർചികിത്സയ്ക്ക് തടസ്സമായി.
അതേസമയം, വനംവകുപ്പ് ആനയ്ക്ക് വിദഗ്ദ്ധചികിത്സ നൽകുന്നതിൽ ഗുരുതരമായ അലംഭാവം കാണിച്ചതായി മൃഗസ്നേഹികൾ ആരോപിച്ചു. വനപാലകരുടെ നേതൃത്വത്തിൽ പരിശോധന പൂർത്തിയാക്കിയശേഷം പോസ്റ്റ്മോർട്ടം നടത്തി. പിന്നീട് കാട്ടിൽത്തന്നെ സംസ്കരിച്ചു.
Content Highlights: Wild tusker found dead in Kuttampuzha forest after months of suffering from deep injuries., Injuries sustained from a fight with another tusker became severely infected., Forest department provided initial treatment using medicinal pineapples, but it proved ineffective., Animal lovers accused the forest department of serious negligence in providing advanced medical care., Post-mortem was completed by forest officials and the carcass was cremated in the forest.