കുറ്റ്യാടിയിൽ നാട്ടിലിറങ്ങി കുട്ടിയാനയുടെ പരാക്രമം; ജീവനുംകൊണ്ടോടി പ്രദേശവാസികൾ | വീഡിയോ

Photo: Screengrab
Photo: Screengrab

കോഴിക്കോട്: കുറ്റ്യാടി തൊട്ടിൽപ്പാലം ചൂരണിയിൽ ഭീതിപടർത്തി കാട്ടാന. കൂട്ടത്തിൽനിന്ന് ഒറ്റപ്പെട്ട കുട്ടിയാനയാണ് ജനവാസ മേഖലയിൽ എത്തിയത്. കാട്ടാനയെ തുരത്താനുള്ള ശ്രമം നടക്കുന്നുണ്ട്. റോഡിൽ നിൽക്കുകയായിരുന്ന ജനങ്ങൾക്കിടയിലേക്ക് കുട്ടിയാന അപ്രതീക്ഷിതമായി ഓടിക്കയറുകയായിരുന്നു. ആനയെക്കണ്ടതോടെ റോഡിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ആർക്കും പരിക്കില്ല.

ചൂരണിയിൽ രാവിലെ എത്തിയ ആനയെ തുരത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് ആന ആളുകൾക്കിടയിലേക്ക് ഓടിക്കയറിയത്. നാട്ടുകാർ പല സംഘങ്ങളായി തിരിഞ്ഞ് പ്രദേശം നിരീക്ഷിക്കുന്നുണ്ട്. വനം വകുപ്പ് സംഘവും പ്രദേശത്തുണ്ട്. കാട്ടാന പ്രദേശത്തുള്ളവർക്ക് വലിയ നാശനഷ്ടവും വരുത്തിവെച്ചിട്ടുണ്ട്.

വിഷയത്തിൽ വനംവകുപ്പ് ഇടപെടുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ഇത്ര ദിവസമായിട്ടും ആനയെ മാറ്റണമെന്നറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കാട്ടാനയെ പേടിച്ച് കുട്ടികളെ സ്കൂളുകളിലേക്കും അംഗൺവാടികളിലേക്കും എങ്ങനെ അയക്കുമെന്ന് നാട്ടുകാർ ചോദിക്കുന്നു.

ആനയെ ഇവിടെനിന്ന് കൊണ്ടുപോകാതെ ചൂരണി മേഖലയിൽനിന്ന് തിരിച്ചുപോകാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ആന നാട്ടിലിറങ്ങിയതറിഞ്ഞ് മറ്റ് സ്ഥലങ്ങളിൽനിന്ന് ആളുകൾ ചൂരണയിൽ എത്തുന്നുണ്ട്. ഇങ്ങനെ ആളുകൾ എത്തുന്നത് പ്രയാസം സൃഷ്ടിക്കുമെന്നും ആരും  ഈ മേഖലയിലേക്ക് കാഴ്ചക്കാരായി വരരുതെന്നും തൊട്ടിൽപ്പാലം പോലീസ് അറിയിച്ചു.

Content Highlights: Wild Elephant Sows Panic in Kerala's Choorani Village