പരിക്കേറ്റയാളുമായി പോയ ആംബുലൻസിന് നേരെ പാഞ്ഞടുത്ത് ഒറ്റയാൻ

#ന്യൂസ് ഡെസ്ക്
ആംബുലൻസിന് നേരെ പാഞ്ഞുവരുന്ന ഒറ്റയാൻ
ആംബുലൻസിന് നേരെ പാഞ്ഞുവരുന്ന ഒറ്റയാൻ

മറയൂർ (ഇടുക്കി): കെട്ടിട നിർമാണത്തിനിടയിൽ പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളിയുമായിപോയ ആംബുലൻസിന് നേരേ പാഞ്ഞടുത്ത് ഒറ്റയാൻ. പത്തുമിനിറ്റോളം വാഹനംതടഞ്ഞ്‌, ഒറ്റയാൻ വനത്തിനുള്ളിലേക്ക് പോയശേഷമാണ് ആംബുലൻസിന് മുമ്പോട്ടുപോകാൻ സാധിച്ചത്.

മറയൂർ ഉദുമൽപേട്ട അന്തസ്സംസ്ഥാനപാതയിലാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് സംഭവം നടന്നത്. ചിന്നാർ അതിർത്തിയിൽ എസ് വളവിന് താഴെയാണ് ഒറ്റയാൻ ആംബുലൻസിന് നേരേ പാഞ്ഞടുത്തത്. കാലിൽ ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയുമായി പോകുകയായിരുന്നു. ആംബുലൻസ് കണ്ടതും പാതയുടെ നടുവിൽനിന്ന ഒറ്റയാൻ 20 മീറ്ററോളം ദൂരം ഓടി ആംബുലൻസിനുനേരേ വന്നു.

ആംബുലൻസിന് അടുത്തെത്തിയെങ്കിലും ഡ്രൈവർ സെൽവാ, സൈറണും ഫോണും ഒന്നിച്ച് ഇട്ടതോടു കൂടി ഒറ്റയാൻ റോഡിന് കുറുകെ നിലയുറപ്പിച്ചു. തുടർച്ചയായി ഹോണും സൈറണും മുഴക്കിയതിനെത്തുടർന്ന് ഒറ്റയാൻ വനത്തിനുള്ളിലേക്ക് മടങ്ങി.

Content Highlights: wild elephant blocks ambulance carrying injured person