പാഞ്ഞടുത്ത് കാട്ടാന; ഒച്ചവെച്ച് ഓടിക്കാൻ ശ്രമിച്ച ഗൃഹനാഥനുനേരെ ആക്രമണം; കാലിന് ഗുരുതര പരിക്ക്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: പി.പി രതീഷ് \മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: പി.പി രതീഷ് \മാതൃഭൂമി

പെരുമ്പാവൂർ: വേങ്ങൂരിൽ കാട്ടാനയാക്രമണത്തിൽ ഗൃഹനാഥന്റെ കാലിന് ഗുരുതര പരിക്ക്. വേങ്ങൂർ വീട്ടിമുളം സ്വദേശി തൊണ്ടിമാലിൽ ശിവനാണ് പരിക്കേറ്റത്. കാൽമുട്ടിനു താഴെ സാരമായ പൊട്ടലുണ്ടായിട്ടുണ്ടെന്നാണ് വിവരം. വ്യാഴാഴ്ച വൈകീട്ടോടെയുണ്ടായ കാട്ടാന ആക്രമണത്തിൽ ജീവപായമില്ലാതെ തലനാരിഴയ്ക്കാണ് ശിവൻ രക്ഷപ്പെട്ടത്.

വീടിന്റെ പരിസരത്ത് ആനയിറങ്ങിയിട്ടുണ്ടെന്ന് ഭാര്യ പറഞ്ഞതനുസരിച്ചാണ് നോക്കാനായി ശിവൻ വീട്ടിൽനിന്നിറങ്ങിയത്. നാട്ടുകാരായ രണ്ടുപേരെയും കൂട്ടി ആനയെ ഒച്ചവെച്ച് തുരത്തുന്നതിനിടെയാണ് അപകടമുണ്ടായത്. പാഞ്ഞടുത്ത ആന ശിവന്റെ കാലിൽ ആക്രമിച്ചു. കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ ഉടൻ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

നിരന്തരം കാട്ടാനകളുടെ ശല്യമുള്ള വനപ്രദേശമാണിത്. പ്രദേശത്ത് മുൻപും കാട്ടാനകളുടെ ഉപദ്രവമുണ്ടായിട്ടുണ്ട്.