നാദാപുരത്ത് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്

വളയം(കോഴിക്കോട്): വടകര നാദാപുരത്ത് വളയം ആയോട് മലയിൽ കാട്ട് പോത്തിൻ്റെ അക്രമത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ചിറ്റാരി കൂളിക്കുന്ന് സ്വദേശിനി ജിൻഷ (37) യ്ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച്ച രാവിലെ 11.30ന് അഭയഗിരി സെൻ്റ് മേരീസ് ചർച്ചിന് സമീപമാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കാട്ട് പോത്ത് അക്രമിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വനമേഖലയിൽ നിന്ന് ഇറങ്ങിയ കാട്ട് പോത്ത് കണ്ടി വാതുക്കൽ , ആയോട് , അഭയഗിരി മേഖലകളിൽ തമ്പടിച്ചതായി നാട്ടുകാർ പറയുന്നു. വെള്ളിയാഴ്ച രാവിലെ ആയോട് ഭാഗത്ത് കാട്ട് പോത്തിനെ ശ്രദ്ധയിൽപെട്ടതോടെ നാട്ടുകാർ വിലങ്ങാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിക്കുകയും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കാട്ടിയെ തുരത്തുന്നതിനിടെ കാട്ടി അക്രമാസക്തമാവുകയും വനം വകുപ്പ് ജീവനക്കാരെ അക്രമിക്കുകയും ആയിരുന്നു. വനം വകുപ്പിലെ താത്കാലിക വാച്ചർ കണ്ടി വാതുക്കൽ സ്വദേശി കുമാരൻ (56) ന് നേരയാണ് ആദ്യം അക്രമം ഉണ്ടായത് പിന്നീടാണ് ജിൻസിയെ അക്രമിച്ചത്.
ജിൻസിയെ പോത്ത് ഇടിച്ച് വീഴ്ത്തുകയായിരുന്നെന്ന് വനപാലകർ പറഞ്ഞു. പരിക്കേറ്റ ഗാർഡിനെ വളയം ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസ നൽകി.
Content Highlights: Wild buffalo attacks forest officer in Kozhikode, injuring a beat forest officer.