പുല്പള്ളി ടൗണിന് സമീപം കടുവാഭീതി; മേപ്പാടിയില്‍ കാറ്റാടിമരത്തില്‍ കയറി പുലി

പുല്പള്ളി(വയനാട്): പുല്പള്ളി ടൗണിനോടുചേര്‍ന്നുള്ള താഴെയങ്ങാടി പരിസരപ്രദേശങ്ങളില്‍ വീണ്ടും കടുവാഭീതി. ജനവാസമേഖലകളായ രണ്ടിടത്താണ് ബുധനാഴ്ച നാട്ടുകാര്‍ കടുവയെ നേരില്‍ക്കണ്ടത്. ഉച്ചയ്ക്ക് 12-ഓടെ വേടങ്കോട്ട് അങ്കണവാടിക്കുസമീപത്തെ കൃഷിയിടത്തില്‍വെച്ചാണ് ആദ്യം കടുവയെ കാണുന്നത്. കടുവയെ കണ്ട് ഭയന്ന ഗോത്രയുവാവ് സമീപത്തെ വീടുകളില്‍ വിവരമറിയിക്കുകയായിരുന്നു. പുല്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യം കണ്ടെത്താനായില്ല. രാത്രി 7.30-ഓടെ എരിയപ്പള്ളി-വേടങ്കോട് റോഡിലാണ് വീണ്ടും കടുവയെ കണ്ടത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന പ്രദേശവാസിയായ പ്രവീണാണ് കടുവയെ കണ്ടത്. കാപ്പിത്തോട്ടത്തില്‍നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുകയായിരുന്ന കടുവയുടെ മുന്നിലകപ്പെട്ട പ്രവീണ്‍ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകര്‍ രാത്രി വൈകിയും പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. ഉച്ചയ്ക്ക് കടുവയെ കണ്ട വേടങ്കോട്ട് അങ്കണവാടി പ്രദേശത്തുനിന്ന് 300 മീറ്റര്‍ അകലെയുള്ള താഴെയങ്ങാടി 117-ലെ കെഎസ്ഇബി ഓഫീസിനുപുറകില്‍ ഒരാഴ്ചമുന്‍പ് കടുവയെ കണ്ടിരുന്നു. രാത്രി വീടിന്റെ മുറ്റത്ത് നില്‍ക്കുകയായിരുന്ന പ്രണവം ബാബുവാണ് വീടിന്റെ പുറകുവശത്തുള്ള തോട്ടത്തില്‍നിന്ന് കടുവ നടന്നുവരുന്നത് കണ്ടത്. ഇതേത്തുടര്‍ന്ന് ഈ പ്രദേശത്ത് വനംവകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും കടുവയുടെ ദൃശ്യങ്ങളൊന്നും ലഭിച്ചില്ല.
ജനവാസമേഖലയില്‍ വീണ്ടും കടുവയെ കണ്ടുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ പ്രദേശവാസികളെല്ലാം വലിയ ഭീതിയിലാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രദേശത്ത് നിരീക്ഷണത്തിനായി ക്യാമറ ട്രാപ്പുകള്‍ സ്ഥാപിക്കുമെന്നും ചെതലത്ത് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം.കെ. രാജീവ്കുമാര്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള ആര്‍ച്ചറി അക്കാദമിയുടേതടക്കം ഈ പ്രദേശത്ത് ഏക്കറുകണക്കിന് തോട്ടങ്ങള്‍ കാടുമൂടിക്കിടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കടുവ ഈ മേഖലയില്‍ തമ്പടിക്കാനുള്ള സാഹര്യമുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ജനവാസമേഖലയിലിറങ്ങിയ കടുവയെ കൂടുവെച്ചോ, മയക്കുവെടിവെച്ചോ പിടികൂടി തങ്ങളുടെ ആശങ്കയകറ്റണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഇവിടെനിന്ന് രണ്ടുകിലോമീറ്റര്‍ അകലെ വനമാണ്. അടുത്തിടെ മുടിക്കോട് വനഭാഗത്തുവെച്ച് കടുവ പശുവിനെ ആക്രമിച്ച് കൊന്നിരുന്നു. വ്യാഴാഴ്ചയും പരിശോധന തുടരുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
തേയിലത്തോട്ടത്തിലെ കാറ്റാടിമരത്തില്‍ കയറി പുലി
മേപ്പാടി: തേയിലത്തോട്ടത്തിലെ കാറ്റാടിമരത്തില്‍ പുള്ളിപ്പുലിയെ കണ്ടത് പ്രദേശവാസികളെ ഭീതിയിലാക്കി. നെല്ലിമുണ്ട സായിപ്പുകുന്നില്‍ പോഡാര്‍ പ്ലാന്റേഷന്റെ തേയിലത്തോട്ടത്തിലെ കാറ്റാടിമരത്തിലാണ് ബുധനാഴ്ച രാവിലെ 6.30-ഓടെ നാട്ടുകാര്‍ പുള്ളിപ്പുലിയെ കണ്ടത്.
രാവിലെ തേയിലത്തോട്ടത്തില്‍ ജോലിക്കുപോകുകയായിരുന്ന പ്രദേശവാസിയായ ബേബിയാണ് വനത്തോടുചേര്‍ന്ന പ്രദേശങ്ങളില്‍ കാണുന്ന ചോലനായകള്‍ ഓടിക്കുകയായിരുന്ന പുള്ളിപ്പുലിയെ ആദ്യം കണ്ടത്. നായകളില്‍നിന്ന് രക്ഷപ്പെടാന്‍ കാറ്റാടിമരത്തില്‍ ഓടിക്കയറിയ പുലി അരമണിക്കൂറോളം മരക്കൊമ്പത്തിരുന്നു. നാട്ടുകാര്‍ ബഹളംവെച്ചതോടെ താഴേക്കുചാടി തേയിലക്കാട്ടിലേക്ക് മറയുകയായിരുന്നു. സ്ഥലത്തെത്തിയ വനപാലകരും ആര്‍.ആര്‍.ടി. സംഘവും തേയിലക്കാട്ടില്‍ തിരഞ്ഞെങ്കിലും പുലിയെ കണ്ടെത്താനായില്ല.
തൊട്ടടുത്ത പ്രദേശമായ മാന്‍കുന്നില്‍നിന്ന് ഒട്ടേറെ വളര്‍ത്തുമൃഗങ്ങളെ പുലി പിടിച്ചുകൊണ്ടുപോയിരുന്നു. വനത്തോടുചേര്‍ന്നുള്ള തേയിലക്കാടുകള്‍ പുലികളുടെ വിഹാരകേന്ദ്രങ്ങളാണെന്ന് മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ കെ.വി. ബിജു പറഞ്ഞു.
Content Highlights: tiger sightings in pulpally and meppadi in wayanad