വരുംദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകും: ഓറഞ്ച്, യെല്ലോ അലർട്ട്; ഇടിമിന്നൽ ജാഗ്രതാനിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കാനുള്ള സാധ്യത പരിഗണിച്ച് വരുംദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഞ്ഞ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ ദിവസങ്ങളിൽ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റുജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലർട്ട്
21-06-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ
22-06-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
23-06-2024: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
മഞ്ഞ അലർട്ട്
19-06-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട്
20-06-2024: തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, കണ്ണൂർ, കാസർകോട്
21-06-2024: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്, കാസർകോട്
22-06-2024: കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്
23-06-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
ജൂൺ 19 മുതൽ 21 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ആന്ധ്രാതീരത്തിനും തെലുങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ജൂൺ 21 മുതൽ കേരള തീരത്ത് പടിഞ്ഞാറൻ/തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി, ജൂൺ 23 -ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്രമായ മഴയ്ക്കും, ജൂൺ 21 മുതൽ 23 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും, ജൂൺ 19 മുതൽ 23 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കടൽത്തീരങ്ങളിൽ ജാഗ്രത വേണം
20-06-2024 മുതൽ 23-06-2024 വരെ കേരള - കർണ്ണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 20-06-2024 മുതൽ 23-06-2024 വരെ കേരള - കർണ്ണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
തമിഴ്‌നാട് തീരത്ത് വ്യാഴാഴ്ച രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
ബുധനാഴ്ച ഗൾഫ് ഓഫ് മന്നാർ, അതിനോടുചേർന്ന തെക്കൻ തമിഴ്നാട് തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ, അതിനോടുചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ, അതിനോടുചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്രപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർവരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർവരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
Content Highlights: weather forecast kerala