യുവദമ്പതിമാരുടെ മരണം: കുടുംബത്തിന് പിന്തുണയുമായി കർമസമിതി; സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം

സുൽത്താൻബത്തേരി: ഇസ്രയേലിൽ മരിച്ച കോളിയാടി പെലക്കുത്ത് ജിനേഷിന്റെയും ആത്മഹത്യചെയ്ത ഭാര്യ രേഷ്മയുടെയും കുടുംബത്തിന് പിന്തുണയുമായി നാട്. സർവകക്ഷിയോഗം ചേർന്ന് കർമസമിതി രൂപവത്കരിച്ചു.
ബ്ലേഡ് മാഫിയ സംഘങ്ങളെ നിയമത്തിനുമുന്നിൽ കൊണ്ടുവരുക, മരണങ്ങളിലെ ദുരൂഹത അകറ്റുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് കർമസമിതിക്ക് രൂപംനൽകിയത്. ജിനേഷിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. വിവരങ്ങൾ ലഭ്യമാക്കാനും നഷ്ടപരിഹാരം ലഭിക്കുകയാണെങ്കിൽ അത് ഇവരുടെ പത്തുവയസ്സുള്ള മകളുടെ സംരക്ഷണത്തിനായി ഉപയോഗിക്കാനുമുള്ള വഴികൾ തേടും. കോടതി മുഖേന അറ്റാച്ച് ചെയ്യപ്പെട്ടിട്ടുള്ള വീട് നഷ്ടമാകാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളാനുമാണ് കർമസമിതി ലക്ഷ്യമിടുന്നത്. ആദ്യഘട്ടമെന്നനിലയിൽ 17-ന് എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗംചേരും. അതിനുമുൻപ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് കർമസമിതി ഭാരവാഹികൾ നിലവിലെ കാര്യങ്ങൾ അന്വേഷിക്കും. 17-ലെ യോഗത്തിനുശേഷം ഭാവിപരിപാടികൾ തീരുമാനിക്കും. കോളിയാടി പാരിഷ് ഹാളിൽ ചേർന്ന യോഗത്തിൽ കർമസമിതി ചെയർമാനായി നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഗംഗാധരൻ ആത്താറിനെയും കൺവീനറായി ആറാം വാർഡംഗം എബി ജോസഫിനെയും തിരഞ്ഞെടുത്തു. ജില്ലാപഞ്ചായത്തംഗം ജിനി തോമസ്, ബ്ലോക്ക് അംഗം ഷീജ രാജു, സുരേഷ് താളൂർ, വി. മോഹനൻ, മൊയ്തീൻ കരടിപ്പാറ എന്നിവരെ രക്ഷാധികാരികളായും തിരഞ്ഞെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാത അധ്യക്ഷതവഹിച്ചു. വിവിധ രാഷ്ട്രീയകക്ഷിനേതാക്കളായ കെ.കെ. പോൾസൺ, ടിജി ചെറുതോട്ടിൽ, എം.എം. ജോർജ്, പ്രദീപ് കോളിയാടി, ജനപ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.
സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം തുടങ്ങി
രേഷ്മയുടെ ആത്മഹത്യാക്കേസ് അന്വേഷിക്കുന്ന നൂൽപ്പുഴ പോലീസ് ബുധനാഴ്ച ഇവരുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകളിലെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള നടപടികളാണ് തുടങ്ങിയത്. പണമിടപാടുകാരിലെ പ്രധാനിയും വിദേശത്തുള്ളതുമായ പഴുപ്പത്തൂർ സ്വദേശിയുമായി പോലീസ് ബന്ധപ്പെടാൻ ശ്രമിച്ചതായാണ് വിവരം. മറ്റ് രണ്ടുപേരെയും രേഷ്മയുടെയും ജിനേഷിന്റെയും അമ്മമാരെയും കഴിഞ്ഞദിവസങ്ങളിൽ ചോദ്യംചെയ്തിരുന്നു. അതിനിടെ രേഷ്മയും ജിനേഷും തന്നെവന്നുകണ്ടിരുന്നതായും സംഭവത്തിനുപിന്നിൽ ബ്ലേഡ് മാഫിയയുടെ ഇടപെടലിനുള്ള സാധ്യതയുണ്ടെന്നും വെളിപ്പെടുത്തിയ താമരശ്ശേരി സ്വദേശിയെ നൂൽപ്പുഴ പോലീസ് വിളിച്ചുവരുത്തും. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. രേഷ്മയുടെ മരണത്തിനുപിന്നിൽ ബ്ലേഡ് മാഫിയയുടെ ഭീഷണിയും വീട് നഷ്ടപ്പെടുമെന്നുള്ള പേടിയുമാണെന്നാണ് ഇവരുടെ അമ്മ പോലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. പണംനൽകിയെന്നത് പലരുടെയും മൊഴികളിൽനിന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. തിരിച്ചുനൽകിയോ തുടങ്ങിയ വിശദാംശങ്ങൾ അറിയുന്നതിനാണ് ബാങ്ക് രേഖകൾ പരിശോധിക്കുന്നത്.
Content Highlights: Community forms committee to support family of young couple who died tragically. Investigation into financial dealings begins. Seeking justice & security for their child.