കൈയിൽ പൂക്കളുമായി അവരെത്തി; മിണ്ടാതെ, ചിരിക്കാതെ അവൾ കിടന്നു, ദിവ ഇനി ഓർമകളിൽമാത്രം, വിതുമ്പി നാട്

മാനന്തവാടി: എല്ലാ കുട്ടികളെയുംപോലെ ശനിയാഴ്ച സ്കൂൾവിട്ട് വീട്ടിലേക്ക് പോയതാണ് മാനന്തവാടി സെയ്ന്റ് പാട്രിക്സ് സ്കൂളിലെ ആറാംക്സാസ് വിദ്യാർഥിനി എടവക രണ്ടേനാലിലെ ദിവ. സാധാരണ വെള്ളിയാഴ്ചയാണ് ഒരാഴ്ചയിലെ അധ്യയനം അവസാനിക്കാറുള്ളതെങ്കിലും ശനിയാഴ്ച സ്കൂളുകൾക്ക് പ്രവൃത്തിദിവസമായിരുന്നു. തിങ്കളാഴ്ച രാവിലെ സ്കൂളിലെത്തേണ്ട ദിവ പിന്നെ വന്നില്ല. അവളിരുന്ന ക്ലാസ്മുറിയിലെ സീറ്റ് ഒഴിഞ്ഞുകിടന്നു. കൂടെപ്പഠിക്കുന്ന കുട്ടികൾക്കും പഠിപ്പിക്കുന്ന അധ്യാപകർക്കും പരിചയക്കാർക്കും ദിവയുടെ വേർപാട് ഇതുവരെയും ഉൾക്കൊള്ളാനായിട്ടില്ല. ചൊവ്വാഴ്ച രാവിലെ സ്കൂളിലെ കുട്ടികൾ വിളിക്കാതെ പൂക്കളുമായി തങ്ങളുടെ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയി. ചില്ലുപെട്ടിയിൽ മിണ്ടാതെ ചിരിക്കാതെ ദിവ കിടന്നു. ചിലർ അവസാനമായി അവളുടെ മുഖത്തേക്കൊന്നുനോക്കി. മറ്റു ചിലർക്ക് മുഖത്തേക്ക് നോക്കാനായില്ല. കൈയിൽ കരുതിയ പൂവ് മൃതദേഹത്തിൽവെച്ച് കരിച്ചിലടക്കിപ്പിടിച്ച് അവർ നടന്നു. കാറിടിച്ചു മരിച്ച ദിവയ്ക്ക് പഠിക്കുന്ന സ്കൂളിലെ കുട്ടികൾ നൽകിയ അവസാന യാത്രയയപ്പ് വികാരനിർഭരമായി. ചൊവ്വാഴ്ച സ്കൂളിന് അവധി നൽകിയിരുന്നു.
പൊന്നുമോളുടെ കളിചിരികളില്ലാത്ത വീട്ടിലേക്ക് അച്ഛൻ രാജേഷ് എത്തിയത് ചൊവ്വാഴ്ച ഒരു മണിയോടെയാണ്. ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ച ദിവയുടെ മൃതദേഹം ഇത്രയുംദിവസം സംസ്കരിക്കാതിരുന്നത് ഓസ്ട്രിയയിലായിരുന്ന രാജേഷ് വരാൻ കാത്തിരുന്നതിനാലാണ്. മകളുടെ മൃതദേഹത്തിനരികിൽ വിങ്ങിപ്പൊട്ടിയ രാജേഷിനെ ആശ്വസിപ്പിക്കാൻ നന്നേ പ്രയാസപ്പെട്ടു. വൈകീട്ട് മൂന്നോടെയാണ് സംസ്കാരച്ചടങ്ങുകൾ തുടങ്ങിയത്. തുടർന്ന് മൃതദേഹം വീട്ടിൽനിന്ന് വിലാപയാത്രയായി സമീപത്തെ ദീപ്തിഗിരി സെയ്ന്റ് തോമസ് ദേവാലയത്തിലെത്തിച്ചു. നൂറുകണക്കിനാളുകളാണ് ദിവയ്ക്ക് അന്തിമോപചാരം അർപ്പിക്കാനായി വീട്ടിലും ദേവാലയത്തിലുമായി എത്തിച്ചേർന്നത്. നാടിന്റെ പ്രിയപ്പെട്ട കുഞ്ഞോമനയുടെ വേർപാടിന്റെ വേദനയിൽ വിതുമ്പുകയാണ് നാടൊന്നാകെ.
മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം രാവിലെ വീട്ടിലെത്തി പ്രാർഥന നടത്തി. വികാരി ജനറാൾ മോൺ. പോൾ മുണ്ടോലിക്കൽ ബലിയർപ്പിച്ചു. ഇടവക വികാരി ഫാ. ചാണ്ടി പുനക്കാട്ട്, കല്ലോടി സെയ്ന്റ് ജോർജ് ഫൊറോന വികാരി ഫാ. സജി കോട്ടയിൽ തുടങ്ങി ഒട്ടേറെ വൈദികരും സന്ന്യസ്തരും, ജനപ്രതിനിധികളും സാമൂഹികപ്രവർത്തകരുമുൾപ്പെടെ നാടിന്റെ നാനാതുറകളിലുള്ളവർ പങ്കുചേർന്നു. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് രണ്ടേനാൽ പെട്രോൾപമ്പിന് മുന്നിലൂടെ സഹോദരൻ ഡെറിക്കിനൊപ്പം നടന്നുപോവുകയായിരുന്ന ദിവയെ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഡെറിക് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.