‘വയനാട്ടിൽ വേണ്ടത് 400 വീടുകൾ, മുന്നൂറും നിർമിക്കുന്നത് യുഡിഎഫുമായി ബന്ധപ്പെട്ട്, എല്ലാം ക്ലിയർ’

തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് കോൺഗ്രസ് നൽകുന്ന വീടുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോൺഗ്രസ് നിർമിച്ചുനൽകാമെന്നു പറഞ്ഞ വീടുകളുടെ സ്ഥലത്തിന്റെ രജിസ്ട്രേഷൻ അടുത്തയാഴ്ച നടക്കുമെന്നും പിന്നാലെ പത്ത് ദിവസത്തിനുള്ളിൽ പ്ലാൻ അംഗീകരിച്ച് നിർമാണം ആരംഭിക്കുമെന്നും വി.ഡി. സതീശൻ തിരുവനന്തപുരത്ത് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
വയനാട്ടിൽ പ്രഖ്യാപിച്ച പല കാര്യങ്ങളും കോൺഗ്രസ് ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധി ഇടപെട്ട് കർണാടക സർക്കാർ പ്രഖ്യാപിച്ച നൂറ് വീടുകളുടെ പണം കൈമാറി. ലീഗ് പ്രഖ്യാപിച്ച നൂറ് വീടുകളുടെ സ്ഥലം ഏറ്റെടുത്ത് നിർമാണ പ്രവർത്തനം തുടങ്ങി. അപ്പോൾ തന്നെ 200 വീടുകളായി. ആകെ 400 വീടുകളാണ് വേണ്ടത്. കോൺഗ്രസ് നിർമിച്ചു നൽകാമെന്നു പറഞ്ഞ വീടുകളുടെ സ്ഥലത്തിന്റെ രജിസ്ട്രേഷൻ അടുത്തയാഴ്ച നടക്കും. അത് കഴിഞ്ഞാൽ 10 ദിവസത്തിനുള്ളിൽ പ്ലാൻ അംഗീകരിച്ച് നിർമാണ പ്രവർത്തനം തുടങ്ങും. അപ്പോൾ 300 വീടുകളാകും. ആകെ 400 വീടുകളെ നിർമിക്കേണ്ടതുള്ളൂ. അതിൽ 300 വീടുകളും നിർമിക്കുന്നത് യുഡിഎഫുമായി ബന്ധപ്പെട്ടാണെന്നത് മനസിലാക്കിയാൽ മതി. അപ്പോൾ സർക്കാർ ബാങ്കിലിട്ടിരിക്കുന്ന 742 കോടിരൂപ എവിടെ. ഇപ്പോഴും അവിടെ ചികിത്സാ ചെലവ് കൊടുക്കുന്നില്ല. ഇപ്പോഴും പലർക്കും വീട്ടുവാടക കൊടുക്കുന്നില്ല. ആ കാശ് അവിടെ ഇട്ടിട്ട് സർക്കാർ എന്തുചെയ്യുകയാണ്. അതാണ് ചോദ്യം. കോൺഗ്രസുമായി ബന്ധപ്പെട്ടു പറഞ്ഞ 300 വീടുകൾ അവിടെ വരും. യൂത്ത് കോൺഗ്രസ് പിരിച്ച ഒരു കോടി അഞ്ചു ലക്ഷം രൂപ അടുത്ത ദിവസം കെപിസിസിക്ക് കൈമാറും. എല്ലാം ക്ലിയറാണെന്നും സതീശൻ പറഞ്ഞു.
വീടുകൾക്ക് ഭൂമി കണ്ടെത്താൻ സർക്കാർ ഒരു വർഷമെടുത്തു. കോൺഗ്രസിന് ഭൂമി കണ്ടെത്താനാകാത്തത് സർക്കാർ കാരണമാണെന്നും സതീശൻ കുറ്റപ്പെടുത്തി. സർക്കാരിന് ഭൂമി കണ്ടെത്താൻ ഒരു വർഷം എടുത്തപ്പോൾ തങ്ങൾക്ക് മൂന്ന് മാസമെടുക്കാൻ പാടില്ലേ എന്നും അദ്ദേഹം ചോദിച്ചു. തങ്ങൾ പ്രഖ്യാപിച്ച വീടുകൾക്ക് സർക്കാർ സ്ഥലം നൽകില്ലെന്നു പറഞ്ഞപ്പോൾ മൂന്ന് മാസങ്ങൾക്ക് മുൻപാണ് ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചത്. നിയമപരമായ പരിശോധന നടത്താതെ ഭൂമി ഏറ്റെടുക്കാനാകില്ല. ഭൂമി കണ്ടെത്തുന്നതിൽ സർക്കാർ ഒരു വർഷം വൈകിയപ്പോൾ തങ്ങൾ മൂന്ന് മാസം താമസിക്കാൻ പാടില്ലെന്നാണോ എന്നും വി.ഡി. സതീശൻ ചോദിച്ചു.
Content Highlights: Congress leader V.D. Satheesan confirms Wayanad housing project construction to begin soon. Land registration next week, plans approved in 10 days. UDF to build 300 houses.