ദുരന്തനിവാരണ ഫണ്ട്: വയനാടിന് 153 കോടി അനുവദിച്ച് കേന്ദ്രം, ഉത്തരാഖണ്ഡിന് 455 കോടി, അസമിന് 375 കോടി

വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിലൂടെ ഒഴുകുന്ന പുന്നപ്പുഴ |ഫോട്ടോ: മാതൃഭൂമി
വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിലൂടെ ഒഴുകുന്ന പുന്നപ്പുഴ |ഫോട്ടോ: മാതൃഭൂമി

കല്പറ്റ: മുണ്ടക്കൈ -ചൂരൽ മല ദുരന്തത്തിൽ വയനാടിന് വേണ്ടി 153.20 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാന ദുരന്തനിവാരണഫണ്ടിന്റെ കേന്ദ്ര വിഹിതമാണ് സംസ്ഥാനങ്ങൾക്ക് അനുവദിച്ചത്. വിവിധ സംസ്ഥാനങ്ങൾക്കായി ആകെ 1066.80 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 375 കോടി അസമിനും 455 കോടി ഉത്തരാഖണ്ഡിനും അനുവദിച്ചു. 

കേരളം, അസം, മണിപ്പുർ, മേഘാലയ, മിസോറം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ എക്സിൽ കുറിച്ചു. മോദി സർക്കാർ എല്ലാ സാഹചര്യങ്ങളിലും സംസ്ഥാന സർക്കാരുകൾക്കൊപ്പം ഉറച്ചു നിൽക്കുന്നുവെന്നും എസ്ഡിആർഎഫ്/ എൻഡിആർഎഫ് ഫണ്ടുകളിൽ നിന്ന് ഈ വർഷം 8000 കോടിയിലേറെ രൂപ സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. 

സാമ്പത്തിക സഹായത്തിന് പുറമെ എൻഡിആർഎഫ്, കരസേന, വ്യോമസേന തുടങ്ങിയവയുടെ സേവനവും ആവശ്യമാകുന്ന ഘട്ടത്തില്‍  നൽകുക എന്നതാണ് കേന്ദ്ര മുൻഗണനയെന്നും അദ്ദേഹം കുറിച്ചു. മണിപ്പുരിന് 29.20 കോടി, മേഘാലയയ്ക്ക് 30.40 കോടി, മിസോറമിന് 22.80 കോടി എന്നിങ്ങനെയാണ് അനുവദിച്ച തുക.

Content Highlights: Central government allocates ₹153.2 crore to Wayanad