പഞ്ചഗുസ്തിയിൽ വയനാടൻ പെൺകരുത്ത്, ദേശീയ വനിതാ ടീമിൽ ജില്ലയിൽനിന്ന് 7 പേർ, ലക്ഷ്യം ലോകചാമ്പ്യൻഷിപ്പ്

പുല്പള്ളി: കൈക്കരുത്തിന്റെ ഗോദയിൽ മത്സരിക്കാൻ, ദേശീയ ടീമിലേക്ക് വയനാട്ടിൽ നിന്നുള്ള ഏഴ് പെൺതാരങ്ങൾ. ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി മെഡലുകൾ വാരിക്കൂട്ടി, വയനാട്ടിൽ നിന്നുള്ള പെൺതാരങ്ങൾ ദേശീയ ടീമിലേക്ക് ഇടംപിടിച്ചതോടെ പഞ്ചഗുസ്തിയിൽ പുതിയ അധ്യായം എഴുതുകയാണ് വയനാട്. മേയ് 29 മുതൽ ജൂൺ രണ്ടുവരെ ഗുജറാത്തിലെ രാഷ്ട്രീയ രക്ഷാ യൂണിവേഴ്സിറ്റിയിലാണ് ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് നടന്നത്. കുറച്ചുവർഷങ്ങളായി വയനാട്ടിൽനിന്നുള്ള പുരുഷതാരങ്ങൾ ദേശീയ ടീമിൽ ഇടംപിടിക്കാറുണ്ട്. ഇത്തവണ വയനാടിന്റെ ഏഴ് പെൺകുട്ടികൾ ദേശീയ പഞ്ചഗുസ്തി വനിതാടീമിൽ ഇടംപിടിച്ചത് നാടിന് അഭിമാനമായി. അനന്യ ബോബി, എലെയ്ൻ ആൻ നവീൻ, ആർ. രാജേശ്വരി, റിതുനന്ദ സുരേഷ്, ശ്രേയ, വി.എസ്. ആര്യ, സുദർശന രാജൻ എന്നിവരാണ് ദേശീയടീമിൽ ഇടംനേടിയത്.
സബ് ജൂനിയർ പെൺകുട്ടികളുടെ 45 കിലോ വിഭാഗത്തിൽ ഒരു വെള്ളിയും വെങ്കലവും നേടിയ അനന്യ ബോബി മുള്ളൻകൊല്ലി പൂവേലി വീട്ടിൽ കെ.എസ്. സിന്ധുവിന്റെ മകളും മുള്ളൻകൊല്ലി സെയ്ന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയുമാണ്.
സബ് ജൂനിയർ പെൺകുട്ടികളുടെ 55 കിലോ വിഭാഗത്തിൽ ഇടത്-വലത് കൈകളിലായി ഇരട്ട സ്വർണനേട്ടം കരസ്ഥമാക്കിയ പുല്പള്ളി സ്വദേശി എലെയ്ൻ ആൻ നവീൻ മുൻ ഏഷ്യൻ ചാമ്പ്യനാണ്. മുള്ളൻകൊല്ലി സെയ്ന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയായ എലെയ്ൻ കാട്ടിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനായ നവീൻ പോളിന്റെയും പയ്യമ്പള്ളി സെയ്ന്റ് കാതറൈൻസ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക ഷെറിൽ തോമസിന്റെയും മകളാണ്. സബ് ജൂനിയർ പെൺകുട്ടികളുടെ 60 കിലോ ഇടതുകൈ വിഭാഗത്തിൽ വെങ്കലമെഡൽ നേടിയ ആർ. രാജേശ്വരി വൈത്തിരി ചാരിറ്റിയിൽ സെൽവി വീട്ടിൽ എസ്. രാജയുടെയും മുരുഗേശ്വരിയുടെയും മകളാണ്.
ജൂനിയർ പെൺകുട്ടികളുടെ 45 കിലോ വിഭാഗത്തിൽ ഇടത്-വലത് കൈകളിലായി ഇരട്ടസ്വർണം നേടിയ റിതുനന്ദ സുരേഷ് പുല്പള്ളി അമരക്കുനി ചെമ്മാംപുള്ളിയിൽ സി.എസ്. സുരേഷിന്റെയും മിനിയുടെയും മകളാണ്. ജൂനിയർ പെൺകുട്ടികളുടെ 60 കിലോ വിഭാഗത്തിൽ ഇടത്-വലത് കൈകളിലായി ഇരട്ട സ്വർണം കരസ്ഥമാക്കിയ ശ്രേയ, പുല്പള്ളി ചെറ്റപ്പാലം കല്ലായിൽ വി. സതീശിന്റെയും എസ്. വനിതയുടെയും മകളാണ്. യൂത്ത് വിഭാഗം പെൺകുട്ടികളുടെ 65 കിലോ ഇടതുകൈ വിഭാഗത്തിൽ സ്വർണം കരസ്ഥമാക്കിയ വി.എസ്. ആര്യ വൈത്തിരി വടക്കേത്തറ കെ. സുരേശന്റെയും കെ.ബി. ചന്ദ്രികയുടെയും മകളാണ്. കല്പറ്റ എൻ.എം.എസ്.എം. ഗവ. കോളേജിലെ ബി.കോം. വിദ്യാർഥിനിയായ ആര്യ ദേശീയ യൂണിവേഴ്സിറ്റി ഗെയിംസ് ചാമ്പ്യൻകൂടിയാണ്. യൂത്ത് വിഭാഗം പെൺകുട്ടികളുടെ 70 കിലോ ഇടതുകൈ വിഭാഗത്തിൽ വെങ്കലം നേടിയ സുദർശന രാജൻ, മുള്ളൻകൊല്ലി പുഷ്പകത്ത് രാജന്റെയും പുഷ്പകുമാരിയുടെയും മകളാണ്. ബത്തേരി സെയ്ന്റ് മേരീസ് കോളേജിലെ ബിരുദ വിദ്യാർഥിനിയായ സുദർശന ദേശീയ യൂണിവേഴ്സിറ്റി ഗെയിംസ് ചാമ്പ്യനുമാണ്.
ഒക്ടോബർ 26 മുതൽ നവംബർ ഏഴുവരെ ഡൽഹിയിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ താരങ്ങൾ. പുല്പള്ളി ഫിറ്റ്‌വെൽ ജിംനേഷ്യം, വൈത്തിരി ചലഞ്ച് അക്കാദമി എന്നിവിടങ്ങളിലായി ദേശീയ താരം നവീൻ പോൾ, ഗ്രിഗറി വൈത്തിരി, കെ.ആർ. രഞ്ജിത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശീലനം.
Content Highlights: Seven female athletes from Wayanad qualified for the national arm wrestling team., Athletes secured multiple medals at the National Arm Wrestling Championship in Gujarat